മുംബൈ: മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2025ലെ മെഗാ ലേലത്തിന് മുന്നോടിയായുള്ള തങ്ങളുടെ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അപ്രതീക്ഷിത കൂടുമാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അടിത്തറ ഉറപ്പിച്ച് തന്നെയാണ് മുംബൈ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ തുടരുമെന്നതാണ് എടുത്തു പറയേണ്ടത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. ഇതിന് കാരണം മുംബൈ ടീമിലെ പ്രശ്‌നങ്ങളായിരുന്നു.
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതാണ് ടീമിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ മുംബൈ രോഹിത്തിനെ ഒഴിവാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ നിലനിര്‍ത്തി മുംബൈ പുതിയ സീസണിന് പടയൊരുക്കുകയാണ്. എന്തായാലും അടുത്ത സീസണിന് മുമ്പ് അടിത്തറ ഉറപ്പിക്കാന്‍ മുംബൈക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ബുംറക്ക് കൂടുതല്‍ പ്രതിഫലം
മുംബൈ ഇന്ത്യന്‍സില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത് ജസ്പ്രീത് ബുംറക്കാണ്. സീനിയര്‍ പേസര്‍ക്ക് 18 കോടി രൂപയാണ് മുംബൈ പ്രതിഫലമായി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ടി20 നായകനായ സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കാണ് മുംബൈ നിലനിര്‍ത്തിയത്. നായകസ്ഥാനം സൂര്യക്ക് നല്‍കിയേക്കില്ലെന്നാണ് വിവരം. നിലവിലെ നായകനായ ഹാര്‍ദിക് പാണ്ഡ്യയെ 16.35 കോടിക്കാണ് മുംബൈ നിലനിര്‍ത്തിയത്. അടുത്ത സീസണിലും നായകസ്ഥാനത്ത് ഹാര്‍ദിക്കുണ്ടാവും.
മുന്‍ നായകനും അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച ചാമ്പ്യന്‍ താരവുമായ രോഹിത് ശര്‍മക്ക് 16.30 കോടി രൂപയാണ് പ്രതിഫലം. യുവതാരവും ഇന്ത്യയുടെ ഭാവി പ്രതീക്ഷയുമായ തിലക് വര്‍മയെ 8 കോടി രൂപക്കാണ് മുംബൈ നിലനിര്‍ത്തിയത്. നിലവില്‍ മുംബൈയുടെ നീക്കം അതി ഗംഭീരമാണെന്ന് പറയാം. ടീമിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയതോടെ കരുത്ത് ഉറപ്പിക്കാന്‍ മുംബൈക്ക് സാധിച്ചു. ഇനി മികച്ച ടീമിനെ കെട്ടിപ്പടുക്കുക മുംബൈക്ക് പ്രയാസമായിരിക്കില്ല.

ഇഷാന്‍ കിഷന്‍ പുറത്ത്
മുംബൈ ഇന്ത്യന്‍സ് ഇഷാനെ കിഷനെ പുറത്താക്കിയതാണ് എടുത്തു പറയേണ്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ ഇത്തവണ മുംബൈ കൈവിട്ടതോടെ അടുത്ത സീസണില്‍ മികച്ചൊരു വിക്കറ്റ് കീപ്പറെ മുംബൈക്ക് ആവശ്യമായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കിയതിനാല്‍ ഇംഗ്ലണ്ട് നായകനെ ഓപ്പണറായി കൊണ്ടുവരാന്‍ മുംബൈ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം. മെഗാ ലേലത്തിന് മുമ്പ് തന്നെ ബട്‌ലറെ ടീമിലേക്കെത്തിക്കാനുള്ള നീക്കങ്ങളിലാണ് മുംബൈയെന്നാണ് സൂചന.
അതേ സമയം ഇഷാനെ സംബന്ധിച്ച് മുംബൈ ഒഴിവാക്കിയത് വലിയ തിരിച്ചടിയാണ്. ബിസിസി ഐ കരാറിന് പുറത്തുള്ള ഇഷാന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക ഇനി കടുപ്പമാവും. മുംബൈ ഒഴിവാക്കിയത് ഇഷാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. എന്നാല്‍ സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഇഷാനെ മെഗാ ലേലത്തില്‍ വമ്പന്‍ പ്രതിഫലത്തില്‍ വാങ്ങാന്‍ കടുത്ത മത്സരം തന്നെ ഉണ്ടാവുമെന്നുറപ്പാണ്. മുംബൈ നിലനിര്‍ത്തിയത് തിലക് വര്‍മയുടെ കരിയറില്‍ വഴിത്തിരിവാകും.
മുംബൈക്ക് മികച്ച ബൗളിങ് നിര വേണം
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിര ഇപ്പോള്‍ത്തന്നെ ശക്തമാണ്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്ന മുംബൈ ബാറ്റിങ് നിര ഇപ്പോള്‍ത്തന്നെ ശക്തമാണ്. ഇതിലേക്ക് ബട്‌ലറെത്തിയാല്‍ ടീമിന്റെ കരുത്ത് ഇരട്ടിക്കും. മുംബൈക്കാവശ്യം ശക്തമായ ബൗളിങ് നിരയെയാണ്.
മികച്ച പേസര്‍മാരേയും സ്പിന്നര്‍മാരേയും ഓള്‍റൗണ്ടര്‍മാരേയും വാങ്ങാനാവും മുംബൈ കൂടുതല്‍ പണം മുടക്കുകയെന്ന കാര്യം ഉറപ്പാണ്. ബാറ്റിങ് നിരയില്‍ ഇനി യുവതാരങ്ങളെയാവും മുംബൈ കൂടുതല്‍ നോട്ടമിടുക. ബട്‌ലര്‍ക്കായി വലിയൊരു തുക മുംബൈ മുടക്കാന്‍ സാധ്യതയുണ്ട്.