ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ ഇത്തവണ വലിയ പ്രതീക്ഷ നല്‍കിയ ടീമുകളിലൊന്നാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത മികവ് കാട്ടാന്‍ ടീമിന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. മെഗാ ലേലത്തിലെ മണ്ടന്‍ തീരുമാനങ്ങളും പുതിയതായി എത്തിയ താരങ്ങളുടെ മോശം ഫോമുമെല്ലാം രാജസ്ഥാനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്.
ഇത്തവണ രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വന്നതോടെ ടീം കപ്പിലേക്കെത്തുമെന്നാണ് എല്ലാവരും കരുതിയത്. കാരണം ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായത്. എന്നാല്‍ ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ വളരുകയല്ല മറിച്ച് തളരുകയാണ് ചെയ്തത്. നായകന്‍ സഞ്ജു സാംസണും ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ടീമിനെ പിന്നോട്ടടിക്കുകയാണ്.
ഇതിനിടെ സഞ്ജു പരിക്കിന്റെ പിടിയിലായതും രാജസ്ഥാന് തിരിച്ചടിയായി. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമാവാനാണ് സാധ്യത. ഒമ്പത് മത്സരത്തില്‍ ഏഴിലും തോറ്റ രാജസ്ഥാന് ഇനി പ്ലേ ഓഫ് പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. രാജസ്ഥാന്റെ തകര്‍ച്ചക്ക് പിന്നില്‍ പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ഇപ്പോഴിതാ രാജസ്ഥാന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം സഞ്ജുവിന്റെ അഭാവമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പേസര്‍ സന്ദീപ് ശര്‍മ.
സഞ്ജു ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ല
ഈ സീസണിന്റെ തുടക്കം മുതല്‍ സഞ്ജുവിന് കാര്യങ്ങള്‍ ശുഭകരമല്ല. ഇംഗ്ലണ്ട് പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു അവശതയോടെയാണ് ഐപിഎല്ലിനെത്തിയത്. കൈവിരലിന് പൊട്ടലേറ്റ സഞ്ജു ആദ്യ മൂന്ന് മത്സരത്തിലും നായകനായില്ല. റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ഇതില്‍ രണ്ട് മത്സരത്തിലും ടീം തോറ്റു. പിന്നീട് സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ ആത്മവിശ്വാസം വീണ്ടെടുത്തതാണ്. എന്നാല്‍ പരിക്ക് വീണ്ടും ചതിച്ചു.

ഇടുപ്പിന് പരിക്കേറ്റ സഞ്ജുവിന് വിശ്രമത്തില്‍ പോകേണ്ടി വന്നു. ഇനി എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവില്ല. സീസണ്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സഞ്ജുവില്ലാത്തത് രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സഞ്ജുവിന്റെ അഭാവമാണ് തുടര്‍ തോല്‍വികളുടെ പ്രധാന കാരണമെന്നും തുറന്ന് സമ്മതിക്കുകയാണ് ടീമിലെ സീനിയര്‍ പേസറായ സന്ദീപ് ശര്‍മ. 'സഞ്ജു വളരെ അനുഭവസമ്പന്നനായ നായകനും താരവുമാണ്. ടീമില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു.
വളരെ തന്ത്രശാലിയായ സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയപ്പോള്‍ വീണ്ടും പരിക്കേറ്റിരിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം ഞങ്ങളെ പിന്നോട്ടടിക്കുന്നു' എന്നാണ് സന്ദീപ് പറഞ്ഞത്. സഞ്ജുവിന്റെ അഭാവത്തില്‍ യശ്വസി ജയ്‌സ്വാളിനെ ക്യാപ്റ്റനാക്കാതെ റിയാന്‍ പരാഗിനെയാണ് രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത്. മോശം ഫോമിലുള്ള പരാഗ് നായകസ്ഥാനത്തേക്കെത്തിയതോടെ രാജസ്ഥാന്റെ പ്രകടനം വീണ്ടും പിന്നോട്ട് പോയിരിക്കുകയാണ്.
രാജസ്ഥാനില്‍ പ്രശ്‌നങ്ങളേറെ
രാജസ്ഥാന്‍ റോയല്‍സില്‍ ഇത്തവണ പ്രശ്‌നങ്ങളേറെ. മെഗാ ലേലം മുതല്‍ ടീമിന് പിഴച്ചു. രാഹുല്‍ ദ്രാവിഡിന്റെ വാശിയാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. നായകന്‍ സഞ്ജു സാംസണിന്റെ വാക്കുകളെപ്പോലും അവഗണിച്ചാണ് ദ്രാവിഡ് പല തീരുമാനങ്ങളുമെടുത്തത്. ജോസ് ബട്‌ലറെ വിട്ടുകളയരുതെന്ന് സഞ്ജു ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിച്ചില്ല. വലിയ അഴിച്ചുപണി ടീമില്‍ നടത്തി. ട്രന്റ് ബോള്‍ട്ടിനെയടക്കം കൈവിട്ട് കളഞ്ഞു. പകരം വന്ന താരങ്ങള്‍ക്കൊന്നും മികവ് കാട്ടാനാവാതെ പോയി.
സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇനി രാജസ്ഥാനില്‍ സഞ്ജു ഉണ്ടാവുമോയെന്ന കാര്യം പോലും സംശയമാണ്. ദ്രാവിഡും സഞ്ജുവും തമ്മിലുള്ള ബന്ധം മോശമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനിയൊരു മടങ്ങിവരവ് നടത്തുകയും അടുത്ത സീസണില്‍ രാജസ്ഥാനായി സഞ്ജു കളിക്കാനും സാധ്യത കുറവാണെന്ന് തന്നെ പറയാം.