ചെന്നൈ: ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യത്തെ എല്‍ ക്ലാസിക്കോ പോരാട്ടം അടുത്ത ഞായറാഴ്ച നടക്കാനിരിക്കുകയാണ്. അഞ്ചു തവണ വീതം കിരീടം ചൂടി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തിന് വേദിയാവുക ചെപ്പോക്ക് സ്‌റ്റേഡിയമാണ്.
ജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ടൂര്‍ണമെന്റിലെ ഈ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്. അതുകൊണ്ടു തന്നെ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ അതിശക്തമായ ടീമുമായാണ് ചെന്നൈ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്.
എന്നാല്‍ വിലക്ക് കാരണം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയ്ക്കായി ആദ്യ മല്‍സരം കളിക്കില്ല. പകരം സൂര്യകുമാര്‍ യാദവായിരിക്കും ടീമിനെ നയിച്ചേക്കുക. മുംബൈയ്‌ക്കെതിരേ ചെന്നൈയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് ത്രീയില്‍ ഇവര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇത്തവണ ഓപ്പണ്‍ ചെയ്യുന്നത് നായകന്‍ റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയും ചേര്‍ന്നായിരിക്കും. ദേശീയ ടീമിന്റെ ഭാഹമല്ലെങ്കിലും ഐപിഎല്ലില്‍ റുതു മികച്ച പ്രകടനങ്ങളാണ് നടത്താറുള്ളത്. ഇത്തവണയും അദ്ദേഹം പതിവു തെറ്റിക്കാനിടയില്ല. ഈ വര്‍ഷം ഏഷ്യാ കപ്പ് വരാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരം കൂടിയാണ് ഈ സീസണ്‍.
രചിനാവട്ടെ ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിക്കളിഞ്ഞു. സമാാപിച്ച ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി മാറിയിരുന്നു. ഇനി ഐപിഎല്ലില്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലും കസറാനാണ് രചിന്റെ ശ്രമം.
മൂന്നാമനായി സിഎസ്‌കെയ്ക്കായി ക്രീസിലെത്തുക ഇന്ത്യന്‍ താരം രാഹുല്‍ ത്രിപാഠിയായിരിക്കും. മെഗാ ലേലത്തില്‍ പുതുതായി ടീമിലേക്കു വന്ന അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ സ്ഥാനമുറപ്പിക്കാനായിരിക്കും ശ്രമിക്കുക. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് ത്രിപാഠി.
മധ്യനിരയില്‍ ആരെല്ലാം
സ്പിന്നര്‍മാരുടെ അന്തകനായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് നാലാം നമ്പറിലുള്ളത്. പിന്നാലെ മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ കളിക്കാനിറങ്ങും. ആറാം നമ്പറിലെത്തുക ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനായിരിക്കും. ഏഴാമനായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും എട്ടാമനായി മുന്‍ ഇതിഹാസ നായകനും വി്ക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമുണ്ട്.
ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കരിയര്‍ തിരിച്ചുപിടിച്ച ദുബെ ഈ സീസണിലും നിരാശപ്പെടുത്താന്‍ സാധ്യതയില്ല. മധ്യഓവറുകളില്‍ മുംബൈയുടെ സ്പിന്‍ ബൗളിങിനെ നിര്‍വീര്യമാക്കാനുള്ള ദൗത്യം അദ്ദേഹത്തിനായിരിക്കും. ദുബെയെപ്പോലെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് പുതുതായി ടീമിലെത്തിയ ഹൂഡ.

കറെനു ഇതു സിഎസ്‌കെയലിലേക്കുള്ള രണ്ടാം വരവ് കൂടിയാണ്. ബാറ്റിങിനൊപ്പം വിക്കറ്റുകളമായി ബൗളിങിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. ജഡ്ഡുവാകട്ടെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെയാണ് ഈ ഐപിഎല്ലിനെത്തുന്നത്. ധോണിയെ സംബന്ധിച്ച് ഇതു അവസാന സീസണായേകും. അതിനാല്‍ കൈയടിയോടെ ഇതു ഗംഭീരമാക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
ബൗളിങ് ലൈനപ്പ്
ചെന്നൈക്കായി ഒമ്പതാം നമ്പറില്‍ കളിക്കുക ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം തന്റെ പഴയ തട്ടകത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണിത്.
അശ്വിനു ശേഷം അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദ്, ശ്രീലങ്കന്‍ പേസര്‍ മതീശ പതിരാന എന്നിവരും സിഎസ്‌കെ ഇലവനിലുണ്ടാവും. ഇംപാക്ട് പ്ലെയറായി അവര്‍ കൊണ്ടു വരിക ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെയായിരിക്കും.
മുംബൈയ്‌ക്കെതിരേ സിഎസ്‌കെ പ്ലെയിങ് 11
റുതുരാജ ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ, സാം കറെന്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന.
ഇംപാക്ട് പ്ലെയര്‍- ഖലീല്‍ അഹമ്മദ്.