ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റിന് 209 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ 25 പന്ത് ബാക്കിയാക്കിയാണ് ജയിച്ചത്. വൈഭവ് സൂര്യവന്‍ഷി (101) സെഞ്ച്വറിയോടെ മിന്നിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ (70) അര്‍ധ സെഞ്ച്വറിയോടെ ക്രീസില്‍ തുടര്‍ന്നു.
ഗുജറാത്തിന് ഗംഭീര തുടക്കം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് ഗംഭീര തുടക്കമാണ് സായ് സുദര്‍ശനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സൃഷ്ടിച്ചത്. രണ്ടാം ഓവറില്‍ സായ് സുദര്‍ശനെ പുറത്താക്കാനുള്ള അവസരം രാജസ്ഥാന് ലഭിച്ചതാണ്. എന്നാല്‍ ഇത് മുതലാക്കാനായില്ല. ഒമ്പത് റണ്‍സെടുത്ത് നില്‍ക്കവെ സായ് സുദര്‍ശനെ മഹേഷ് തീക്ഷണ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ കൈയിലെത്തിച്ചു. അനായാസമായി ഹെറ്റ്‌മെയറിന് കൈയിലൊതുക്കാവുന്ന ക്യാച്ചായിരുന്നു ഇത്. എന്നാല്‍ താരം ഇത് കൈവിട്ട് കളഞ്ഞത് ഗുജറാത്തിന് വളരെയധികം ഗുണം ചെയ്തു.
ശുബ്മാന്‍ ഗില്ലിനെ ഏഴാം ഓവറില്‍ പുറത്താക്കാനും അവസരം ലഭിച്ചതാണ്. എന്നാല്‍ റിയാന്‍ പരാഗിന്റെ ഓവറില്‍ ലഭിച്ച ക്യാച്ചവസരം യുവ താരം വൈഭവ് സൂര്യവന്‍ഷിയും പാഴാക്കി. മികച്ച ശ്രമം നടത്താന്‍ വൈഭവിനായെങ്കിലും കൈയിലൊതുക്കാനായില്ല. ഒടുവില്‍ 93 റണ്‍സിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 30 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത സായ് സുദര്‍ശനെ മഹേഷ് തീക്ഷണയാണ് പുറത്താക്കിയത്. റിയാന്‍ പരാഗിന്റെ ക്യാച്ചിലാണ് സുദര്‍ശന്‍ മടങ്ങിയത്. ഈ സീസണില്‍ ഗില്‍-സുദര്‍ശന്‍ കൂട്ടുകെട്ട് 500 റണ്‍സ് പിന്നിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.

ഈ സീസണില്‍ മറ്റൊരു താരങ്ങള്‍ക്കും ഇത് സാധിച്ചിട്ടില്ല. പുറത്താവുമ്പോള്‍ ഓറഞ്ച് ക്യാപ്പ് തലയിലേക്ക് തിരിച്ചെത്തിക്കാന്‍ സായ് സുദര്‍ശനായി. ഈ സീസണില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാകാനും സായ് സുദര്‍ശന് സാധിച്ചു. 228 റണ്‍സെടുത്ത പ്രിയന്‍ഷ് ആര്യയെയാണ് സായ് സുദര്‍ശന്‍ മറികടന്നത്. സായ് മടങ്ങിയ ശേഷം ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് നായകന്‍ ശുബ്മാന്‍ ഗില്‍ ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 29 പന്തില്‍ ഗില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു.
വെടിക്കെട്ടുമായി ജോസ് ബട്‌ലര്‍
മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്‌ലര്‍ക്ക് ജയ്പൂരിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയാം. ഇത് മുതലാക്കിയാണ് താരം കളിച്ചത്. പതിയെ സിംഗിളുകളുമായി തുടങ്ങിയ ബട്‌ലര്‍ സ്പിന്നര്‍മാരെ ആക്രമിച്ചു. മഹേഷ് തീക്ഷണയുടെ ഒരോവറില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്. അനായാസമായി സിക്‌സുകളും ഫോറുകളും നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചു. ഇതോടെ അതിവേഗം ഗുജറാത്തിന്റെ റണ്‍സുയര്‍ത്തി. 10 റണ്‍റേറ്റിലാണ് ഗുജറാത്ത് റണ്‍സുയര്‍ത്തിയത്. ബട്‌ലര്‍, ഗില്‍ കൂട്ടുകെട്ട് അപകടകരമായി മുന്നോട്ട് പോകവെ മഹേഷ് തീക്ഷണ കൂട്ടുകെട്ട് പൊളിച്ചു.
50 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 84 റണ്‍സെടുത്ത ഗില്ലിനെ തീക്ഷണ പരാഗിന്റെ കൈയിലേക്കെത്തിക്കുകയായിരുന്നു. ഗില്‍ പുറത്താവുമ്പോള്‍ 167 റണ്‍സ് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. സീസണിലെ നാലാം അര്‍ധ സെഞ്ച്വറിയോടെയാണ് ഗില്‍ പുറത്തായത്. ഈ സീസണില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള നായകനാണ് ഗില്‍. നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് ഗുജറാത്ത് ഇറക്കിയത്. വലം കൈയനായ ജോസ് ബട്‌ലറിന് ഇടം കൈയനായ സുന്ദറിനെ കൂട്ടുകെട്ടായി അയക്കുകയായിരുന്നു.

എട്ട് പന്തില്‍ ഒരു സിക്‌സടക്കം 13 റണ്‍സെടുത്ത സുന്ദറിനെ സന്ദീപ് ശര്‍മ പുറത്താക്കി. രാഹുല്‍ തെവാത്തിയ നാല് പന്തില്‍ ഒമ്പത് റണ്‍സെടുത്താണ് മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറുടെ പന്തില്‍ തെവാത്തിയ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഷാരൂഖ് ഖാന്‍ അഞ്ച് റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നു. അവസാന പന്തില്‍ ജോസ് ബട്‌ലര്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തി. 26 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെയാണ് ബട്‌ലര്‍ ക്രീസില്‍ തുടര്‍ന്നത്. ഇതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 209 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഗുജറാത്തിനായി.
മഹേഷ് തീക്ഷണക്ക് രണ്ട് വിക്കറ്റ്
രാജസ്ഥാനായി സ്പിന്നര്‍ മഹേഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടി. നാല് ഓവറില്‍ 35 റണ്‍സാണ് താരം വിട്ടുകൊടുത്തത്. സന്ദീപ് ശര്‍മയും ജോസ് ബട്‌ലറും ഓരോ വിക്കറ്റാണ് വീഴ്ത്തിയത്. തട്ടകത്തില്‍ നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് രാജസ്ഥാന്‍ നടത്തിയതെന്ന് പറയാം. സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി.
രാജസ്ഥാന് വെടിക്കെട്ട് തുടക്കം
മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ തുടക്കമാണ് യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തിലെ ജയ്‌സ്വാളിനെ പുറത്താക്കാന്‍ ഗുജറാത്തിന് അവസരം ലഭിച്ചതാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് കൈവിട്ടു. ഇത് രാജസ്ഥാന് കരുത്തായി. ഇഷാന്ത് ശര്‍മയുടെ ഒരോവറില്‍ 28 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 3.5 ഓവറില്‍ രാജസ്ഥാന്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു.

യുവതാരം വൈഭവ് ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. 17 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഈ സീസണിലെ വേഗ ഫിഫ്റ്റിയാണിത്. 14 വയസും 32 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം. 17 വയസും 175 ദിവസവും ഉള്ളപ്പോള്‍ രാജസ്ഥാന്റെ റിയാന്‍ പരാഗ് നേടിയ അര്‍ധ സെഞ്ച്വറി റെക്കോഡാണ് വൈഭവ് തകര്‍ത്തത്. ഇഷാന്‍ കിഷന്റെ ഒരോവറില്‍ 28 റണ്‍സടക്കം നേടിയാണ് വൈഭവ് എല്ലാവരേയും ഞെട്ടിച്ചത്.
ജയ്‌സ്വാള്‍ മികച്ച പിന്തുണയോടെ വൈഭവിനൊപ്പം നിന്നപ്പോള്‍ യുവതാരം സിക്‌സര്‍ മഴയാണ് ജയ്പൂരില്‍ കാഴ്ചവെച്ചത്. 7.4 ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 100 കടന്നു. രാജസ്ഥാനായി വേഗ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമാകാനും വൈഭവിന് സാധിച്ചു. 13 പന്തില്‍ കെകെആറിനെതിരേ ഫിഫ്റ്റി നേടിയ യശ്വസി ജയ്‌സ്വാളാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഗുജറാത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും 14കാരന്‍ തകര്‍ത്തുകളഞ്ഞുവെന്ന് തന്നെ പറയാം.
വൈഭവിന് സെഞ്ച്വറി
ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനെന്ന നേട്ടത്തിലേക്കെത്താന്‍ വൈഭവിനായി. 35 പന്തിലാണ് താരം സെഞ്ച്വറിയിലേക്കെത്തിയത്. ഐപിഎല്ലില്‍ വേഗ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും വൈഭവ് മാറി. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 38 പന്തില്‍ ഏഴ് ഫോറും 11 സിക്‌സുമടക്കം 101 റണ്‍സെടുത്ത വൈഭവിനെ പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. വൈഭവ് മടങ്ങുമ്പോള്‍ ഒന്നാം വിക്കറ്റില്‍ 166 റണ്‍സാണുണ്ടായിരുന്നത്.
നിതീഷ് റാണ രണ്ട് പന്തില്‍ 4 റണ്‍സെടുത്ത് മടങ്ങി. റാഷിദ് ഖാനാണ് വിക്കറ്റ്. റിയാന്‍ പരാഗ് 15 പന്തില്‍ രണ്ട് ഫോറും സിക്‌സും ഉള്‍പ്പെടെ 32 റണ്‍സോടെ പുറത്താവാതെ നിന്നു. യശ്വസി ജയ്‌സ്വാള്‍ 40 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സോടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 15.5 ഓവറില്‍ രണ്ട് വിക്കറ്റിന് 212 റണ്‍സുമായി ആധിപത്യ ജയമാണ് രാജസ്ഥാന്‍ നേടിയെടുത്തത്.
പ്ലേയിങ് 11
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (c), ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, വനിന്‍ഡു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്
ഗുജറാത്ത് ടൈറ്റന്‍സ് - സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍ (c), ജോസ് ബട്‌ലര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, കരിം ജനത്, റാഷിദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ