Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്തിന് മുംബൈയില്‍ അതൃപ്തി, സഹീറിനോട് പറഞ്ഞതെന്ത്? സംഭാഷണം വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്. ഇതുവരെ കപ്പടിക്കാത്ത ടീമുകള്‍ ആദ്യ റൗണ്ടുകളില്‍ ശോഭിക്കുന്നത് ടൂര്‍ണമെന്റിന്റെ ആവേശം ഉയര്‍ത്തുന്നു. ഇത്തവണ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്.

ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മക്ക് ഐപിഎല്ലില്‍ മികവ് കാട്ടാനാവുന്നില്ല. കളിച്ച മൂന്ന് മത്സരത്തിലും നിലവാരം കാട്ടാന്‍ രോഹിത്തിനായിട്ടില്ല. മുംബൈയുടെ രോഹിത്തിനെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ് നിലവിലെ പ്രകടനം. അതിവേഗം റണ്‍സുയര്‍ത്താനോ ടീമിന്റെ മാച്ച് വിന്നറാവാനോ ഇപ്പോള്‍ രോഹിത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രോഹിത്തിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്.

ഇപ്പോഴിതാ മുന്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകനും താരവുമായിരുന്ന സഹീര്‍ ഖാനുമായി രോഹിത് ശര്‍മ നടത്തിയ സ്വകാര്യ സംഭാഷണം വൈറലായിരിക്കുകയാണ്. മുംബൈയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന തരത്തിലാണ് രോഹിത് സഹീര്‍ ഖാനോട് സംസാരിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഞാന്‍ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഇത്തവണ സഹീര്‍ ഖാന്‍. മുംബൈയുടെ ലഖ്‌നൗവും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് സഹീറും രോഹിത്തും കണ്ട് മുട്ടിയത്. ഈ സമയത്ത് രോഹിത് സഹീറിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. മുംബൈ ടീമിനായി താന്‍ എല്ലാം ചെയ്ത് കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത്. ഞാന്‍ എല്ലാം കൃത്യമായി ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല എന്നാണ് സഹീറിനോട് രോഹിത് പറഞ്ഞത്.

rohit sharma

ഈ സമയത്താണ് റിഷഭ് പന്ത് കടന്ന് വരുന്നത്. സഹീറും രോഹിത്തും സംസാരിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ റിഷഭ് രോഹിത്തിനെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു. ഈ സമയത്ത് രോഹിത്തും സഹീറും തങ്ങളുടെ സംഭാഷണം നിര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. രോഹിത് ശര്‍മ മുംബൈ ടീം മാനേജ്‌മെന്റിന്റെ പിന്തുണക്കുറവിനെക്കുറിച്ചാണ് തുറന്ന് സംസാരിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ശരിയാണെന്ന് തന്നെയാണ് ഇവരുടെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാവുന്നത്.

രോഹിത്തിന് ഫോം കണ്ടെത്താനാവുന്നില്ല

മുംബൈയുടെ മുന്‍ നായകനായ രോഹിത് ശര്‍മ അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ തികച്ചും അപ്രതീക്ഷിതമായി രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ആ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരികയുമായിരുന്നു. ഇതിലെ അതൃപ്തി രോഹിത് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ടീം മാനേജ്‌മെന്റുമായി ധാരണയിലെത്തിയ രോഹിത് ഇത്തവണയും ടീമിനൊപ്പം തുടര്‍ന്നു.

എന്നാല്‍ രോഹിത്തിനെ മുംബൈ ടീം കൈകാര്യം ചെയ്തതില്‍ ആരാധകര്‍ക്കടക്കം വലിയ നിരാശയുണ്ടായിരുന്നു. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനായിട്ടും വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതില്‍ രോഹിത്തിന്റെ ഭാര്യയടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത്തവണ മുംബൈയില്‍ കളിക്കുന്നുണ്ടെങ്കിലും പഴയ മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ മുംബൈയുടെ നായകസ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ഈ സീസണോടെ വിരമിച്ചേക്കും.

രോഹിത് ശര്‍മയുടെ അവസാന ഐപിഎല്‍ സീസണായി ഇത്തവണത്തെ സീസണ്‍ മാറിയേക്കും. രോഹിത് ഇതേ ഫോമില്‍ കളിച്ചാല്‍ താരത്തെ മുംബൈ പ്ലേയിങ് 11 നിന്ന് തന്നെ മാറ്റിയേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാനോ രോഹിത് ശര്‍മക്ക് സാധിക്കുന്നില്ല. കൂടാതെ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് ഇപ്പോള്‍ രോഹിത്തിനെ ഉപയോഗിക്കുന്നത്. ഇതൊക്കെ വിലയിരുത്തുമ്പോള്‍ രോഹിത്തിന് മുംബൈക്കൊപ്പം അധികനാള്‍ പോകാനായേക്കില്ല. നിലവില്‍ രോഹിത്തിന് മുംബൈയില്‍ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇതിന്റെ നിരാശ രോഹിത്തിനുണ്ടെന്ന് തന്നെ പറയാം.

Story first published: Friday, April 4, 2025, 11:33 [IST]
Other articles published on Apr 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+