ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 10 മത്സരത്തില്‍ നിന്ന് ഏഴ് മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. നാല് മത്സരം മാത്രം ശേഷിക്കെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത വളരെ വിരളമാണെന്ന് തന്നെ പറയാം. ഇത്തവണത്തെ മെഗാ ലേലം മുതല്‍ രാജസ്ഥാന് പിഴച്ചു. തൊട്ടതെല്ലാം ടീമിന് പിഴച്ചു. മെഗാ ലേലത്തില്‍ ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കി. ഇവരെല്ലാം ഇപ്പോള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്.
സഞ്ജു സാംസണിന്റെ അഭാവമാണ് ഇത്തവണ രാജസ്ഥാനെ വളരെയധികം ബാധിച്ചത്. ആദ്യ മൂന്ന് മത്സരത്തില്‍ രാജസ്ഥാനായി സഞ്ജു കളിച്ചെങ്കിലും നായകസ്ഥാനത്ത് റിയാന്‍ പരാഗായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വീണ്ടും പരിക്കേറ്റതോടെ സഞ്ജു ഇപ്പോള്‍ പ്ലേയിങ് 11 പുറത്താണ്. രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചെങ്കിലും ആരാധകര്‍ക്കായി ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കേണ്ടിയിരിക്കുന്നു. ഇതിനായി സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ന് മുംബൈക്കെതിരേയാണ് രാജസ്ഥാന്‍ മത്സരം.
കരുത്തരായ മുംബൈയെ നേരിടുമ്പോള്‍ സഞ്ജു പ്ലേയിങ് 11 ഉണ്ടാവേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് അത്യാവശ്യമാണ്. സഞ്ജു പരിശീലനം നടത്തുന്നുണ്ടെങ്കിലും രാജസ്ഥാന്‍ നായകനെ കളിപ്പിക്കുന്നില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന് തോന്നിക്കുന്ന തരത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനം നടത്തിയിട്ടും എന്തുകൊണ്ടാണ് സഞ്ജുവിനെ കളിപ്പിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സഞ്ജു മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നതാണോ?
സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി ബാധിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചെങ്കിലും രാജസ്ഥാന്‍ ടീം തുടര്‍ ജയം നേടുമെന്ന് പറയാനാവില്ല. വൈഭവ് സൂര്യവന്‍ഷിയുടെ അപ്രതീക്ഷിത പ്രകടനമാണ് രാജസ്ഥാന് ഗുജറാത്തിനെതിരേ കരുത്തായത്. സഞ്ജു സാംസണെപ്പോലൊരു താരത്തിന്റെ അഭാവം ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രാജസ്ഥാനെ ബാധിക്കുന്നുണ്ട്.

സഞ്ജു സാംസണ്‍ പാഡണിഞ്ഞ് പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ മുംബൈക്കെതിരേയും സഞ്ജു കളിക്കില്ലെന്നാണ് പരിശീലകനായ ദ്രാവിഡ് പറയുന്നത്. രാജസ്ഥാന്‍ ടീം വൃത്തങ്ങളും സഞ്ജു ഉടന്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പരിശീലനം നടത്താന്‍ സാധിക്കുന്ന സഞ്ജുവിനെ ഇംപാക്ട് പ്ലയറായിട്ടെങ്കിലും കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അന്ന് ടീം മാനേജ്‌മെന്റ് തന്നെ പറഞ്ഞത്. വെറും നാല് മത്സരം മാത്രം ശേഷിക്കെ സഞ്ജുവിനെ കളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ശക്തമാണ്.
രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ദ്രാവിഡ് സഞ്ജുവിനെ ഒതുക്കാന്‍ നോക്കുകയാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഈ സീസണോടെ സഞ്ജു രാജസ്ഥാന്‍ വിടുമെന്ന സൂചനയും ഉയരവെ നിലവില്‍ സഞ്ജുവിനെ തഴയുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സഞ്ജുവിന്റെ വെടിക്കെട്ട് ഇനി രാജസ്ഥാനില്‍ കാണില്ലേ?
സഞ്ജു സാംസണെ കളിപ്പിച്ച് പരിക്ക് ഗുരുതരമാക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് പരിശീലകനായ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതില്‍ നിന്ന് ഈ സീസണില്‍ സഞ്ജുവിന്റെ പ്രകടനം രാജസ്ഥാനൊപ്പം കാണാനാവില്ലെന്ന സൂചനയാണ് ഉയരുന്നത്. സഞ്ജുവിനെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ കളിപ്പിച്ചാലും പരിക്ക് ഗുരുതരമാവാന്‍ സാധ്യതയില്ല. കാരണം ഐപിഎല്ലിന് ശേഷം ആവശ്യത്തിന് വിശ്രമം സഞ്ജുവിന് ലഭിക്കും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ സഞ്ജു ഉണ്ടാകില്ല. ബംഗ്ലാദേശ് ടി20 പരമ്പരക്ക് മുമ്പ് ആവശ്യത്തിന് സമയം മുന്നിലുള്ളതിനാല്‍ സഞ്ജുവിനെ ശേഷിക്കുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ കളിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തന്നെ പറയാം.