മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ ആശ്വാസമാകുന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ് തിരിച്ചെത്താന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കൈവിരലിന് പൊട്ടലേറ്റതിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരത്തിലും വിക്കറ്റ് കീപ്പറാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചിരുന്നു. മൂന്ന് മത്സരത്തില്‍ ഒരു ജയം മാത്രമാണ് പരാഗിന് നേടിക്കൊടുക്കാനായത്.
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നു. ഇപ്പോഴിതാ സഞ്ജുവിന് നായകസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയതോടെ സഞ്ജുവിന് വിക്കറ്റ് കീപ്പറാവാന്‍ അനുമതി കിട്ടുകയായിരുന്നു. ഇതോടെ നായകസ്ഥാനത്തേക്കും സഞ്ജു മടങ്ങിയെത്തുമെന്നുറപ്പാണ്. പഞ്ചാബ് കിങ്‌സിനെതിരായ അടുത്ത മത്സരത്തില്‍ രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജു ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
രാജസ്ഥാന് ആത്മവിശ്വാസം ഉയരും
സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തുന്നത് രാജസ്ഥാന് ഗുണം ചെയ്യുമെന്നുറപ്പാണ്. ആദ്യ മത്സരങ്ങളില്‍ റിയാന്‍ പരാഗ് നായകനായപ്പോള്‍ പല തിരിച്ചടികളും ടീം നേരിട്ടു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നത് ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജസ്ഥാന്റെ കരുത്തായി സഞ്ജു മാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് രണ്ട് മത്സരത്തിലും ഫ്‌ളോപ്പായി.
അതുകൊണ്ടുതന്നെ നായകനായി എത്തുമ്പോള്‍ സഞ്ജുവിന് ബാറ്റുകൊണ്ട് കൂടുതല്‍ സ്ഥിരത കാട്ടേണ്ടതായുണ്ട്. ടീമിലെ പ്രധാന താരങ്ങളുടെ കരുത്തും ദൗര്‍ബല്യവും സഞ്ജുവിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇവരെ നന്നായി ഉപയോഗിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത്തവണ ശരാശരി ടീമാണ് രാജസ്ഥാന്‍. ഇവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് സഞ്ജുവിന് മുന്നിലുള്ള വലിയ വെല്ലുവിളി.

സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല
നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ടീമിന്റെ പ്രധാന പ്രതീക്ഷകളിലൊന്നായ യശ്വസി ജയ്‌സ്വാള്‍ മികച്ച ഫോമിലല്ല കളിക്കുന്നത്. ജയ്‌സ്വാള്‍ മൂന്ന് മത്സരത്തിലും ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവും. ജയ്‌സ്വാളിന്റെ മോശം ഫോമിനെ മറികടക്കുന്നതും ജോസ് ബട്‌ലറുടെ അഭാവം നികത്തുന്നതുമായ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
നിതീഷ് റാണ മൂന്നാം നമ്പറിലേക്ക് മാറിയത് ടീമിന് ഗുണകരമായി മാറിയിട്ടുണ്ട്. റിയാന്‍ പരാഗിനെ അഞ്ചാം നമ്പറിലേക്ക് മാറ്റി ദ്രുവ് ജുറേലിനെ നാലാം നമ്പറിലേക്ക് കൊണ്ടുവരാന്‍ സഞ്ജു തയ്യാറായേക്കും. സഞ്ജു നായകനാവുന്നത് ടീമിനാകെ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുമെന്നുറപ്പ്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പദ്ധതികളെ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ അനുഭവസമ്പന്നനായ നായകനെന്ന നിലയില്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ വിലയിരുത്താം.
രാജസ്ഥാന് തുടര്‍ ജയങ്ങള്‍ വേണം
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകമാണ്. പ്രതീക്ഷിച്ച തുടക്കം ലഭിക്കാത്തതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ ടീമിന് നേടിക്കൊടുക്കേണ്ടതായുണ്ട്. സഞ്ജുവിന് ഇത് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫിറ്റ്‌നസ് മെച്ചപ്പെട്ടത് സഞ്ജുവിന് ഗുണകരമാവും. ഇത് താരത്തിന്റെ ബാറ്റിങ്ങിലും കാര്യമായി പ്രതിഫലിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
രാജസ്ഥാന്റെ പേസ് നിര അവസാന മത്സരത്തില്‍ മികവിലേക്കെത്തിയത് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നു. പ്രധാന പേസറായ ജോഫ്രാ ആര്‍ച്ചര്‍ ഇപ്പോള്‍ താളം കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന്റെ ബൗളിങ് നിര കൂടുതല്‍ ശക്തമാവും. സ്പിന്നര്‍മാരായി മഹേഷ് തീക്ഷണയും വനിന്‍ഡു ഹസരങ്കയുമുണ്ട്. ഇവരെയെല്ലാം നന്നായി ഉപയോഗിച്ച് കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.