ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ബെസ്റ്റ് ടീമുകളിലൊന്നെന്നു മുംബൈ ഇന്ത്യന്‍സിനെ തീര്‍ച്ചയായും വിളിക്കാം. അവരുടെ അഞ്ചു കിരീട വിജയങ്ങള്‍ ഇതു തന്നെയാണ് അടിവരയിടുന്നത്. ഈ വര്‍ഷം ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ആറാം ട്രോഫിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് ലക്ഷ്യമിട്ടായിരുന്നു അവര്‍ ഇറങ്ങിയത്. പക്ഷെ ഈ നേട്ടത്തിനു വെറും രണ്ടു ജയമകലെ മുംബൈ കാലിടറി വീഴുകയായിരുന്നു.
രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റാണ് എംഐ പുറത്തായത്. ഇനി അടുത്ത സീസണില്‍ ടീമിനു മൂര്‍ച്ച കൂട്ടി ശക്തമായൊരു തിരിച്ചുവരവായിരിക്കും അവരുടെ ലക്ഷ്യം. ഇതിനായി ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ടീമില്‍ ആവശ്യമാണ്. അടുത്ത ലേലത്തിനു മുന്നോടിയായി നിലവിലെ സ്‌ക്വാഡിലുള്ള ചിലരെ മുംബൈ ഒഴിവാക്കേണ്ടതും പ്രധാനമാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

രോഹിത് ശര്‍മ
മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. മുബൈ ഇന്ത്യന്‍സിന്റെ തലവര മാറ്റിയത് അദ്ദേഹമാണെന്നതില്‍ സംശയമില്ല. അവര്‍ അഞ്ചു ഐപിഎല്‍ ട്രോഫികളുയര്‍ത്തിയതും ഹിറ്റ്മാന്റെ കീഴില്‍ തന്നെ. പക്ഷെ അദ്ദേഹം ഇപ്പോള്‍ കരിയററിന്റെ അവസാനത്തോടു അടുക്കുകയാണ്.
സമാപിച്ച ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ രോഹിത്തിനെ മുംബൈ ഉപയോഗിച്ചിരുന്നുള്ളൂ. 128 സ്‌ട്രൈക്ക്‌റേറ്റില്‍ 402 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. ഭൂരിഭാഗം ഇന്നിങ്‌സുകളിലും തനിക്കു ലഭിച്ച ഭേദപ്പെട്ട തുടക്കങ്ങള്‍ മുതലാക്കാന്‍ രോഹിത്തിനു സാധിച്ചില്ല.
മുംബൈ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. രോഹിത്തിനെ ഒഴിവാക്കി പകരം അടുത്ത അഞ്ചു വര്‍ഷത്തേക്കു ടീമിനു മുതല്‍ക്കൂട്ടാലുന്ന യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനാണ് അവര്‍ അടുത്ത സീസണില്‍ ശ്രമിക്കേണ്ടത്.
റോബിന്‍ മിന്‍സ്
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബിന്‍ മിന്‍സാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ മെഗാ ലേലത്തിലാണ് അദ്ദേഹം മുംബൈ ടീമിനൊപ്പം ചേര്‍ന്നത്. മധ്യനിരയില്‍ രണ്ടു മല്‍സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ മിന്‍സിനു അവസരം സഭിച്ചെങ്കിലും അതു വേണ്ടത്ര മുതലാക്കിയില്ല. വെറും ആറു റണ്‍സ് മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. 40ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.
ഡെത്ത് ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയതും ലഭിച്ച തുടക്കങ്ങള്‍ നല്ല സ്‌കോറുകളിലെത്തിക്കാന്‍ മിന്‍സിനു സാധിക്കാതിരുന്നതും ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവരെയും സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ മുംബൈയ്ക്കു ആവശ്യവുമില്ല.
മിച്ചെല്‍ സാന്റ്‌നര്‍
ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌നറിനെയും ഒഴിവാക്കുന്ന കാര്യം മുംബൈ ഇന്ത്യന്‍സിനു പരിഗണിക്കാം. ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹത്തിനു 13 മല്‍സരങ്ങളില്‍ നിന്നും 8.25 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളാണ് നേടാനായത്. ബാറ്റിങിലാവട്ടെ വെറും 56 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ.
ഇതിനേക്കാള്‍ മികച്ച സംഭാവനള്‍ സാന്റ്‌നറില്‍ നിന്നും മുംബൈ ടീം പ്രതീക്ഷിച്ചിട്ടുണ്ടാവുമെന്ന കാര്യമുറപ്പാണ്. അദ്ദേഹത്തിനു പകരം ബാറ്റിങിലും ബൗളിങിലും കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു ഓള്‍റൗണ്ടറെയാണ് അവര്‍ക്കു വരും സീസണില്‍ ആവശ്യം.
ദീപക് ചാഹര്‍
പേസ് ബൗളിങിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിക്കുകളുടെ തോഴനായ ദീപക് ചാഹറെ ഈ സീസണില്‍ ടീമിലേക്കു മുംബൈ ഇന്ത്യന്‍സ് കൊണ്ടുവന്നത്. ചില മല്‍സരങ്ങളില്‍ തിളങ്ങിയതൊഴിച്ചാല്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം താരം നടത്തിയില്ല. പരിക്കു കാരണം അവസാനത്തെ ചില മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
മുംബൈയ്ക്കായി 14 മല്‍സരങ്ങളിലാണ് ചാഹര്‍ പന്തെറിഞ്ഞത്. 9.1 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും 11 വിക്കറ്റുകളുമാണ്. പവര്‍പ്ലേയില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ഡെത്ത് ഓവറില്‍ റണ്‍സ് വഴങ്ങുകയെന്ന വീക്ക്‌നെസ് ഇത്തവണയും ചാഹര്‍ ആവര്‍ത്തിച്ചിരുന്നു.

തിലക് വര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ ഭാവി സൂപ്പര്‍താരങ്ങളിലൊരായി ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ട യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. തിലകിനെ സംബന്ധിച്ച് മോശം സീസണുകളിലൊന്നായിരുന്നു ഇത്തവണത്തേത്.
11 ഇന്നിങ്‌സുകളില്‍ നിന്നും 119 ശരാശരിയില്‍ വെറും 178 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റി പോലും താരം നേടിയതുമില്ല. പേസ്, സ്പിന്‍ ബൗളിങിനെതിരേ തിലക് ഒരുപോലെ പാടുപെടുകയും ചെയ്തു. ഒരു മല്‍സരത്തില്‍ സ്ലോ ബാറ്റിങ് കാരണം അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് തിരികെ വിളിച്ചതും വലിയ വാര്‍ത്തയായിരുന്നു.