ജയ്പൂര്‍: നായകന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാനായില്ല. വലിയ സ്‌കോര്‍ പിറന്ന ത്രില്ലറില്‍ പഞ്ചാബ് കിങ്‌സാണ് 10 റണ്‍സിനു റോയല്‍സിനെ മറികടന്നത്. 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു സ്വന്തം കാണികള്‍ക്കു മുന്നില്‍ ശ്രേയസ് അയ്യരും സംഘവും നല്‍കിയത്. ഈ ടോട്ടലിലേക്കു റോയല്‍സ് വീറോടെ തന്നെ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കു എത്താന്‍ കഴിഞ്ഞില്ല. ഏഴു വിക്കറ്റിനു 209 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.
ധ്രുവ് ജുറേലും (53) യശസ്വി ജയ്‌സ്വാളും (50) ഫിഫ്റ്റികളോടെ റോയല്‍സിനായി മിന്നിച്ചു. വൈഭവ് സൂര്യവംശി 40 റണ്‍സും നേടി. എന്നാല്‍ തിരിച്ചുവരവില്‍ സഞ്ജുവിനു 16 ബോളില്‍ 20 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
റോയല്‍സിനു ഗംഭീര തുടക്കമാണ് ജയ്‌സ്വാള്‍-വൈഭവ് സഖ്യം നല്‍കിയത്. പഞ്ചാബ് ബൗളര്‍മാരെ പഞ്ഞിക്കിട്ട ഇരുവരും അനായാസം റണ്‍സ് വാരിക്കൂട്ടി. അഞ്ചോവര്‍ ആവുമ്പോഴേക്കും റോയല്‍സ് ടോട്ടല്‍ 70 കടന്നിരുന്നു. ഇതോടെ കളി വളരെ അനായാസം റോയല്‍സ് ജയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

പക്ഷെ വൈഭവിന്റെ പുറത്താവല്‍ റോല്‍സിനു ബ്രേക്കിട്ടു. 15 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 40 റണ്‍സെടുത്ത താരത്തെ ഹര്‍പ്രീത് ബ്രാറിന്റെ ബൗളിങില്‍ മിച്ചെല്‍ ഓവന്‍ പിടികൂടി. ഒമ്പതാം ഓവറില്‍ ടീം ടോട്ടല്‍ 109ല്‍ വച്ച് ജയ്‌സ്വാളും പുറത്തായി. ബ്രാര്‍ തന്നെയാണ് മറ്റൊരു വിലപ്പെട്ട വിക്കറ്റ് പോക്കറ്റിലാക്കിയത്. ഇതോടെ റോയല്‍സ് ബാറ്റിങിന്റെ മുനയൊടിഞ്ഞു.
സഞ്ജു, റിയാന്‍ പരാഗ് (13), ഷിംറോണ്‍ (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. ജുറേല്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും അദ്ദേഹം വീണതോടെ പഞ്ചാബ് ജയമുറപ്പിച്ചു. 31 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറും ജുറേലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നു നിര്‍ണായക വിക്കറ്റുകള്‍ പിഴുത ബ്രാറാണ് പഞ്ചാബിന്റെ ഹീറോ. മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഒമര്‍സായിയും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.
മിന്നിച്ച് വദേരയും ശശാങ്കും
സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 210 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ടോപ്പ് ത്രീ ഫ്‌ളോപ്പായെങ്കിലും നെഹാല്‍ വദേര (70), ശശാങ്ക് സിങ് (59*) എന്നിവരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ പഞ്ചാബിനെ വലിയ ടോട്ടലില്‍ എത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (30), അസ്മത്തുള്ള ഒമര്‍സായ് (21*) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.
പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ടീമിനു ലഭിച്ചത്. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തിലു റോയല്‍സ് പേസര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ പഞ്ചാബിന്റെ കണക്കുകൂട്ടല്‍ പാളി. രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ വെടിക്കെട്ട് താരമായ പ്രിയാന്‍ഷ് ആര്യയെ (9) തുഷാര്‍ ദേശ്പാണ്ഡെ മടക്കി (19/1).
അരങ്ങേറ്റ മല്‍സരം കളിച് മിച്ചെല്‍ ഓവനാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. പക്ഷെ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ക്വെന മഫായ്‌ക്കെതിരേ ആഞ്ഞുവീശിയ ഓവനു പിഴച്ചു. നേരെ മുകളിലേക്കുയര്‍ന്ന ബോള്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അനായാസം പിടികൂടി.
തൊട്ടടുത്ത ഓവറില്‍ തന്നെ വമ്പനടിക്കാരനായ പ്രഭ്‌സിമ്രന്‍ സിങും (21) മടങ്ങിയതോടെ പഞ്ചാബ് ശരിക്കും ഞെട്ടി. പതിവില്‍ നിന്നും വ്യത്യസ്തമായി ഉജ്ജ്വലമായാണ് തുഷാര്‍ പന്തെറിഞ്ഞത്. നാലാം ഓവറിലെ ആദ്യ ബോളില്‍ പ്രഭ്‌സിമ്രനെ അദ്ദേഹം മടക്കി. ലെഗ്‌സൈഡിലേക്കു പോയ ബോളില്‍ എഡ്ജായഓപ്പണറെ സഞ്ജു പിടികൂടുകയായിരുന്നു. അംപയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും സഞ്ജു റിവ്യു എടുത്തു. തീരുമാനം റോയല്‍സിനു അനുകൂലമായതോടെ പഞ്ചാബ് മൂന്നിന് 34ലേക്കും വീണു.
തുടര്‍ന്നാണ് മികച്ചൊരു കൂടുകെട്ട് കണ്ടത്. നാലാം വിക്കറ്റില്‍ ശ്രേയസ്- വദേര ജോടി 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി പഞ്ചാബിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇതോടെ 10ാം ഓവറില്‍ ടീം ടോട്ടല്‍ 100 കടക്കുകയും ചെയ്തു. 101ല്‍ നില്‍ക്കെ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗാണ് റോയല്‍ലിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ശ്രേയസ് മടങ്ങിയ ശേഷം വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കണ്ടതോടെ പഞ്ചാബ് ശക്തമായ നിലയിലെത്തി.

വദേര- ശശാങ്ക് ജോടി അഞ്ചാം വിക്കറ്റില്‍ നേടിയത് 58 റണ്‍സാണ്. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് വദേര പുറത്താവുന്നത്. വെറും 37 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും ഉള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
വദേരയ്ക്കു ശേഷം അപരാജിതമായ ആറാം വിക്കറ്റില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ട് കൂടി കണ്ടു. 60 റണ്‍സാണ് ശശാങ്ക്- ഒമര്‍സായ് സഖ്യം ചേര്‍ന്നെടുത്തത്. റോയല്‍സിനായി തുഷാര്‍ രണ്ടു വിക്കറ്റുകളെടുത്തു. മഫാക്ക്, പരാഗ്, മധ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.
ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് റോയല്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഇരുടീമുകളും ചില മാറ്റങ്ങള്‍ വരുത്തി. ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ജോഫ്ര ആര്‍ച്ചര്‍ക്കു പകരം സൗത്താഫ്രിക്കന്‍ പേസര്‍ ക്വെന മഫാക്കയെ റോയല്‍സ് പരീക്ഷിച്ചു. സീസണില്‍ അദ്ദേഹത്തിന്റെ ആദ്യ മല്‍സരം കൂടിയാണിത്.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ആകാശ് മധ്വാള്‍, തുഷാര്‍ ദേശ്പാണ്ഡെ, ക്വെന മഫാക്ക, ഫസല്‍ഹഖ് ഫറൂഖി.
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, മിച്ച് ഓവന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, സാവിയര്‍ ബാര്‍ലെറ്റ്.