For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജയിച്ച കളി കളഞ്ഞുകുളിച്ച് റോയല്‍സ്!! അവിശ്വസനീയം, ത്രില്ലറില്‍ എല്‍എസ്ജി

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അനായാസം ജയിക്കേണ്ടിയിരുന്ന വിജയം കളഞ്ഞുകുളിച്ച് രാജസ്ഥാന്‍ റോയല്‍സ്. വിജയത്തിന്റെ വക്കില്‍ വരെയെത്തിയ ശേഷമാണ് റോയല്‍സ് രണ്ടു വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയത്. സീസണില്‍ റോയല്‍സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിനു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന മൂന്നോവറുകളിലാണ് മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോയത്. 18, 20 ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ആവേശ് ഖാനാണ് റോയല്‍സിന്റെ കഥ കഴിച്ചത്. അവസാന മൂന്നോവറില്‍ 25 റണ്‍സ് മാത്രമേ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ.

പക്ഷെ ആവേശ് എറിഞ്ഞ 18ാം ഓവറില്‍ വെറും അഞ്ചു റണ്‍സാണ് അവര്‍ക്കു ലഭിച്ചത്. ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച ജയ്‌സ്വാളും (74) ക്യാപ്റ്റന്‍ റിയാന്‍ പരാഗും (39) ഈ ഓവറില്‍ പുറത്താവുകയും ചെയ്തു. ഇതാണ് കളിയിലെ ടേണിങ് പോയിന്റായത്. അവസാന ഓവറില്‍ ഒമ്പതു റണ്‍സായിരുന്നു ജയിക്കാന്‍ ആവശ്യം. പക്ഷെ ആറു റണ്‍സ് മാത്രമേ ആവേശ് വിട്ടുകൊടുത്തുള്ളൂ. ഷിംറോണ്‍ ഹെറ്റ്‌മെയറെ പുറത്താക്കുകയും ചെയ്തു.

LSG

റോയല്‍സിന്റെ റണ്‍ചേസ്

181 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ റോയല്‍സിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാളും കൗമാര താരം വൈഭവ് സൂര്യവന്‍ഷിയും നല്‍കിയത്. എല്‍എസ്ജി ബൗളര്‍മാരെ തുടക്കം മുതല്‍ കടന്നാക്രമിച്ച് ഇരുവരും അതിവേഗം റണ്‍സ് വാരിക്കൂട്ടി.

ആദ്യ വിക്കറ്റില്‍ ഈ ജോടി അടിച്ചെടുത്തത് 85 റണ്‍സാണ്. വെറും 52 ബോളുകളിലാണിത്. 20 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 34 റണ്‍സ് അടിച്ചെടുത്ത വൈഭവ് മടങ്ങിയതോടൊണ് ജോടി വേര്‍പിരിഞ്ഞത്. നാലാം വിക്കറ്റില്‍ ജയ്‌സ്വാള്‍- പരാഗ് ജോടി 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ റോയല്‍സ് വിജയത്തിലേക്കു മുന്നേറി. എന്നാല്‍ ഇരുവരും ഒരേ ഓവറില്‍ പുറത്തായതോടെ കളിയുടെ ഗതി മാറുകയുമായിരുന്നു. എല്‍എസ്ജിക്കായി ആവേശ് ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തു.

അതേസമയം, നേരത്തേ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് എല്‍എസ്ജി 180 റണ്‍സിലെത്തിയത്. 66 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് അവരുടെ ടോപ്‌സ്‌കോററായത്. ആയുഷ് ബദോനി 50 റണ്‍സ് നേടിയപ്പോള്‍ അബ്ദുള്‍ സമദ് വെറും 10 ബോളില്‍ പുറത്താവാതെ 30 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

JAISWAL

ടോസിനു ശേഷം എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം നായകന്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ കളിച്ചില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. 14 കാരനായ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി ഈ കളിയിലൂടെ ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു.

പോരാട്ടം ഇതുവരെ

രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിവെ തുടക്കം പാളിയിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു കൊണ്ടാണ് റോയല്‍സ് തുടങ്ങിയത്. ഫിറ്റ്‌നസ് പ്രശ്‌നം കാരണം സഞ്ജു സാംസണ്‍ ആദ്യത്തെ മൂന്നു കളിയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്ലായ്മ റോയല്‍സിനു ക്ഷീണമായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആദ്യ കളിയില്‍ 44 റണ്‍സിന്റെ കനത്ത പരാജയമാണ് ആദ്യ മല്‍സരത്തില്‍ റോയല്‍സിനു നേരിടേണ്ടി വന്നത്. രണ്ടാം റൗണ്ടില്‍ മറ്റൊരു നാണംകെട്ട തോല്‍വി കൂടി അവര്‍ ഏറ്റുവാങ്ങി. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനാണ് പരാഗിന്റെ ടീം തകര്‍ന്നടിഞ്ഞത്.

എന്നാല്‍ മൂന്നാമങ്കത്തില്‍ റോയല്‍സ് തോല്‍വിക്കു ബ്രേക്കിട്ടു. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് റോയല്‍സ് നേടിയത്. പരാഗിനു കീഴില്‍ ടീം കളിച്ച അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. നാലാ റൗണ്ടില്‍ നായകസ്ഥാനത്തേക്കു സഞ്ജു തിരിച്ചെത്തിയതോടെ റോയല്‍സ് കൂടുതല്‍ അപകടകാരികളായി.

തകര്‍പ്പന്‍ ഫോമിലുള്ള ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനാണ് സഞ്ജുവും സംഘവും മുക്കിയത്. ഇതോടെ റോയല്‍സ് വിജയത്തിന്റെ ട്രാക്കിലേക്കു കയറിയെന്നു കരുതിയെങ്കിലും തിരിച്ചാണ് സംഭവിച്ചത്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് റോയല്‍സ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിമനോടു 58 റണ്‍സിന്റെ കനത്ത പരാജയമാണ് റോയല്‍സിനു നേരിട്ടത്.

അടുത്ത കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും റോയല്‍സ് നാണംകെട്ടു. ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയമാണ് അവര്‍ക്കു സമ്മതിക്കേണ്ടി വന്നത്. അതിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ജയിക്കാമായിരുന്ന കളിയില്‍ ടൈ സമ്മതിക്കുകയും സൂപ്പര്‍ ഓവറില്‍ തോല്‍ക്കുകയും ചെയ്തു.

അതേസമയം, എല്‍എസ്ജിയുടെ പ്രകടനമെടുത്താല്‍ റിഷഭ് ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും മറ്റു താരങ്ങളുടെ പ്രകടനം ടീമിനു കരുത്തായി. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എല്‍എസ്ജി ഒരു വിക്കറ്റിനു പൊരുതി വീഴുകയായിരുന്നു. രണ്ടാം റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് എല്‍എസ്ജി വിജയവഴിയില്‍ തിരിച്ചെത്തി.

മൂന്നാംറൗണ്ടില്‍ പക്ഷെ പഞ്ചാബ് കിങ്‌സിനോടു എട്ടു വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് റിഷഭിനു സംഘത്തിനും നേരിട്ടത്. എന്നാല്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ലഖ്‌നൗ ടീമിനു കഴിഞ്ഞു. കുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് അവര്‍ വിജയം കൊയ്തത്.

മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നാലു റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനെ ആറു വിക്കറ്റിനും അവര്‍ കെട്ടുകെട്ടിച്ചു. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവസാന കളിയില്‍ എല്‍എസ്ജി തോല്‍വി രുചിച്ചു. അഞ്ചു വിക്കറ്റിന്റെ പരാജയമാണ് അവര്‍ സമ്മതിച്ചത്.

ഇന്നത്തെ കളിയിലെ 11

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ശുഭം ദുബെ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ്് ഖാന്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് റാട്ടി.

Story first published: Saturday, April 19, 2025, 14:16 [IST]
Other articles published on Apr 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+