അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 58 റണ്‍സിനാണ് സഞ്ജുവിന്റെ രാജസ്ഥാനെ ശുബ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 217 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 19.2 ഓവറില്‍ 159 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു. സായ് സുദര്‍ശന്റെ (82) ഫിഫ്റ്റിയും പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാനെ തകര്‍ത്തത്.
ഗുജറാത്തിന്റെ തുടക്കം പാളി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സൂപ്പര്‍ താരവും ഗുജറാത്തിന്റെ നായകനുമായ ശുബ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത ഗില്ലിനെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റില്‍ 14 റണ്‍സ് മാത്രമാണ് ഗുജറാത്തിന് സൃഷ്ടിക്കാനായത്. എന്നാല്‍ തുടക്കത്തിലേ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ഗുജറാത്തിനായി. സായ് സുദര്‍ശനും ജോസ് ബട്‌ലറും ചേര്‍ന്ന് ഗുജറാത്തിന് അടിത്തറ പാകി.
മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ബട്‌ലര്‍ പതിയെയാണ് തുടങ്ങിയത്. ആദ്യത്തെ 10 പന്തില്‍ പതിയെ കളിച്ച് നിലയുറപ്പിച്ച ബട്‌ലര്‍ പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. പേസിനെ കടന്നാക്രമിച്ച് 25 പന്തില്‍ അഞ്ച് ഫോറടക്കം 36 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ അതിവേഗം റണ്‍സുയര്‍ത്തവെ മഹേഷ് തീക്ഷണ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ വിക്കറ്റ് അനുവദിച്ചില്ലെങ്കിലും റിവ്യൂവിലൂടെ രാജസ്ഥാന്‍ ബട്‌ലറുടെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.
ഇത്തവണ നാലാം നമ്പറില്‍ ഷാരൂഖ് ഖാനാണെത്തിയത്. അവസാന മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ നാലാം നമ്പറില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ ഷാരൂഖ് ഖാന് അവസരം ലഭിച്ചപ്പോള്‍ താരം മികവ് കാട്ടി. അതിവേഗം റണ്‍സുയര്‍ത്തിയ ഷാരൂഖ് 20 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 36 റണ്‍സ് നേടിയാണ് പുറത്തായത്. മഹേഷ് തീക്ഷണയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച ഷാരൂഖിനെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
സ്ഥിരതയോടെ മിന്നിച്ച് സായ് സുദര്‍ശന്‍
ഈ സീസണിലെ ഗംഭീര പ്രകടനം സായ് സുദര്‍ശന്‍ ആവര്‍ത്തിച്ചു. ആക്രമിച്ച് കളിച്ച സായ് സുദര്‍ശന്‍ 32 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. ഇതിന് ശേഷവും അതിവേഗം റണ്‍സുയര്‍ത്താന്‍ സായ് സുദര്‍ശന് സാധിച്ചു. ഗുജറാത്തിനായി മധ്യനിരയിലെത്തിയവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടി. എന്നാല്‍ മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ സന്ദീപ് ശര്‍മയുടെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
രാഹുല്‍ തെവാത്തിയ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 24 റണ്‍സോടെ തെവാത്തിയ പുറത്താവാതെ നിന്നു. സായ് സുദര്‍ശന്‍ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ചെങ്കിലും തുഷാര്‍ ദെശപാണ്ഡെ പുറത്താക്കി. 53 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സെടുത്ത സുദര്‍ശനെ സഞ്ജുവാണ് ക്യാച്ചിലൂടെ മടക്കിയത്. റാഷിദ് ഖാന്‍ നാല് പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 12 റണ്‍സെടുത്ത് മടങ്ങി. തുഷാര്‍ ദെശപാണ്ഡെക്കാണ് വിക്കറ്റ്. 20 ഓവറില്‍ ആറ് വിക്കറ്റിന് 217 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഗുജറാത്തിനായി.

ബൗളിങ്ങില്‍ തിളങ്ങി ആര്‍ച്ചര്‍
രാജസ്ഥാനായി മഹേഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയെങ്കിലും 54 റണ്‍സ് വിട്ടുകൊടുത്തു. തുഷാര്‍ ദെശപാണ്ഡെ 53 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. ജോഫ്രാ ആര്‍ച്ചര്‍ 30 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഫസല്‍ഹഖ് ഫറൂഖി 38 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. സന്ദീപ് ശര്‍മ 41 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
രാജസ്ഥാന്റെ തുടക്കം പാളി
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്റെ തുടക്കം പാളി. യശ്വസി ജയ്‌സ്വാള്‍ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. എന്നാല്‍ ഏഴ് പന്തില്‍ ആറ് റണ്‍സെടുത്ത് മടങ്ങി. ഒരു ബൗണ്ടറിയാണ് താരം നേടിയത്. അര്‍ഷാദ് ഖാന്റെ പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാളിന്റെ മടക്കം. മൂന്നാമനായി ക്രീസിലെത്തിയ നിതീഷ് റാണയും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത നിതീഷിനെ മുഹമ്മദ് സിറാജാണ് മടക്കിയത്. ഇതോടെ 12 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു. മൂന്നാം വിക്കറ്റില്‍ നായകന്‍ സഞ്ജു സാംസണും റിയാന്‍ പരാഗും പ്രതീക്ഷ നല്‍കി. പവര്‍പ്ലേയില്‍ 57 റണ്‍സെന്ന ഭേദപ്പെട്ട നിലയിലേക്ക് രാജസ്ഥാനെ എത്തിക്കാന്‍ സഞ്ജു-പരാഗ് കൂട്ടുകെട്ടിന് സാധിച്ചു.
എന്നാല്‍ പവര്‍പ്ലേയ്ക്ക് പിന്നാലെ പരാഗ് മടങ്ങി. 14 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 26 റണ്‍സാണ് പരാഗ് നേടിയത്. കുല്‍വന്ത് ഖജ്‌റോലിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പരാഗ് പുറത്തായത്. ബട്‌ലറെ തഴഞ്ഞ് രാജസ്ഥാന്‍ നിലനിര്‍ത്തിയ ദ്രുവ് ജുറേല്‍ നിരാശപ്പെടുത്തി. നാല് പന്തില്‍ ഒരു ഫോറടക്കം അഞ്ച് റണ്‍സാണ് ജുറേല്‍ നേടിയത്. റാഷിദ് ഖാനാണ് ജുറേലിനെ പുറത്താക്കിയത്. ഇതോടെ വലിയ സമ്മര്‍ദ്ദത്തിലേക്ക് രാജസ്ഥാന്‍ വീണു.

സഞ്ജുവിന് മാച്ച് വിന്നറാവാനായില്ല
ഒരു വശത്ത് നിലയുറപ്പിച്ച സഞ്ജു രാജസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ മുന്‍ രാജസ്ഥാന്‍ താരമായ പ്രസിദ്ധ് കൃഷ്ണ സഞ്ജുവിനെ പുറത്താക്കി. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 41 റണ്‍സെടുത്ത സഞ്ജുവിനെ സായ് കിഷോറാണ് ക്യാച്ചിലൂടെ മടക്കിയത്. സഞ്ജു മടങ്ങുമ്പോള്‍ 12.2 ഓവറില്‍ 5ന് 116 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഇംപാക്ട് പ്ലയര്‍ ശുബം ദുബെക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 3 പന്തില്‍ 1 റണ്‍സെടുത്ത ദുബെയെ റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
നാല് പന്തില്‍ നാല് റണ്‍സെടുത്ത ജോഫ്രാ ആര്‍ച്ചറെ പ്രസിദ്ധ് മടക്കി. വെടിക്കെട്ട് പ്രകടനം നടത്തിയ ഷിംറോന്‍ ഹെറ്റ്‌മെയറേയും പ്രസിദ്ധ് മടക്കി. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. തുഷാര്‍ ദെശപാണ്ഡെയെ (3) സായ് കിഷോര്‍ പുറത്താക്കി. ഇതോടെ 19.2 ഓവറില്‍ 159 റണ്‍സില്‍ രാജസ്ഥാനൊതുങ്ങി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും റാഷിദ് ഖാനും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പ്ലേയിങ് 11
രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍ (c), യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ