ജയ്പൂര്‍: ഐപിഎല്ലിലൂടെ വീണ്ടുമൊരു ഇന്ത്യന്‍ താരോദയത്തിനു ക്രിക്കറ്റ് ലോകം സാക്ഷിയായായിരിക്കുകയാണ്. 14 വയസ്സ് മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷിയാണ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തരംഗമായി മാറിയിരിക്കുന്നത്. പരിക്കേറ്റ നായകന്‍ സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പകരക്കാരനായാണ് വൈഭവിനു ഓപ്പണിങിലേക്കു നറുക്കുവീണത്.
നേരിട്ട ആദ്യ മൂന്നു ബോൡ രണ്ടു സിക്‌സറടക്കം 13 റണ്‍സ് വാരിക്കൂട്ടിയാണ് താരം ഞെട്ടിച്ചത്. 20 ബോളില്‍ 34 റണ്‍സ് വാരിക്കൂട്ടി വൈഭവ് ക്രീസ് വിടുകയും ചെയ്തു. മൂന്നു സിക്‌സറുകളും രണ്ടു ഫോറും കൗമാര താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ കളിക്കാന്‍ ലഭിച്ച അവസരം കൗമാര താരം ശരിക്കും മുതലാക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഒരു വമ്പന്‍ റെക്കോര്‍ഡ് വൈഭവിനെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഈ ഇടംകൈന്‍ ബാറ്ററെ തേടിയെത്തിയത്.

അവിശ്വസനീയ തുടക്കം
നായകന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയുമാണ് രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങില്‍ ഇറങ്ങിയത്. കമന്റേറ്റര്‍മാരും കാണികളുമെല്ലാം ഒരുപോരെ ഉറ്റുനോക്കിയത് വൈഭവിന്റെ പ്രകടനമായിരുന്നു. 14 വയസ്സ് മാത്രമുള്ള ഈ താരത്തിനു കന്നി മല്‍സരത്തില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നതാണ് എല്ലാവരുടെയും നെഞ്ചിടിപ്പ് കൂട്ടിയത്.
പക്ഷെ തനിക്കു കന്നി ഐപിഎല്‍ മല്‍സരം കളിക്കുന്നതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നു നേരിട്ട ആദ്യ ബോളില്‍ തന്നെ വൈഭവ് കാണിച്ചു തന്നു. പരിചയ സമ്പന്നനായ ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് താരത്തിനു സ്‌ട്രൈക്ക് ലഭിച്ചത്. എന്നാല്‍ ശര്‍ദ്ദുലിനോടു യാതൊരു ബഹുമാനവും കാണിക്കാതെ സിക്‌സര്‍ പറത്തിയാണ് വൈഭവ് ഐപിഎല്ലിലേക്കു വരവറിയിച്ചത്.
ഓഫ്സ്റ്റംപ് ഏരിയയില്‍ വന്ന ഗുഡ്‌ലെങ്ത്ത് ബോള്‍ കവര്‍ ഏരിയക്കു മുകളിലൂടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ വൈഭവ് സിക്‌സറിലേക്കു പായിക്കുകയായിരുന്നു. അടുത്ത ബോളില്‍ താരം സിംഗിളെടുത്തു. രണ്ടാം ഓവറില്‍ ആവേശ് ഖാനാണ് പന്തെറിഞ്ഞ്. രണ്ടാമത്തെ ബോളിലാണ് വൈഭവിനു സ്‌ട്രൈക്ക് ലഭിച്ചത്.

ശര്‍ദ്ദുലിനു പിന്നാലെ ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് ആവേശിനെയും വൈഭവ് വരവേറ്റത്. ഒരു ഫുള്‍ ടോസാണ് ആവേശ് പരീക്ഷിച്ചത്. എന്നാല്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ ലോങ് ഓണ്‍ ഏരിയയില്‍ വൈഭവിന്റെ സിക്‌സര്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ഓവറിലെ അവസാന ബോളില്‍ താരം പുറത്താവേണ്ടതായിരുന്നു. എന്നാല്‍ മിഡ് വിക്കറ്റ് ഏരിയില്‍ റണ്ണിങ് ക്യാച്ചിനു ശ്രമിച്ച പ്രിന്‍സ് യാദവിന്റെ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോയി. ഇതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു.
വൈഭവിന്റെ മൂന്നാമത്തെ സിക്‌സര്‍ എട്ടാം ഓവറില്‍ സ്പിന്നര്‍ ദിഗ്വേഷ് റാട്ടിക്കെതിരേയായിരുന്നു. ഓവറിലെ അവസാന ബോളാണ് കൗ കോര്‍ണറിനു മുകളിലൂടെ പുള്‍ ഷോട്ട് പായിച്ച് യുവതാരം വീണ്ടുമൊരു സിക്‌സര്‍ അക്കൗണ്ടിലേക്കു കുറിച്ചത്.
ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വൈഭവ് ക്രീസ് വിട്ടത്. ഒമ്പതാം ഓവറില്‍ മാര്‍ക്രമിനെതിരേ ഷോട്ടിനായി മുന്നോട്ടിറങ്ങിയ അദ്ദേഹത്തെ എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് സ്റ്റംപിങിലൂടെ പുറത്താക്കുകയായിരുന്നു.