ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ അടുത്ത പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ശനിയാഴ്ച രാത്രി 7.30ന് പഞ്ചാബിന്റെ തട്ടകമായ ചണ്ഡീഗഡിലെ മഹാരാജ യദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം.
റോയല്‍സിനു വേണ്ടി ഇനിയുള്ള മല്‍സരങ്ങളില്‍ വിക്കറ്റ് കാക്കാമെന്നു കഴിഞ്ഞ ദിവസമാണ് ശ്രേയസിനു ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചത്. ഇതോടെ വിക്കറ്റ് കീപ്പിങിനൊപ്പം നായകസ്ഥാനവും അദ്ദേഹം തിരിച്ചുവാങ്ങിയിരിക്കുകയാണ്. ആദ്യ മൂന്നു മല്‍സരങ്ങളിലും റിയാന്‍ പരാഗായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍. സഞ്ജു ഇവയില്‍ ഇംപാക്ട് സബായി ഇറങ്ങി ഓപ്പണില്‍ കളിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്തേത്തുള്ള മടങ്ങിവരവ് പഞ്ചാബിനെതിരേ ഗംഭീര ഇന്നിങ്‌സോടെ തന്നെ ആഘോഷിക്കാനായിരിക്കും സഞ്ജുവിന്റെ പ്ലാന്‍. ഒപ്പം ശ്രേയസ് അയ്യര്‍ക്കു കീഴില്‍ അപ്‌രാജിത കുതിപ്പ് നടത്തുന്ന പഞ്ചാബിനെ പിടിച്ചുകെട്ടുകയെന്ന ദൗത്യം കൂടി നായകനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. മികച്ചൊരു ഇന്നിങ്‌സ് തന്നെ ഈ കളിയില്‍ സഞ്ജു കുറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

കിടിലന്‍ റെക്കോര്‍ഡ്
ഐപിഎല്ലില്‍ സഞ്ജു സാംസണിനു ബാറ്റ് ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള എതിരാളികളൊന്നാണ് പഞ്ചാബ് കിങ്‌സ്. അവര്‍ക്കെതിരേ കിടിലന്‍ റെക്കോര്‍ഡാണ് ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനുള്ളത്. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും സഞ്ജു ഈ മല്‍സരത്തില്‍ ഇറങ്ങുക.
പഞ്ചാബിനെതിരേ ഇതുവരെ 22 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ 37.9 ശരാശരിയില്‍ 720 റണ്‍സും സ്‌കോര്‍ ചെയ്തു. 143.4 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു. 2021ലെ ഐപിഎല്ലിലായിരുന്നു 119 റണ്‍സുമായി പഞ്ചാബിനെ സഞ്ജു അടിച്ചൊതുക്കിയത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ കളിയില്‍ റോയല്‍സ് നാലു റണ്‍സിനു പൊരുതി വീഴുകയായിരുന്നു. സഞ്ജുവിന്റെ വണ്‍മാന്‍ ഷോയ്ക്കും അന്നു ടീമിനെ രക്ഷിക്കാനായില്ല. 222 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് നല്‍കിയത്.
പക്ഷെ ഏഴു വിക്കറ്റിനു 217 റണ്‍സിനു റോയല്‍സ് പോരാട്ടമവസാനിച്ചു. 63 ബോളില്‍ 12 ഫോറും ഏഴു സിക്‌സറുമടക്കമാണ് സഞ്ജു 119 റണ്‍സ് വാരിക്കൂട്ടിയത്. കളി തോറ്റെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അന്നു അദ്ദേഹത്തെ തേടിയെത്തി.

ഈ സീസണിലെ പ്രകടനം
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ കാണപ്പെടുന്നത്. മൂന്നാം നമ്പര്‍ വിട്ട് അദ്ദേഹം ഇത്തവണ ഓപ്പണിങിലേക്കു മാറിക്കഴിഞ്ഞു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 154.68 സ്‌ട്രൈക്ക് റേറ്റോടെ 99 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യ മല്‍സരത്തിലാണ് 66 റണ്‍സോടെ അദ്ദേഹം കസറിയത്.
അതേസമയം, റിയാന്‍ പരാഗിനു കീഴില്‍ അത്ര മികച്ച പ്രകടനമല്ല ആദ്യത്തെ മൂന്നു കളിയിലും റോയല്‍സ് കാഴ്ചവച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന മല്‍സരം ജയിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പല പിഴവുകളും അദ്ദേഹത്തിനും സംഭവിച്ചിരുന്നു. എന്നാല്‍ ഇനി സഞ്ജു തിരിച്ചെത്തുന്നതോടെ റോയല്‍സിന്റെ ശക്തമായ മടങ്ങിവരവും ഐപിഎല്ലില്‍ കാണാന്‍ സാധിച്ചേക്കും.