മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പ് തന്നെ പ്രമുഖ താരങ്ങളുമായി കരാറിലേക്കെത്താനുള്ള നീക്കമാണ് ടീമുകള്‍ നടത്തുന്നത്. പല വമ്പന്‍ താരങ്ങളുടേയും കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മ കൂടുമാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.
അവസാന സീസണില്‍ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ രോഹിത് മുംബൈ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. രോഹിത് ശര്‍മ ടീമില്‍ തുടര്‍ന്നാല്‍ നായകനായി ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നോട്ട് പോവുക പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ രോഹിത് ടീം വിടാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
എന്നാല്‍ എങ്ങോട്ടാണ് രോഹിത് കൂടുമാറുന്നതെന്നതാണ് പ്രസക്തമായ ചോദ്യം. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ പല ടീമുകളുടേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഹിത് കൂടുമാറുന്നത് പഞ്ചാബ് കിങ്‌സിലേക്കാണെന്നാണ് വിവരം. പഞ്ചാബ് ടീമിന്റെ വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. നായകനായി രോഹിത്തിനെ കൊണ്ടുവരാനാണ് പഞ്ചാബിന്റെ പദ്ധതി.
അവസാന സീസണില്‍ ശിഖര്‍ ധവാനായിരുന്നു പഞ്ചാബിന്റെ നായകന്‍. എന്നാല്‍ പരിക്ക് തളര്‍ത്തിയ താരം അവസാന സീസണില്‍ പല മത്സരവും കളിച്ചിരുന്നില്ല. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ നായകസ്ഥാനത്ത് നിന്ന് ധവാനെ പഞ്ചാബ് ഒഴിവാക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഈ റോളിലേക്ക് രോഹിത് ശര്‍മയെ എത്തിക്കാനാണ് പഞ്ചാബ് നീക്കം നടത്തുന്നത്.

പഞ്ചാബ് കിങ്‌സിന്റെ ക്രിക്കറ്റ് ഡവലപ്‌മെന്റിന്റെ ചുമതലയുള്ള സഞ്ജയ് ബംഗാറാണ് രോഹിത് ശര്‍മയെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്ന സൂചന പുറത്തുവിട്ടത്. 'പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സിലെ സാഹചര്യം അനുസരിച്ചാവും രോഹിത്തിന്റെ കാര്യം തീരുമാനിക്കുക. എന്നാല്‍ രോഹിത് ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം അവന് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ബംഗാര്‍ പറഞ്ഞു. എന്നാല്‍ ഈ നീക്കം നടക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.
മുംബൈയെ അഞ്ച് തവണ ചാമ്പ്യനാക്കിയ രോഹിത് പഞ്ചാബിലേക്ക് പോകാന്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ രണ്ട് ടീമുകളെയാണ് രോഹിത് കൂടുമാറിയാലും പ്രധാനമായും നോട്ടമിടുന്നത്. മെഗാ ലേലത്തിലേക്ക് രോഹിത് എത്തിപ്പെടാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. അതിന് മുമ്പ് തന്നെ മറ്റേതെങ്കിലും ടീമുമായി രോഹിത് ധാരണയിലേക്കെത്തിയേക്കും.
അന്താരാഷ്ട്ര ടി20യില്‍ നിന്ന് രോഹിത് വിരമിച്ചെങ്കിലും ഇപ്പോഴും കിടിലന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ ടി20യിലേതിന് സമാനമായ പ്രകടനമാണ് ഇപ്പോള്‍ രോഹിത് നടത്തുന്നത്. വെടിക്കെട്ട് ബാറ്റിങ് മികവ് രോഹിത്തിന് അവകാശപ്പെടാനാവും. എന്നാല്‍ താരത്തിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം മോശമാണ്. പഞ്ചാബ് കിങ്‌സിന് രോഹിത്തിനെ ഒപ്പം കൂട്ടാന്‍ താല്‍പര്യമുണ്ടാവും.
എന്നാല്‍ രോഹിത് ഈ കൂടുമാറ്റത്തിന് തയ്യാറായേക്കില്ല. വരുന്ന സീസണില്‍ വലിയ പൊളിച്ചെഴുത്ത് പഞ്ചാബ് കിങ്‌സ് നടത്തിയേക്കും. നിലവിലെ ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. ഐപിഎല്ലില്‍ ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും കപ്പിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. സമീപകാലത്തായി പഞ്ചാബ് ടീം മാനേജ്‌മെന്റിനിടയിലും ചില അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. എന്തായാലും പഞ്ചാബിലേക്ക് രോഹിത് കൂടുമാറാന്‍ സാധ്യത കുറവാണെന്ന് പറയാം.