ഐപിഎല്ലിന്റെ മെഗാ താരലേലം ഈ വര്‍ഷമവസാനത്തോടെ സംഭവിച്ചേക്കുമെന്നാണ് സൂചനകള്‍. അതിനു മുന്നോടിയായി ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്താന്‍ പോവുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കുകയും വേണം. ഫ്രാഞ്ചൈസികള്‍ കൈവിടുന്ന താരങ്ങളെയാണ് ലേലത്തിനുള്ള പൂളില്‍ നമുക്കു കാണാന്‍ സാധിക്കുക. കൂടാതെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരും ഇക്കൂട്ടത്തിലുണ്ടാവും.
ചില വമ്പന്‍ കളിക്കാരെ ലേലത്തിനുമുമ്പ് ടീമുകള്‍ കൈവിട്ടേക്കുമെന്നാണ് സൂചനകള്‍. ആരും തന്നെ പ്രതീക്ഷിക്കാത്ത ചില താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിക്കാന്‍ സാധ്യതയുള്ള ചില ഒഴിവാക്കലുകള്‍ ഏതൊക്കെ താരങ്ങളുടേതാവുമെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ഒരാള്‍. മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ മുംബൈ കൈവിടുകയാണെങ്കില്‍ അതു ആരാധകര്‍ക്കു വിലിയ ഷോക്ക് തന്നെയായിരിക്കും. പക്ഷെ ഇതു സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
കാരണം കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ശേഷം രോഹിത്തും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതു വലിയ രീതിയിലുള്ള ആരാധകരോഷത്തിനും ഇടയാക്കിയിരുന്നു.
മുംബൈയെ അഞ്ചു തവണ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിട്ട ക്യാപ്റ്റനാണ് രോഹിത്. പക്ഷെ ഇതിന്റെ യാതൊരു പരിഗണനയും നല്‍കാതെയാണ് അദ്ദേഹത്തെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്. ഇതില്‍ രോഹിത്തിനു വലിയ നിരാശയും രോഷവുമുണ്ടായിരുന്നു.
മാത്രമല്ല ഇതു ടീമില്‍ ഭിന്നിപ്പുണ്ടാക്കുകയും ഇതു മുംബൈയുടെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. വീണ്ടുമൊരു സീസണ്‍ കൂടി ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ രോഹിത് ആഗ്രഹിക്കില്ല. അതിനാല്‍ തന്നെ മുംബൈ കരാര്‍ നീട്ടാന്‍ തയ്യാറായാലും അദ്ദേഹം ഇതു അംഗീകരിക്കാനിടയില്ല.
ഫാഫ് ഡുപ്ലെസി
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരവുമായ ഫാഫ് ഡുപ്ലെസിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 2022 മുതല്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
മാത്രമല്ല കഴിഞ്ഞ മൂന്നു സീസണില്‍ ആര്‍സിബിയുടെ ഏറ്റവും മികച്ച ബാറ്ററും ഡുപ്ലെസിയാണ്. 45 ഇന്നിങ്‌സുകളില്‍ നിന്നും 38.04 ശരാശരിയില്‍ 1636 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തിട്ടുള്ളത്. 15 ഫിഫ്ഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.
ഫോമല്ല, മറിച്ച പ്രായമാണ് അദ്ദേഹത്തെ കൈവിടാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചേക്കുക. 40 കാരനായ ഡുപ്ലെസിക്കു പകരം വില്‍ ജാക്‌സ്, കാമറൂണ്‍ ഗ്രീന്‍ എന്നീ യുവതാരങ്ങളെ നിലനിര്‍ത്താന്‍ ആര്‍സിബി ശ്രമിച്ചേക്കും. ഇരുവരും ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനുകളുമാണ്.
പൃഥ്വി ഷാ
ഇന്ത്യന്‍ യുവതാരവും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷായെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി ബാറ്റിങില്‍ പരിതാപകരമായ പ്രകടനമാണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് പൃഥ്വിയെ ഒഴിവാക്കാന്‍ ഡിസിയെ പ്രേരിപ്പിക്കുന്നത്.
ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് പൃഥ്വി. പക്ഷെ വിവാദങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം താരത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുകയായിരുന്നു. നിലവില്‍ ഡിസി ടീമിനു ഒരു ബാധ്യതയായി പൃഥ്വി മാറിയിരിക്കുകയാണ്.

യുസ്വേന്ദ്ര ചഹല്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഒഴിവാക്കപ്പെടാനിടയുള്ള നാലാമത്തെ വമ്പന്‍ താരം. നിലവില്‍ റോയല്‍സ് ബൗളിങ് നിരയിലെ തുറുപ്പുചീട്ട് തന്നെയാണ് അദ്ദേഹം.
പക്ഷെ ബാറ്റിങില്‍ തീരെ വിശ്വസിക്കാന്‍ കഴിയില്ലെന്നത് ചഹലിന്റെ ഒരു ദൗര്‍ബല്യമാണ്. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കി ബാറ്റിങില്‍ കൂടി ആശ്രയിക്കുന്ന ഒരു താരത്തെ റോയല്‍സ് നോട്ടമിട്ടാല്‍ അദ്ഭുതപ്പെടാനില്ല.