പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു ഈ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് പകുതിയോടു അടുക്കവെ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് സഞ്ജു സാംസണും സംഘവും. ആറു മല്‍സരങ്ങൡ കളിച്ചു കഴിഞ്ഞ റോയല്‍സിനു രണ്ടെണ്ണ മാത്രമേ വിജയിക്കാനായുള്ളൂ. ശേഷിച്ച നാലിലും അവര്‍ക്കു പരാജയം നേരിട്ടു.
ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു യോഗ്യത നേടണമെങ്കില്‍ റോയല്‍സിനു ഇനിയുള്ള എട്ടു മല്‍സരങ്ങളും ഏറെ നിര്‍ണായകമാണ്. ഇതില്‍ ആറെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ. റോയല്‍സ് നായകനായ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ സീസണ്‍ കൂടിയാണിത്. ഇത്തവണ ടീം പ്ലേഓഫിലെത്തിയില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും ബാധിക്കാനിടയുണ്ട്.

സഞ്ജുവിനു ഇനിയൊരു ചാന്‍സില്ല?
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണിനു ഇനിയൊരു ചാന്‍സ്
ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ സീസണ്‍ കൂടിയാണിത്. ആറാമതും റോയല്‍സിനെ നയിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചേക്കില്ല.
2021ലെ ഐപിഎല്ലിനു തൊട്ടുമുമ്പാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനു പകരം റോയല്‍സ് ക്യാപ്റ്റനായി അദ്ദേഹം നിയമിക്കപ്പെടുന്നത്. റോയല്‍സിന്റെ ഈ തീരുമാനം അന്നു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. കൂടുതല്‍ അനുഭവസമ്പത്തുള്ള ക്യാപ്റ്റന്‍മാരെ ഈ റോളിലേക്കു ലഭിക്കുമെന്നിരിക്കെ സഞ്ജുവിനു നറുക്കുവീഴുമെന്നു കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചതല്ല.
നായകനായ ശേഷമുള്ള ആദ്യ മല്‍സരം തന്നെ തീപ്പൊരി സെഞ്ച്വറിയുമായാണ് മലയാളി താരം ആഘോഷിച്ചത്. പഞ്ചാബ്കിങ്‌സിനെതിരേയായിരുന്നു ഇത്. പക്ഷെ ടീമിനെ കളി ജയിപ്പിക്കാന്‍ സഞ്ജുവിനായില്ല. റോയല്‍സിനെ സംബന്ധിച്ചു ഇതൊരു മോശം സീസണായിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് അ വര്‍ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ റോയല്‍സിനു ജയിക്കാനായത് വെറും അഞ്ചു കളികളാണ്.
എന്നാല്‍ 2022ലെ ഐപിഎല്‍ സഞ്ജുവിനെയും റോയല്‍സിനെയും സംബന്ധിച്ച് ഗംഭീരമായിരുന്നു. സീസണിനു മുന്നോടിയായുള്ള മെഗാ ലേലം റോയല്‍സിനെ കൂടുതല്‍ കരുത്തരാക്കി മാറ്റി. ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ ത്രയത്തിന്റെ വരവ് അവരെ കൂടുതല്‍ അപകടകാരികളാക്കി തീര്‍ത്തു.
ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു ഇവരെ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തതോടെ റോയല്‍സ് കുതിച്ചു. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ പിന്നീട് ഫൈനല്‍ വരെയെത്തി എല്ലാവരെയും ഞെട്ടിച്ചു. പക്ഷെ 2023ലെ ഐപിഎല്ലില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ റോയല്‍സിനായില്ല. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്.
മികച്ച താരനിരയുണ്ടായിട്ടും ടീമിനെ ടോപ് ഫോറില്‍ പോലും എത്തിക്കാന്‍ കഴിയാതിരുന്നതു കാരണം സഞ്ജുവിനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചത്. പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ തോറ്റു പുറത്താവുകയായിരുന്നു.
ഈ സീസണില്‍ പുതിയൊരു ക്യാപ്റ്റനെ റോയല്‍സ് കൊണ്ടു വരാനിടയുണ്ടെന്നു സൂചനകളുണ്ടായിരുന്നെങ്കിലും സഞ്ജുവില്‍ തന്നെ ടീം മാനേജ്‌മെന്റ് വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പക്ഷെ അതിനൊത്തുയരാന്‍ ക്യാപ്റ്റന്‍സിയിലോ, ബാറ്റിങിലോ സഞ്ജുവിനു ഇനിയുമായിട്ടില്ല. അതിനാല്‍ അടുത്ത സീസണിലും അദ്ദേഹം നായകസ്ഥാനത്തു തുടരാന്‍ സാധ്യത തീരെ കുറവാണ്.

ടീം മാനേജ്‌മെന്റിന്റെ പിന്തുണ കാരണമാണ് ഇത്രയും സീസണ്‍ സഞ്ജുനിനു നായകസ്ഥാനത്തു തുടരാനായത്. എന്നാല്‍ അടുത്ത വര്‍ഷം വീണ്ടുമൊരു അവസരം നല്‍കി ഇനിയൊരു പരീക്ഷണത്തിനു റോയല്‍സ് മുതിരാനുള്ള സാധ്യത തീരെ കുറവാണ്. ക്യാപ്റ്റനായുള്ള കഴിഞ്ഞ നാലു സീസണെടുത്താല്‍ 2022ല്‍ ടീമിനെ റണ്ണറപ്പാക്കിയതൊഴിച്ചാല്‍ സഞ്ജുവു മറ്റു നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.
ആരാവും അടുത്ത ക്യാപ്റ്റന്‍?
സഞ്ജു സാംസണ്‍ നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയാണെങ്കില്‍ പകരം രാജസ്ഥാന്‍ റോയല്‍സ് നായകനായി വന്നേക്കുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ഈ സീസണിലെ ആദ്യത്തെ മൂന്നു കളിയില്‍ സഞ്ജു നായകസ്ഥാനത്തും മാറി നിന്നപ്പോള്‍ പകരം നറുക്കുവീണത് പരാഗിനായിരുന്നു.
അദ്ദേഹത്തേക്കാള്‍ സീനിയറായ പലരും ടീമിലുണ്ടായിട്ടും ക്യാപ്റ്റന്‍സി ലഭിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. അതു പരാഗിന്റെ അച്ഛന്റെ സഹോദരന്‍ കൂടിയായ രഞ്ജിത് ബര്‍താക്കൂറാണ്. റോയല്‍സ് ടീമിന്റെ എകസിക്യൂട്ടിവ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമാണ് പപരാഗിനു ക്യാപ്റ്റന്‍സി ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണിലൊഴികെ മുന്‍ സീസണുകളിലെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിട്ടും പരാഗിനു തുടരെ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നതിനു പിന്നിലും ബര്‍താക്കൂര്‍ തന്നെ. കൂടാതെ റോയല്‍സിന്റെ ഈ സീസണിലെ ചില ഹോം മല്‍സരങ്ങള്‍ സ്വന്തം നാടായ അസ്സമിലെ ഗുഹാവത്തിയില്‍ നടത്തിയതിനു പിന്നിലും അദ്ദേഹമാണ്. ടീമില്‍ അത്രയേറെ സ്വാധീനമുള്ളതിനാല്‍ തന്നെ സഞ്ജുവിനെ മാറ്റിയാല്‍ സ്ഥിരം ക്യാപ്റ്റനായി പരാഗിനെ കൊണ്ടുവരാന്‍ ബര്‍താക്കൂറിന്റെ ഇടപെടലുണ്ടാവുമെന്നുറപ്പാണ്.