ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 12 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഡല്‍ഹി രണ്ട് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു.
ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം
ടോസ് നഷ്ടപ്പെട്ട് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യത്തെ രണ്ടോവറില്‍ 33 റണ്‍സാണ് ഡല്‍ഹി ഓപ്പണര്‍മാരായ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും അഭിഷേക് പുറേലും ചേര്‍ന്ന് സൃഷ്ടിച്ചത്. രാജസ്ഥാനെ വിറപ്പിക്കുന്ന തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്‌കോര്‍ 34ല്‍ നില്‍ക്കവെ മഗ്യൂര്‍ക്കിനെ ജോഫ്രാ ആര്‍ച്ചര്‍ പുറത്താക്കി. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത മഗ്യൂര്‍ക്ക് വലിയ ഷോട്ടിന് ശ്രമിച്ച് യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. രണ്ട് ബൗണ്ടറിയാണ് മഗ്യൂര്‍ക്ക് നേടിയത്. മോശം ഫോമിലുള്ള മഗ്യൂര്‍ക്ക് വീണ്ടും മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ച് അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍ നായരില്‍ ഡല്‍ഹി പ്രതീക്ഷവെച്ചെങ്കിലും താരം ഡക്കിന് മടങ്ങി. മൂന്ന് പന്ത് നേരിട്ട താരം റണ്ണൗട്ടായാണ് പുറത്തായത്. അഭിഷേക് പുറേലിന്റെ ഷോട്ടില്‍ സിംഗിളിനുള്ള അവസരമില്ലായിരുന്നു. എന്നാല്‍ ശ്രദ്ധിക്കാതെ നോണ്‍സ്‌ട്രൈക്കില്‍ നിന്ന് റണ്ണിന് ശ്രമിച്ച കരുണിന് പിഴച്ചു. വനിന്‍ഡു ഹസരങ്കയുടെ ത്രോ പിടിച്ചെടുത്ത് ബൗളറായ സന്ദീപ് ശര്‍മ കരുണിനെ റണ്ണൗട്ടാക്കുകയായിരുന്നു.
ഈ രണ്ട് വിക്കറ്റുകള്‍ പവര്‍പ്ലേയിലെ ഡല്‍ഹിയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. രണ്ടോവറില്‍ 33 റണ്‍സെടുത്തിട്ടും പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 46 റണ്‍സാണ് ഡല്‍ഹിക്ക് നേടാനായത്. തകര്‍പ്പന്‍ ബൗളിങ്ങാണ് പവര്‍പ്ലേയില്‍ സന്ദീപ് ശര്‍മ കാഴ്ചവെച്ചത്. രണ്ടോവര്‍ പവര്‍പ്ലേയിലെറിഞ്ഞ സന്ദീപ് വെറും ഏഴ് റണ്‍സാണ് വിട്ടുകൊടുത്തത്. പവര്‍പ്ലേയില്‍ ഡല്‍ഹിയെ വലിയ സ്‌കോറിലേക്ക് ഉയരാതെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് സാധിച്ചു.
പുറേല്‍-രാഹുല്‍ കൂട്ടുകെട്ട് നിര്‍ണ്ണായകമായി
അഭിഷേക് പുറേലും കെ എല്‍ രാഹുലും ചേര്‍ന്ന് ഡല്‍ഹിക്ക് അടിത്തറ പാകി. പതിയെ നിലയുറപ്പിച്ച രാഹുല്‍ പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ജോഫ്രാ ആര്‍ച്ചര്‍ പുറത്താക്കി. രണ്ട് വീതം സിക്‌സും ഫോറുമാണ് രാഹുല്‍ നേടിയത്. ഇതാദ്യമായാണ് ഐപിഎല്ലില്‍ രാഹുലിനെ ആര്‍ച്ചര്‍ പുറത്താക്കിയത്. 13ാം ഓവറില്‍ ആര്‍ച്ചറിനെ തിരികെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ശരിയാവുകയായിരുന്നു. എന്നാല്‍ ഇതേ ഓവറില്‍ നേടേണ്ട വിക്കറ്റ് അവസരം സഞ്ജു സാംസണിന്റെ പിഴവില്‍ രാജസ്ഥാന് നഷ്ടമായി.
അഭിഷേക് പുറേലിന്റെ ഷോട്ട് ബാറ്റില്‍ക്കൊണ്ട് സഞ്ജുവിന്റെ കൈയിലേക്ക്. എന്നാല്‍ സഞ്ജുവും ബൗളറായ ആര്‍ച്ചറും അപ്പീല്‍ ചെയ്തില്ല. ബാറ്റില്‍ ടെച്ചുണ്ടായിട്ടും അപ്പീല്‍ ചെയ്യാതിരുന്ന സഞ്ജുവിന് പിഴച്ചു. ഇതോടെ പുറേലിന്റെ വിക്കറ്റവസരം നഷ്ടമായി. എന്നാല്‍ ലൈഫ് ലഭിച്ച 49 റണ്‍സില്‍ത്തന്നെ പുറേലിനെ പുറത്താക്കാനായത് ആശ്വാസമായി. 37 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് പുറേല്‍ നേടിയത്. വനിന്‍ഡു ഹസരങ്കയാണ് വിക്കറ്റ് നേടിയത്. രാജസ്ഥാന്റെ ഫീല്‍ഡര്‍മാരുടെ പിഴവ് ഡല്‍ഹിക്ക് കരുത്തായി മാറി.

അക്ഷറിന്റെ കാമിയോ ഡല്‍ഹിക്ക് കരുത്തായി
ഡല്‍ഹിയുടെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടി രാജസ്ഥാന്‍ മുന്നോട്ട് പോയി. എന്നാല്‍ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേലിന്റെ കാമിയോ രാജസ്ഥാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും കടന്നാക്രമിക്കാന്‍ അക്ഷറിനായി. 14 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്താണ് അക്ഷര്‍ പുറത്തായത്. അക്ഷറിന്റെ വെടിക്കെട്ട് മുതലാക്കി ട്രിസ്റ്റന്‍ സ്റ്റബ്‌സും അശുതോഷ് ശര്‍മയും റണ്‍സുയര്‍ത്തി. സ്റ്റബ്‌സ് 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സോടെ പുറത്താവാതെ നിന്നു. അശുതോഷ് 11 പന്തില്‍ 15 റണ്‍സാണ് നേടിയത്. രണ്ട് ഫോറാണ് അശുതോഷ് നേടിയത്.
അവസാന ഓവറില്‍ നാല് വൈഡും ഒരു നോബോളും ഉള്‍പ്പെടെ സന്ദീപ് ശര്‍മ ഡല്‍ഹിയെ കാര്യമായി സഹായിച്ചു. ഇതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 188 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഡല്‍ഹിക്കായി. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും മഹേഷ് തീക്ഷണയും വനിന്‍ഡു ഹസരങ്കയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം
189 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. നിര്‍ണ്ണായക സമയത്ത് രണ്ട് പേരും ഫോമിലേക്കുയര്‍ന്നത് രാജസ്ഥാന് വലിയ കരുത്തുനല്‍കി. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചു. സഞ്ജുവും ജയ്‌സ്വാളും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കവെ സഞ്ജു സാംസണിന് പരിക്കേറ്റു. വിപ്രജ് നിഗത്തിന്റെ വൈഡ് ലൈനിലെത്തിയ പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചപ്പോള്‍ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സില്‍ നില്‍ക്കവെയാണ് സഞ്ജുവിനെ പരിക്ക് ബാധിച്ചത്. ഇതോടെ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
വേദന മറികടന്ന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സഞ്ജു കളം വിടുകയായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലേക്കെത്തിയ റിയാന്‍ പരാഗ് വീണ്ടും നിരാശപ്പെടുത്തി. 11 പന്തില്‍ ഒരു ഫോറടക്കം 8 റണ്‍സെടുത്ത പരാഗിനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് 112ല്‍ നില്‍ക്കവെ അര്‍ധ സെഞ്ച്വറിയോടെ ജയ്‌സ്വാള്‍ മടങ്ങി. 37 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ജയ്‌സ്വാളിനെ കുല്‍ദീപ് യാദവ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു.
നിതീഷ് റാണ അതിവേഗം റണ്‍സുയര്‍ത്തി ഡല്‍ഹിയെ ഞെട്ടിച്ചു. 28 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത നിതീഷ് റാണയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. മിന്നും യോര്‍ക്കറില്‍ നിതീഷ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മിന്നിച്ചതോടെ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സിലേക്കെത്തി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ ബാറ്റിങ്ങിന്
രാജസ്ഥാനായി സൂപ്പര്‍ ഓവറില്‍ ഷിംറോന്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമാണെത്തിയത്. ഡല്‍ഹിക്കായി പന്തെറിയാന്‍ മിച്ചല്‍ സ്റ്റാര്‍ക്കാണെത്തിയത്. ആദ്യ പന്ത് ഡോട്ടായെങ്കിലും രണ്ടാം പന്ത് ഹെറ്റ്‌മെയര്‍ ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ ഹെറ്റ്‌മെയര്‍ സിംഗിള്‍ നേടി. നാലാം പന്തില്‍ റിയാന്‍ പരാഗ് ബൗണ്ടറി നേടി. ഇത് നോബോളുമായി മാറി. ഫ്രീ ഹിറ്റ് പന്തില്‍ റിയാന്‍ പരാഗ് റണ്ണൗട്ടായി. അഞ്ചാം പന്തില്‍ ദ്രുവ് ജുറേലും റണ്ണൗട്ടായതോടെ ഡല്‍ഹിക്ക് മുന്നില്‍ 12 റണ്‍സ് വിജയലക്ഷ്യം.
രാജസ്ഥാനായി ഓവര്‍ എറിയാന്‍ സന്ദീപ് ശര്‍മ. ഡല്‍ഹിക്കായി ബാറ്റ് ചെയ്യാന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും കെ എല്‍ രാഹുലും. സന്ദീപ് ശര്‍മയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ടാം പന്തില്‍ രാഹുല്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രാഹുല്‍ സിംഗിള്‍ നേടി. നാലാം പന്തില്‍ സിക്‌സര്‍ നേടി സ്റ്റബ്‌സ് ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചു.
പ്ലേയിങ് 11
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c), നിതീഷ് റാണ, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, വനിന്‍ഡു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ
ഡല്‍ഹി ക്യാപിറ്റല്‍സ് -ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, അഭിഷേക് പോറല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ