ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ക്ക് ആവേശകരമായ ആറം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ചില വമ്പന്‍ ടീമുകള്‍ക്കു വലിയ തിരിച്ചടികളാണ് ഈ സീസണില്‍ നേരിട്ടു കൊണ്ടിരിക്കുന്നതെങ്കില്‍ പലരും എഴുതിത്തള്ളിയ ചില ടീമുകള്‍ സര്‍പ്രൈസ് കുതിപ്പിലൂടെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
പോയിന്റ് പട്ടികയില്‍ നിലവില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ്. ഇവരില്‍ കെകെആറിനെയൊഴികെ മറ്റൊരു ടീമിനെയും ക്രിക്കറ്റ് പ്രേമികള്‍ ടോപ്പ് ഫോറില്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നുറപ്പാണ്.
ഈ സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കൂ ടൂര്‍മെന്റിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തിയേക്കും. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

ഇവര്‍ ടീം ഇന്ത്യയിലേക്ക്
ഐപിഎ്ല്ലിന്റെ ഈ സീസണില്‍ ഇതുവരെയുള്ള പ്രകനങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രധാനമായും ആറു താരങ്ങള്‍ക്കായിരിക്കും ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തുക. നേരത്തേ ടീമിന്റെ ഭാഗമായിരുന്ന രണ്ടു സൂപ്പര്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലുമാണിത്. രണ്ടു പേരും പുതിയ ഫ്രാഞ്ചൈസികള്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലാണ്. നേരത്തേ ടി20 ടീമിന്റെ ഭാഗമായതിനു ശേഷം ബാറ്റിങിലെ മെല്ലെപ്പോക്ക് കാരണം സ്ഥാനം നഷ്ടമായവരാണ് ഇരുവരും. എന്നാല്‍ തങ്ങളെ എഴുതിത്തള്ളരുതെന്നും അഗ്രസീവായി ബാറ്റ് ചെയ്ത് അതിവേഗം റണ്‍സ് അടിച്ചെടുക്കാനുള്ള ശേഷി ഇപ്പോഴുമുണ്ടെന്നു ഐപിഎല്ലില്‍ ശ്രേയസും രാഹുലും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
പഞ്ചാബിനു വേണ്ടി വണ്‍ഡൗണായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രേയസ് ഇപ്പോള്‍ മാരക ഫോമിലാണ്. പഴയ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് പൂര്‍ണമായി പരിഹരിച്ചു കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ ഈ തരത്തിലുള്ള ബോളുകളെ സിക്‌സറടിച്ചാണ് ആഘോഷിക്കുന്നത്.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ശ്രേയസ് ഇപ്പോള്‍ 11ാം സ്ഥാനത്തുണ്ട്. നാലു കളിയില്‍ നിന്നും 84 ശരാശരിയില്‍ 200 സ്‌ട്രൈക്ക് റേറ്റോടെ 168 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 97 റണ്‍സുമാണ്.
ഡിസിക്കു വേണ്ടി വ്യത്യസ്ത ബാറ്റിങ്് പൊസിഷനുകളില്‍ കളിക്കാനിറങ്ങിയ ശേഷം കസറുകയാണ് രാഹുല്‍. മൂന്നു മല്‍സരങ്ങഴില്‍ ഇതിനകം കളിച്ച അദ്ദേഹം 92.50 ശരാശരിയില്‍ 169.72 സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സെടുത്തിട്ടുണ്ട്. കളിച്ച മൂന്നിങ്‌സുകളില്‍ രണ്ടിലും രാഹുല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
കൈയടി നേടി ഇവരും
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഈ സീസണില്‍ നയിക്കാന്‍ അവസരം ലഭിച്ച ശേഷം ഉജ്ജ്വല ഫോമിലാണ് രജത് പാട്ടിധാര്‍. നേരത്തേ ഇന്ത്യക്കു വേണ്ടി ഏകദിനവും ടെസ്റ്റും കളിച്ചിട്ടുണ്ടെങ്കിലും ടി20യിലേക്കു ഇതു വരെ വിളിയെത്തിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അതും സംഭവിക്കാനിടയുണ്ട്.
ആര്‍സിബിക്കു വേണ്ടി അഞ്ചു മല്‍സരങ്ങളിലാണ് പാട്ടിധാര്‍ ഇതിനകം കളിച്ചിട്ടുള്ളത്. 37.20 ശരാശരിയില്‍ 161.73 സ്‌ട്രൈക്ക് റേറ്റില്‍ 186 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ദേശീയ ടീമിനൊപ്പം നേരത്തേ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ലെങ്കിലും രണ്ടാം വരവില്‍ പാട്ടിധാറിനു ഇതു സാധിച്ചേക്കും.
ഗുജറാത്ത് ടൈറ്റന്‍സിന്റെ റണ്‍മെഷീനായി മാറിയ സായ് സുദര്‍ശനും ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പാണ്. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ രണ്ടാമതുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 54.60 ശരാശിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 151.66 സ്‌ട്രൈക്ക് റേറ്റോടെ വാരിക്കൂട്ടിയത് 273 റണ്‍സാണ്. നേരത്തേ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം.

ജിടിയുടെ തന്നെ യുവ സ്പിന്നര്‍ സായ് കിഷോറാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു നറുക്കു വീണേക്കാവുന്ന മറ്റൊരാള്‍. ടൂര്‍ണമെന്റില്‍ വലിയ വിക്കറ്റ് വേട്ടയാണ് താരം നടത്തുന്നത്. അഞ്ചു കളിയില്‍ നിന്നും 7.25 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ സായ് കിഷോര്‍ ഇതിനകം പോക്കറ്റിലാക്കി കഴിഞ്ഞു.
ഈ സീസണിലെ കണ്ടെത്തലുകളിലൊരാളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വമ്പനടിക്കാരനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗം. ഈ സീസണില്‍ ഡിസിക്കു വേണ്ടി ബാറ്റിങിലും ബൗളിങിലും കസറുകയാണ് അദ്ദേഹം. രണ്ടു മല്‍സരങ്ങളിലാണ് വിപ്രാജിന് ബാറ്റ് ചെയ്യാനായത്. 235.29 സ്‌ട്രൈക്ക് റേറ്റില്‍ 40 റണ്‍സും നേടി. ബൗളിങിലാവട്ടെ നാലു കളിയില്‍ നിന്നും 8.4 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.