For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍ആറില്‍ എന്തുകൊണ്ട് മറ്റൊരു കേരള താരമില്ല, മനപ്പൂര്‍വ്വം തഴയുന്നതോ? സഞ്ജു പറയുന്നു

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ഏക മലയാളി താരവും സഞ്ജു സാംസണാണ്. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ്. അടുത്ത സീസണിലും രാജസ്ഥാന്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിലനിര്‍ത്താന്‍ സാധ്യതകളുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടാനായിട്ടില്ലെങ്കിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍.

എന്നാല്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നിട്ടും കേരള താരങ്ങളെ കൂടുതല്‍ ഐപിഎല്ലിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്. ഇത് പല തവണ സഞ്ജുവിനോട് തന്നെ പലരും ചോദിച്ചിട്ടുള്ളതാണ്. ഈ ചോദ്യത്തോട് ഒരിക്കല്‍ സഞ്ജു സാംസണ്‍ തന്നെ പ്രതികരിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു സാംസണ്‍ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.

'നീ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിട്ട് കേരളത്തില്‍ നിന്ന് ആരെയെങ്കിലും എടുത്തോടാ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ടീമിലേക്കെത്താന്‍ അതിന്റേതായ രീതിയിലുണ്ട്. എല്ലാ വര്‍ഷവും കേരളത്തിലെ നിരവധി താരങ്ങളെ ഞാന്‍ ട്രയല്‍സിന് കൊണ്ടുപോകാറുണ്ട്. അതില്‍ മികവ് കാട്ടിയിട്ടുള്ള താരങ്ങളെ എടുത്തിട്ടുമുണ്ട് എടുക്കാതിരുന്നിട്ടുമുണ്ട്. ക്യാപ്റ്റനായിരിക്കുമ്പോള്‍ എന്റെ ചേട്ടനേയും കൂട്ടുകാരനേയും കൊണ്ടുപോയി കളിപ്പിക്കുക എന്നല്ലല്ലോ കഴിവുള്ള താരങ്ങളെ കളിപ്പിക്കുകയെന്നല്ലേ.

അവസരം കിട്ടുമ്പോള്‍ മികവ് കാട്ടുന്നവര്‍ക്ക് തീര്‍ച്ചയായും അവസരമുണ്ടാവും' എന്നാണ് സഞ്ജു അഭിമുഖത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കാനുള്ള നിലവാരം കാട്ടുന്ന താരങ്ങള്‍ കുറവാണെന്ന് പറയാം. അതിനുള്ള അവസരം കേരളത്തിലെ താരങ്ങള്‍ക്ക് അധികം ലഭിക്കുന്നില്ല. മുഷ്താഖ് അലി ട്രോഫി പോലുള്ള ചെറിയ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കേരള താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ട് ഐപിഎല്ലില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ പലപ്പോഴും സാധിക്കാറില്ല.

sanju samson ipl 2025

കേരള ക്രിക്കറ്റ് ലീഗിന്റെ വരവ് കേരളത്തിലെ യുവതാരങ്ങള്‍ക്ക് ഐപിഎല്‍ ഉള്‍പ്പെടെയുള്ള വലിയ ടൂര്‍ണമെന്റുകളിലേക്കെത്താനുള്ള അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ജു സാംസണ്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് അവസരമൊരുക്കി നല്‍കുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും മികവ് കാട്ടി സെലക്ഷന്‍ നേടിയെടുക്കാന്‍ സാധിക്കുന്നില്ല. സഞ്ജു സാംസണിനെ രാജസ്ഥാനിലേക്കെത്തിച്ചത് ശ്രീശാന്താണ്.

മുന്‍ ഇന്ത്യന്‍ പേസറായിരുന്ന ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്നു. ആ സമയത്തെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനോട് സഞ്ജുവിനെക്കുറിച്ച് ശ്രീശാന്ത് പറയുകയും ദ്രാവിഡ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ലഭിച്ച അവസരം മുതലാക്കിയ സഞ്ജുവിന് സെലക്ഷന്‍ ലഭിക്കുകയും ഇന്നത്തെ നിലവാരത്തിലേക്ക് താരം വളരുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കടക്കമെത്താന്‍ സഞ്ജുവിനായി.

സഞ്ജു ഇതേ പിന്തുണ കേരളത്തിലെ മറ്റ് യുവതാരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് മുതലാക്കി വളര്‍ന്നുവരാന്‍ പല താരങ്ങള്‍ക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. രാജസ്ഥാന്‍ നായകനെന്ന നിലയില്‍ ടീമിന്റെ കരുത്തുയര്‍ന്ന് നില്‍ക്കേണ്ടത് സഞ്ജുവിന്റെ ആവശ്യകതയാണ്. ടീം തിരഞ്ഞെടുപ്പില്‍ ഇഷ്ടക്കാരെ തിരികി കയറ്റിയാല്‍ കളത്തില്‍ സഞ്ജു കൂടുതല്‍ പ്രയാസപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ സഞ്ജു അവസരം നല്‍കുന്നില്ലെന്ന് വിമര്‍ശിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം.

അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഉണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. എംഎസ് ധോണി കളിക്കുന്ന അഞ്ച് തവണ ചാമ്പ്യന്മാരായ സ്എസ്‌കെയിലേക്ക് സഞ്ജു പോയാല്‍ കരിയറില്‍ അത് വലിയ നേട്ടമുണ്ടാക്കിത്തരുമെന്നുറപ്പാണ്. എന്നാല്‍ വളര്‍ന്നുവന്ന ടീം വിടാന്‍ സഞ്ജു തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, September 4, 2024, 6:00 [IST]
Other articles published on Sep 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+