ഐപിഎല്ലിന്റെ മെഗാ താരലേലം ഈ വര്‍ഷമവസാനത്തോടെ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപാട് കളിക്കാരെ ഇത്തവണത്തെ ലേലത്തില്‍ നമുക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം. ലേലത്തിനു മുമ്പ് പരമാവധി ആറു താരങ്ങളെയാവും ഫ്രാഞ്ചൈസികള്‍ക്കു നിലനിര്‍ത്താന്‍ സാധിച്ചേക്കുക. അതുകൊണ്ടു തന്നെ ബാക്കിയുള്ളവരെയെല്ലാം ടീമുകള്‍ക്കു കൈവിടേണ്ടതായും വരും. ഇവരെയെല്ലാം ലേലത്തിന്റെ പൂളില്‍ നമുക്കു കാണാം. ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങള്‍ മാത്രമല്ല, പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാരും ലേലത്തിനുണ്ടാവും.
കഴിഞ്ഞ തവണത്തെ മിനി താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു ഏറ്റവും വിലയേറിയ താരമായത്. 24.75 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് അദ്ദേഹത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരുടെ കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ വരാനിരിക്കുന്ന ലേലത്തില്‍ സ്റ്റാര്‍ക്കിന്റെ ഈ റെക്കോര്‍ഡ് കടപുഴകിയേക്കും. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ മെഗാ ലേലത്തില്‍ എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാക്കിയേക്കും. മുംബൈ ടീമിനോടൊപ്പം അദ്ദേഹം തുടരുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ സീസണിനു മുമ്പ് തന്നെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതു മുതല്‍ രോഹിത് ഇടഞ്ഞുനില്‍പ്പാണ്. ടീമിനൊപ്പം ഇനി തുടരാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
മുംബൈയില്‍ തുടര്‍ന്നു കളിക്കുമോയെന്നതിനെക്കുറിച്ച് രോഹിത് ഇനിയും തുറന്നു പറഞ്ഞിട്ടില്ല. ഹാര്‍ദിക്കിനു കീഴില്‍ തുടര്‍ന്നും കളിക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഫ്രാഞ്ചൈസിയോടു ഹിറ്റ്മാന്‍ ഗുഡ്‌ബൈ പറയാന്‍ തന്നെയാണ് സാധ്യത. ഇതു സംഭവിച്ചാല്‍ മെഗാ ലേലത്തില്‍ പലരുടെയും നോട്ടപ്പുള്ളി രോഹിത്തായിരിക്കും.
അദ്ദേഹത്തിനു വേണ്ടി 50 കോടി വരെ മുടക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകള്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് അടുത്തിടെ ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തത്. നിലവില്‍ 16 കോടിയാണ് രോഹിത്തിനു മുംബൈയിലെ ശമ്പളം. പക്ഷെ ലേലത്തില്‍ ഉള്‍പ്പെട്ടാല്‍ ഇതിന്റെ ഇരട്ടിയിലേറെ അദ്ദേഹത്തിനു ശമ്പളമായി ലഭിക്കുമെന്നതില്‍ സംശയമില്ല.

സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. സീസണിനു മുമ്പ് റോയല്‍സ് വിടാന്‍ അദ്ദേഹം തയ്യാറെടുക്കുകയാണെന്നാണ് സൂചനകള്‍. റോയല്‍സുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ലേലത്തില്‍ സഞ്ജുവിന്റെയും പേര് നമുക്കു കാണാം.
ലേലത്തില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റ് തന്നെ പ്രതീക്ഷിക്കാം. കാരണം മൂന്നു റോളുകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നയാളാണ് സഞ്ജു. വിക്കറ്റ് കീപ്പിങ്, ബാറ്റിങ് എന്നിവയ്‌ക്കൊപ്പം ക്യാപ്റ്റന്‍സിയും ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതാണ് ലേലത്തില്‍ സഞ്ജുവിന്റെ ഡിമാന്റുയര്‍ത്തുന്ന ഘടകം. 30 കോടി രൂപ വരെ ലേലത്തില്‍ അദ്ദേഹത്തിനായി മുടക്കാന്‍ ചില ടീമുകള്‍ തയ്യാറാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
ഫില്‍ സാള്‍ട്ട്
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാവാതിരുന്ന താരമാണ് അദ്ദേഹം. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലേലത്തിനു ശേഷം പകരക്കാരനായി സാള്‍ട്ടിനെ ടീമിലെത്തിക്കുകയായിരുന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.
ഓപ്പണിങ് റോളില്‍ കെകെആറിനു വേണ്ടി സാള്‍ട്ട് കത്തിക്കയറി. 182.10 സ്‌ട്രൈക്ക് റേറ്റില്‍ 435 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ ലേലത്തിനു മുമ്പ് ഇംഗ്ലണ്ട് താരത്തെ കെകെആര്‍ നിലനിര്‍ത്താനിടയില്ല. അതുകൊണ്ടു തന്നെ ലേലത്തിന്റെ പൂളില്‍ സാള്‍ട്ടിനെ തീര്‍ച്ചയായും കാണാന്‍ സാധിച്ചേക്കും.