ആറാം ഐപിഎല്‍ കിരീടമെന്ന ലക്ഷ്യം തേടിയാവും റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ പോരിനിറങ്ങുക. നായകന്‍ റുതുരാജുള്‍പ്പെടെയുള്ള കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയ സിഎസ്‌കെ മെഗാ ലേലത്തില്‍ മികച്ച ചില താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തിരുന്നുു. മറ്റു ഫ്രാഞ്ചൈസികളെപ്പോലെ വലിയ താരങ്ങള്‍ക്കു പിന്നാലെ പോവാതെ കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളെയാണ് ലേലത്തില്‍ സിഎസ്‌കെ നോട്ടമിട്ടത്. ഇതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ആര്‍ അശ്വിനടക്കമുള്ള മുന്‍ താരങ്ങളെ കൊണ്ടുവന്ന് സ്പിന്‍ വിഭാഗം ശക്തിപ്പെടുത്തിയ സിഎസ്‌കെ മികച്ച ചില ഓള്‍റൗണ്ടര്‍മാരെയും ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണില്‍ ചെന്നൈയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ഓപ്പണിങ് മാറില്ല
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്തത് നായകന്‍ റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡ് താരം ഡെവന്‍ കോണ്‍വേയും ചേര്‍ന്നായിരുന്നു. അടുത്ത സീസണിലും ഈ ജോടി തന്നെ ഓപ്പണിങില്‍ തുടരും. കോണ്‍വേയെ സീസണിനു ശേഷം കൈവിടേണ്ടി വന്നിരുന്നെങ്കിലും ലേലത്തില്‍ അവര്‍ തിരികെ വാങ്ങിയിരുന്നു.
മൂന്നാം നമ്പറില്‍ കളിക്കുക ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ്. കോണ്‍വേയെ പോലെ സീസണിനു ശേഷം ഒഴിവാക്കുകയും പിന്നീട് ലേലത്തില്‍ തിരികെയെത്തിക്കുകയും ചെയ്ത താരമാണ് രചിന്‍. കഴിഞ്ഞ സീസണില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.
മധ്യനിര, ലോവര്‍ ഓര്‍ഡര്‍
ചെന്നൈയ്ക്കായി നാലാം നമ്പറില്‍ കളിക്കുക അഗ്രസീവ് ഇന്ത്യന്‍ ബാറ്ററായ രാഹുല്‍ ത്രിപാഠിയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ താരം കൂടിയായ അദ്ദേഹത്തെ ലേലത്തിലാണ് സിഎസ്‌കെ കൈക്കലാക്കിയത്. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശേഷിയുളളതാരമാണ് ത്രിപാഠി.
അഞ്ചാമനായി വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാണുള്ളത്. ലേലത്തിനു മുമ്പ് ചെന്നൈ നിലനിര്‍ത്തിയ താരങ്ങളിലൊരാലാണ് അദ്ദേഹം. അതിനു ശേഷം മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ രവീന്ദ്ര ജഡേജയുടെ ഊഴമായിരിക്കും. തുടര്‍ന്നായിരിക്കും മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ക്രീസിലെത്തുക. പതിവു പോലെ പിഞ്ച് ഹിറ്ററുടെ റോളില്‍ തന്നെയായിരിക്കും അദ്ദേഹത്തെ നമുക്കു കാണാന്‍ സാധിക്കുക.

ബൗളിങ് നിര
വളരെ ആഴമേറിയ ബാറ്റിങാണ് പുതിയ സീസണില്‍ ചെന്നൈയ്ക്കുള്ളത്. എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ അവര്‍ക്കായി കളിക്കുക വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരായിരിക്കും.
അശ്വിന്റെയും കറെന്റെയും ചെന്നൈയിലേക്കുള്ള രണ്ടാം വരവാണിത്. ഇവര്‍ക്കു ശേഷം പേസര്‍മാരായി ഇലവനിലുണ്ടാവുക ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദും ശ്രീലങ്കന്‍ പേസ് സെന്‍സേഷനായ മതീശ പതിരാനയുമായിരിക്കും.
ചെന്നൈയുടെ പ്ലെയിങ് 11
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സാം കറെന്‍, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.