ഐപിഎല്ലിന്റെ 18ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ബാറ്റിങില്‍ പതറുന്ന മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയ്ക്കു മുന്നറിയിപ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഈ സീസണില്‍ തുടരെ രണ്ടാമത്തെ കളിയിലും ഹിറ്റ്മാന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ഡെക്കായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലും രോഹിത് തികഞ്ഞ പരാജയമായി മാറി. മുഹമ്മദ് സിറാജിന്റെ കിടിലനൊരുബോളില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത്തിനു മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ചില ഉപദേശങ്ങളും മഞ്ജരേക്കര്‍ നല്‍കിയിരിക്കുന്നത്.

കാര്യങ്ങള്‍ കൈവിട്ടു പോവുന്നു
രോഹിത് ശര്‍മയെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ ഐപിഎല്ലില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്നും ഇതു മറികടക്കാന്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂവെന്നുമാണ് സഞ്ജയ് മഞ്ജരേക്കറുടെ നിരീക്ഷണം.
രോഹിത് ശര്‍മ ഇപ്പോള്‍ വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. മൂന്നു- നാലു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള രോഹിത് ശര്‍മയെയല്ല ഇപ്പോള്‍ നമ്മള്‍ കാണുന്നത്. എല്ലാ ദിവസം രാവിലെും സ്വയം പുഷ് ചെയ്യുന്നതിനൊപ്പം കഠിനമായി അധ്വാനിക്കുകയും ഏറ്റവും ബെസ്റ്റായി നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് ഇപ്പോള്‍ അദ്ദേഹം.
കാരണം രോഹിത്തില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും സ്വഭാവികമായിട്ടുള്ള കഴിവുകളെ തന്നെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
രോഹിത്തിന്റെ ഐപിഎഎല്‍ കരിയറെടുത്താല്‍ കഴിഞ്ഞ കുറച്ചു സീസണുകളായി പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുളളതായി കാണാം. 2020 മുതലുള്ള സീണുകളെടുത്താല്‍ ഒരു സീസണില്‍ മാത്രമാണ് അദ്ദേഹത്തിനു 400നു മുകളില്‍ സകോര്‍ ചെയ്യാനായിട്ടുള്ളത്. ഇതാവട്ടെ കഴിഞ്ഞ വര്‍ഷവുമായിരുന്നു. മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ സീസണില്‍ 417 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
മുംബൈയുടെ ബാറ്റിങ് പ്രകടനം
ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീമിലെ വിദേശ താരങ്ങള്‍ക്കു ബാറ്റിങില്‍ തിളങ്ങാന്‍ കുറച്ചു കൂടി സമയം നല്‍കണമെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം.
മുംബൈ ടീമിലുള്ള റയാന്‍ റിക്കെല്‍റ്റണ്‍ സൗത്താഫ്രിക്കന്‍ താരമാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പിച്ചുകളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. എബി ഡിവില്ലിയേഴ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ വളരെ കുറച്ചു സൗത്താഫ്രിക്കന്‍ താരങ്ങള്‍ക്കു മാത്രമേ ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടു തന്നെ നമ്മള്‍ അവര്‍ക്കു സമയം കൊടുക്കണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരും മുംബൈ നിരയിലുണ്ടെങ്കിലും ബാറ്റിങ് ലൈനപ്പ് അത്ര മികച്ചതായിട്ടല്ല കാണപ്പെടുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബാറ്റിലേക്കു ബോള്‍ നന്നായി വരുന്ന പിച്ചുകളെ അവര്‍ കൂടുതലായി ആശ്രയിക്കുന്നതായും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
ജിടിക്കെതിരായ റണ്‍ചേസ്
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ ഐപിഎല്‍ മല്‍സരത്തില്‍ 36 റണ്‍സിന്റെ പരാജയമാണ് മുംബൈ ഇന്ത്യന്‍സിനു നേരിട്ടത്. 197 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം മുംബൈ പിന്നീട് റണ്‍ചേസില്‍ ഇല്ലാതിരുന്നതു പോലെയാണ് കാണപ്പെട്ടതെന്നു സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

35 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ കൈവിട്ട ശേഷം പിന്നീട് റണ്‍ചേസില്‍ മുംബൈ ഇല്ലാതിരുന്നതു പോലെയാണ് തോന്നിയത്. താരതമ്യം ചെയ്യുമ്പോള്‍ ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ ജിടി 129 റണ്‍സെടുത്തിരുന്നു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മുംബൈയ്ക്കായി ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
190 റണ്‍സ് ചേസ് ചെയ്യവെ നിങ്ങളൊരു കൂട്ടുകെട്ടിനു ശ്രമിച്ചാല്‍ അതു ആവശ്യമായ റണ്‍റേറ്റ് വര്‍ധിക്കാനാണ് വഴിയൊരുക്കുക. അതു തന്നെയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഗുജറാത്ത് ടൈറ്റന്‍സാണ് കൂടുതല്‍ നന്നായി ബാറ്റ് ചെയ്തതെന്നു നിങ്ങള്‍ക്കു അവസാനം പറയാമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.