മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. ആദ്യ രണ്ട് കളിയും തോറ്റ രാജസ്ഥാന്‍ ഇപ്പോഴിതാ അവസാന രണ്ട് മത്സരവും ജയിച്ച് രാജകീയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍പ്പിച്ചത്. പഞ്ചാബിന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ആദ്യ രണ്ട് മത്സരവും ജയിച്ച് ഹാട്രിക്ക് വിജയ പ്രതീക്ഷയില്‍ എത്തിയ ശ്രേയസ് അയ്യരേയും സംഘത്തേയും അവരുടെ മടയില്‍ നാണംകെടുത്തുന്ന പ്രകടനമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ നടത്തിയ നീക്കങ്ങളെല്ലാം ഗംഭീരമായെന്ന് തന്നെ പറയാം. പഞ്ചാബിനെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. രാജസ്ഥാനെ ജയിപ്പിച്ചതോടെ നായകനെന്ന നിലയില്‍ വമ്പനൊരു നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.
രാജസ്ഥാനെ കൂടുതല്‍ ജയിപ്പിച്ച നായകന്‍
രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ ജയം നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡിലാണ് സഞ്ജു സാംസണ്‍ തലപ്പത്തേക്കെത്തിയത്. 62 മത്സരത്തില്‍ നിന്ന് 32 ജയങ്ങളാണ് സഞ്ജു രാജസ്ഥാന് നേടിക്കൊടുത്തത്. അപ്രതീക്ഷിതമായാണ് മലയാളി താരമായ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷക്കപ്പുറമുള്ള തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇന്ന് സൂപ്പര്‍ നായകന്മാരുടെ നിലവാരത്തിലേക്ക് ഉയരാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്ന് പറയാം.
പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്കെത്തിച്ച ഇതിഹാസ നായകനായ ഷെയ്ന്‍ വോണിന്റെ റെക്കോഡിനെയാണ് സഞ്ജു മറികടന്നത്. 55 മത്സരത്തില്‍ നിന്ന് 31 ജയമാണ് ഷെയ്ന്‍ വോണ്‍ രാജസ്ഥാന് നേടിക്കൊടുത്തത്. നിലവിലെ രാജസ്ഥാന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ടീമിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 34 മത്സരത്തില്‍ നിന്ന് 18 ജയമാണ് ദ്രാവിഡ് രാജസ്ഥാന് നേടിക്കൊടുത്തത്. സ്റ്റീവ് സ്മിത്ത് 27 മത്സരത്തില്‍ നയിച്ച് 15 ജയം നേടിക്കൊടുത്തപ്പോള്‍ അജിന്‍ക്യ രഹാനെ 24 മത്സരത്തില്‍ നിന്ന് 9 ജയമാണ് ടീമിന് സമ്മാനിച്ചത്.

സഞ്ജു രാജസ്ഥാന്റെ സൂപ്പര്‍ ഹീറോ
സഞ്ജു സാംസണെ രാജസ്ഥാന്‍ നായകസ്ഥാനത്തേക്കെത്തിച്ചതോടെ ടീമിന്റെ നിലവാരം തന്നെ മാറിയെന്ന് പറയാം. ഇപ്പോള്‍ രാജസ്ഥാന് ലഭിക്കുന്ന ആരാധക പിന്തുണയുടെ പ്രധാന കാരണം സഞ്ജുവാണ്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിക്ക് വലിയ സ്വീകാര്യത ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത് രാജസ്ഥാന് ഗുണം ചെയ്യുന്നു. രാജസ്ഥാന്‍ ക്യാംപിനെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് സാധിക്കുന്നു.
സഞ്ജുവിന് കീഴില്‍ കളിക്കാന്‍ യുവതാരങ്ങളെല്ലാം താല്‍പര്യപ്പെടുന്നു. സഹതാരങ്ങളെ ചേര്‍ത്തുപിടിക്കുന്ന ക്യാപ്റ്റന്മാരിലൊരാളാണ് സഞ്ജു. ഇതിന്റെ ഫലം രാജസ്ഥാന്റെ പ്രകടനത്തിലും കാണാന്‍ സാധിക്കുന്നുണ്ട്. പഞ്ചാബിനെതിരായ രാജസ്ഥാന്റെ ജയം സഞ്ജുവിന്റെ മികവിന്റെ മറ്റൊരു അടയാളമാണ്. മുല്ലാന്‍പുറില്‍ 200 റണ്‍സ് ഒരു ടീം നേടുന്നത് ഇതാദ്യമായാണ്. മോശം ഫോമിലുള്ള സഹതാരങ്ങളെപ്പോലും ഫോമിലേക്കെത്തിച്ച് മാച്ച് വിന്നര്‍മാരാക്കാന്‍ സഞ്ജുവിന് സാധിക്കുന്നു.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രാജസ്ഥാന്‍
ഇത്തവണത്തെ സഞ്ജു സാംസണിന്റെ ടീം കരുത്തിനെതിരേ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. പഞ്ചാബിനെ തോല്‍പ്പിച്ചതോടെ സഞ്ജു സാംസണിന് കീഴില്‍ വിജയത്തുടര്‍ച്ചയാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ഇത്തവണ പ്ലേ ഓഫിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കുമെന്ന പ്രതീക്ഷ സജീവമാക്കുന്ന ജയമാണ് പഞ്ചാബിനെതിരേ നേടിയിരിക്കുന്നത്. സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ രണ്ടാം കിരീടം അലമാരയിലെത്തിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.