ഐപിഎല്ലില്‍ രണ്ടാം കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലാണ് സഞ്ജു സാംസണിനും സംഘത്തിനും കാലിടറിയത്. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തോടെ കിരീടം തന്നെയാവും റോയല്‍സ് സ്വപ്‌നം കാണുന്നത്.
കഴിഞ്ഞ സീസണില്‍ കളിച്ച ടീമില്‍ മാറ്റങ്ങളോടെയാവും അടുത്ത എഡിഷനില്‍ റോയല്‍സ് കച്ചമുറുക്കുക. ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റമുണ്ടാവില്ലെങ്കിലും ബൗളിങില്‍ അടിമുടി മാറ്റങ്ങള്‍ നമുക്കുകാണാം. റോയല്‍സിന്റെ അടുത്ത സീസണിലെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

സഞ്ജു ഓപ്പണിങിനില്ല?
ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായി കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വന്നേക്കും. കാരണം അദ്ദേഹം തന്റെ സ്ഥിരം റോളായ മൂന്നാം നമ്പറില്‍ തന്നെ തുടരാനാണ് സാധ്യത. യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യയുടെ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണിങില്‍ പരീക്ഷിക്കാനാണ് റോയല്‍സ് ആലോചിക്കുന്നത്.
മെഗാ ലേത്തില്‍ 1.1 കോടി രൂപയ്ക്കാണ് 13 കാരനായ വൈഭവിനെ റോയല്‍സ് സ്വന്തമാക്കിയത്. ജയ്‌സ്വാളിനെ സൂപ്പര്‍ താര പദവിയിലേക്കു വളര്‍ത്തിയെടുത്ത റോയല്‍സ് ഇനി വൈഭവിനെയും ഇതേ രീതിയില്‍ ലോകോത്തര താരമാക്കി മാറ്റിയെടുക്കാന്‍ തയ്യാറെടുക്കുകയാണ്.
ഇടംകൈയന്‍ ബാറ്ററായ വൈഭവ് ഇപ്പോള്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചു കഴിഞ്ഞു. ഇതു റോയല്‍സിനും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ വൈഭവിനു ഓപ്പണിങ് റോള്‍ ഏല്‍പ്പിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കുകയും ചെയ്യും. ജയ്‌സ്വാളിനെപ്പോലെ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള താരമാണ് വൈഭവ്.
ഇവര്‍ക്കു ശേഷം മൂന്നാമനായിട്ടാണ് സഞ്ജു കളിച്ചേക്കുക. ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ഓപ്പണറായി കസറിയെങ്കിലും കേരളത്തിനു വേണ്ടി ഈ റോളില്‍ അദ്ദേഹം അത്ര മികച്ച പ്രകടനമല്ല നടത്തിയത്. അതുകൊണ്ടു തന്നെ റോയല്‍സില്‍ തന്റെ ഫേവറിറ്റ് റോളായ മൂന്നാം നമ്പറില്‍ തന്നെ തുടരാന്‍ ഇതു സഞ്ജുവിനെ പ്രേരിപ്പിച്ചേക്കുകയും ചെയ്യും.
കഴിഞ്ഞ തവണ 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ആദ്യത്തെ കുറച്ചു ബോളുകള്‍ ശ്രദ്ധയോടെ നേരിട്ട ശേഷം പിന്നീട് അഗ്രസീവ് ഷോട്ടുകള്‍ കളിക്കുയെന്ന രീതിയാണ് സഞ്ജു ഇപ്പോള്‍ പിന്തുടരുന്നത്. ഇതിനു ഏറ്റവും അനുയോജ്യമായ പൊസിഷന്‍ മൂന്നാം നമ്പറുമാണ്.

മധ്യനിര, ബൗളിങ്
രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ റിയാന്‍ പരാഗ്, നിതീഷ് റാണ, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍ എന്നിവരായിരിക്കും. കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ ടോപ് സ്‌കോററായിരുന്ന പരാഗ് അടുത്ത തവണയിലും ഫോം ആവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക.
ലേലത്തില്‍ പുതുതായി ടീമിലെത്തിയ റാണ ബാറ്റിങിലും ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ്. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് റാണ. അദ്ദേഹത്തിന്റെ സാന്നിധ്യം റോയല്‍സ് മധ്യനിരയ്ക്കു കൂടുതല്‍ കരുത്തേകും.
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ റോയല്‍സ് നിരയിലുണ്ടാവുക ഷിംറോണ്‍ ഹെറ്റ്‌മെയറും വനിന്ദു ഹസരംഗയുമാവും. ഫിനിഷിങ് റോള്‍ ഇരുവരുമായിരിക്കും നിര്‍വഹിക്കുക. ഹസരംഗയുടെ സാന്നിധ്യം റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പിന് കൂടുതല്‍ ആഴവും നല്‍കും. മഹീഷ് തീക്ഷണയായിരിക്കും റോയല്‍സിലെ മറ്റൊരു സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മയും ചേര്‍ന്നായിരിക്കും.
റോല്‍സിന്റെ ശക്തമായ പ്ലെയിങ് 11
യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ.