മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകളും തുല്യ ശക്തികളെപ്പോലെ പൊരുതുമ്പോള്‍ ഇത്തവണ ആര് കപ്പിലേക്കെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് പറയാം. ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയും ഐപിഎല്ലില്‍ സജീവമായുണ്ട്. മിക്ക താരങ്ങളും മികച്ച ഫോമിലുമാണുള്ളത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും നായകസ്ഥാനങ്ങളിലുമുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍. സിഎസ്‌കെയെ റുതുരാജ് ഗെയ്ക് വാദാണ് നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഇത്തവണയുമുള്ളത്. ഇപ്പോഴിതാ ടി20 ഇതിഹാസ ക്രിസ് ഗെയ്ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റേറ്റിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ടി20യില്‍ വലിയ ഭാവിയുള്ളവരാണെന്ന് പറഞ്ഞ ഗെയ്ല്‍ എല്ലാവര്‍ക്കും റേറ്റിങ് നല്‍കിയത് വൈറലായിരിക്കുകയാണ്.
സഞ്ജുവിന് 10ല്‍ 9
ഇന്ത്യയുടെ ടി20 ടീമിന്റെ നിലവിലെ ഓപ്പണറാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് മികച്ച റെക്കോഡാണ് ടി20യിലുള്ളത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജുവിന് 10ല്‍ 9 റേറ്റിങ്ങാണ് ഗെയ്ല്‍ നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായി ടീമിനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കിരീടത്തിലേക്ക് എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു.
പിന്നീടുള്ള രണ്ട് മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തി. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിനായിട്ടില്ല. രാജസ്ഥാനിലെ സഞ്ജുവിന്റെ സഹതാരമായ യശ്വസി ജയ്‌സ്വാളിനെ ഗെയ്ല്‍ വളരെയധികം പ്രശംസിക്കുന്നുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന ജയ്‌സ്വാളിന് 10ല്‍ 9 പോയിന്റാണ് ഗെയ്ല്‍ നല്‍കിയത്. കടന്നാക്രമിച്ച് കളിക്കുന്ന ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. അടുത്ത ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന് വരാന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാളെന്ന് പറയാം.

ഹാര്‍ദിക്കിന് 10ല്‍ 7
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് 10ല്‍ 7 റേറ്റിങ്ങാണ് ഗെയ്ല്‍ നല്‍കിയത്. അടിച്ചു തകര്‍ത്ത് കളിക്കുന്ന ഹാര്‍ദിക് പന്തുകൊണ്ടും മാച്ച് വിന്നറായ താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാണ് അദ്ദേഹം. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ മുംബൈയുടെ നായകനായുള്ള തിരിച്ചുവരവില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല.
ഇത്തവണ മുംബൈയെ കപ്പിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയാല്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. അഭിഷേക് ശര്‍മയാണ് ഗെയ്‌ലിന്റെ ശ്രദ്ധ നേടിയ മറ്റൊരു താരം. ഇന്ത്യക്കായി ടി20 ഓപ്പണറായി മിന്നുന്ന അഭിഷേക് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. 10ല്‍ എട്ട് റേറ്റിങ്ങാണ് അഭിഷേകിന് ഗെയ്ല്‍ നല്‍കിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ അഭിഷേകിന് കഴിവുണ്ട്. ഇന്ത്യന്‍ ടീമില്‍ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവരിലൊരാളാണ് അഭിഷേക്.
സൂര്യകുമാറിന് 10ല്‍ 9
ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് ആധുനിക ടി20 ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത പ്രതിഭയാണ്. കടന്നാക്രമിച്ച് കളിക്കുന്ന സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ളവനാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ സൂര്യ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ്. റിഷഭ് പന്ത് ഇന്ത്യയുടെ യുവ സൂപ്പര്‍ താരങ്ങളിലൊരാളാണ്. 10ല്‍ എട്ട് റേറ്റിങ്ങാണ് റിഷഭിന് നല്‍കിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍ക്ക് എട്ട് റേറ്റിങ് നല്‍കിയ ഗെയ്ല്‍ കെ എല്‍ രാഹുലിനും എട്ട് റേറ്റിങ് നല്‍കി. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള താരമാണ് രാഹുല്‍.