ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായ രാജസ്ഥാന് ഇത്തവണ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായിട്ടില്ല. ഒമ്പത് മത്സരത്തില്‍ ഏഴ് മത്സരത്തിലും രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം.
സഞ്ജു സാംസണിന്റെ പരിക്കാണ് രാജസ്ഥാന് വലിയ തിരിച്ചടിയായിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ രാജസ്ഥാനെ നയിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. തുടക്കം പിഴച്ചതോടെ രാജസ്ഥാന് ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ലെന്ന് പറയാം. രാജസ്ഥാനില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ചിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ രാജസ്ഥാന്‍ കപ്പിലേക്കെത്തുമെന്ന് കരുതിയവരും ഏറെയാണ്. എന്നാല്‍ രാജസ്ഥാന്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ട് പോവുകയാണ് ചെയ്തത്.
രാജസ്ഥാന്‍ പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയതാണ്. രാജസ്ഥാന്‍ റോയല്‍സിന് പ്രത്യേക താല്‍പര്യമുള്ള താരമാണ് പരാഗ്. മോശം ഫോമിലായിട്ടും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്ന പരാഗിനെ ഇപ്പോള്‍ സഞ്ജുവിന് പകരം നായകസ്ഥാനത്തേക്കും രാജസ്ഥാന്‍ എത്തിച്ചിരിക്കുകയാണ്. നിലവിലെ പ്രകടനം നോക്കുമ്പോള്‍ പരാഗിന് രാജസ്ഥാനെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. യശ്വസി ജയ്‌സ്വാളിനെ നായകനാക്കിയാല്‍ രാജസ്ഥാന്റെ പ്രശ്‌നം മാറുമോ?. പരിശോധിക്കാം.
പരാഗിനെക്കാള്‍ മികച്ച ഫോമിലുള്ളത് ജയ്‌സ്വാള്‍
രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ താരമാണ് റിയാന്‍ പരാഗെന്ന് പറയാനാവില്ല. ശരാശരി പ്രകടനം മാത്രം നടത്തി ഇത്രയും നാള്‍ രാജസ്ഥാനില്‍ തുടര്‍ന്നത് പരാഗിന്റെ ഭാഗ്യമാണെന്ന് തന്നെ പറയാം. പരാഗിനെ നായകസ്ഥാനത്തേക്കെത്തിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്. എന്നാല്‍ മികച്ച തന്ത്രങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന പരിശീലകനല്ല പരാഗ്.

കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് പരാഗ്. വലിയ പ്രകടനം നടത്താതെ ചെറിയ കാമിയോകളിലൂടെ ടീമില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ പരാഗിന് ശേഷിയുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചതോടെ പരാഗ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഭയമില്ലാതെ കളിക്കാന്‍ പരാഗിന് സാധിക്കുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നില്ല. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകുന്നതായാണ് കാണാനാവുന്നത്.
എന്നാല്‍ ജയ്‌സ്വാളിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചാല്‍ പരാഗിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ഉപയോഗിക്കാം. പരാഗ് എന്ന നായകനെക്കാളേറെ ബാറ്റ്‌സ്മാനെയാണ് രാജസ്ഥാന് ആവശ്യം. പരാഗിന് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം നല്‍കി മിന്നിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്. ജയ്‌സ്വാളിനെ നായകസ്ഥാനത്തേക്കെത്തിക്കുന്നത് രാജസ്ഥാന് വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഹായമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയ്‌സ്വാളിന് സഞ്ജുവുമായി നല്ല ബന്ധം
റിയാന്‍ പരാഗ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ താരമാണ്. ടീമിലെ താരങ്ങളുമായി മികച്ച ബന്ധമുള്ള താരമാണ് പരാഗ് എന്ന് കരുതാനാവില്ല. അതേ സമയം യശ്വസി ജയ്‌സ്വാള്‍ സഹതാരങ്ങളോട് മികച്ച ബന്ധം കാത്ത് സൂക്ഷിക്കുന്നവനാണ്. പ്രത്യേകിച്ച് നായകന്‍ സഞ്ജു സാംസണുമായി അടുത്ത സൗഹൃദം ജയ്‌സ്വാളിനുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ്ങില്‍ മിന്നല്‍ പ്രകടനം നടത്തുന്നവരാണ് സഞ്ജുവും ജയ്‌സ്വാളും. ഈ കൂട്ടുകെട്ടിന്റെ ആത്മബന്ധം ഇരുവര്‍ക്കുമിടയിലുണ്ട്.
സഞ്ജു സാംസണിന്റെ പാദ പിന്തുടരാനും ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും ജയ്‌സ്വാളിന് സാധിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാല്‍ ജയ്‌സ്വാളിനത് വളരാനുള്ള ഊര്‍ജ്ജം നല്‍കും. യുവതാരങ്ങളില്‍ വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്ന താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ രാജസ്ഥാന് നായകനെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് ജയ്‌സ്വാള്‍.