ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഫിനിഷറുമായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസം എംഎസ് ധോണി ഈ സീസണില്‍ ശരിക്കും കോമഡി കഥാപാത്രമായിരിക്കുകയാണ്. അത്ര മാത്രം വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോള്‍ അദ്ദേഹം വിവിധ കോണുകളില്‍ നിന്നും നേരിട്ടു കൊണ്ടിരിക്കുന്നത്. ധോണിയുടെ ബാറ്റിങ് പൊസിഷന്‍ ഏറെ ബാറ്റിങ് പൊസിഷനും ചില മല്‍സരങ്ങളില്‍ സ്ലോ ബാറ്റിങുമെല്ലാം ക്രൂശിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്തതോടെ നായകസ്ഥാനവും ധോണിയിലേക്കു വന്നിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിനു കീഴിലിറങ്ങിയ സിഎസ്‌കെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
ഈ തരത്തില്‍ ധോണിക്കു ഈ സീസണില്‍ തിരിച്ചടികള്‍ നേരിടാനുള്ള പ്രധാന കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടു ചെയ്തതിനുള്ള ശാപമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് സംഭവമെന്നു നോക്കാം.

ധോണി ചെയ്തതെന്ത്?
ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു യുഎഇ, പാകിസ്താന്‍ എന്നീവിടങ്ങളിലായി നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ജേതാക്കളായത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ടീം ഇന്ത്യ ട്രോഫിയില്‍ മുത്തമിടുകയായിരുന്നു. രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഐസിസി ട്രോഫി നേട്ടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കിയിരുന്നു.
മൂന്നു വ്യത്യസ്ത ഐസിസി ട്രോഫികളുള്ള ലോകത്തിലെ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് എംഎസ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ടീമിനു സമ്മാനിച്ചത്. ഇപ്പോള്‍ രോഹിത്തും ഈ നേട്ടത്തിലേക്കു നീങ്ങുകയാണ്.
ടി20 ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ അദ്ദേഹം 2027ലെ ഏകദിന ലോകകപ്പിലും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് കൂടി നേടിയ ശേഷം ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തിയതിനു ശേഷം വിരമിക്കാനാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ പ്ലാന്‍. 2027ലെ ലോകകപ്പ് വരെ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷം ധോണിയോടു ഇതേക്കുറിച്ച് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നും തന്നെ പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നു. ഐപിഎല്ലിന്റെ ഭാഗമായി ചെന്നൈയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തര്‍ ധോണിയോടു ഇന്ത്യന്‍ വിജയത്തെക്കുറിച്ച് ചോദിച്ചത്. പക്ഷെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിക്കാനോ, ഇന്ത്യന്‍ ടീമിനെ പ്രശംസിക്കാനെ തയ്യാറാവാതെ ധോണി ഗൗരവത്തില്‍ പോവുകയായിരുന്നു.

അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിനെതിരേ അന്നു തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മറ്റുള്ള മുന്‍ താരങ്ങളും ചില ക്യാപ്റ്റന്‍മാരുമെല്ലം രോഹിത്തിനെയും ടീമിനെയും വാനോളം പുകഴ്ത്തിയിട്ടും ഇതേക്കുറിച്ച് അങ്ങോട്ടു ചോദിച്ചിട്ടു പോലും ധോണി മിണ്ടാതിരുന്നത് ശരിയായില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.
മൂന്നു ഐസിസി ട്രോഫികളെന്ന താന്‍ കൈയടക്കി വച്ച ലോക റെക്കോര്‍ഡിനൊപ്പം രോഹിത് എത്തുമോയെന്ന അസൂയയാണ് ധോണിക്കെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം ധോണി വലിയ തിരിച്ചടികള്‍ നേരിടുമ്പോള്‍ അന്നു രോഹിത്തിനെ തഴഞ്ഞതിനുള്ള ശിക്ഷയാണ് ഇതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എംഎസ് ധോണിയെപ്പോലെ സ്വാര്‍ഥനും അസൂയയുമുള്ള മറ്റൊരു ക്രിക്കറ്റര്‍ കാണില്ല. രോഹിത് ശര്‍മയോടു കാണിച്ചതിനുള്ള അസൂയക്കുള്ള ശിക്ഷയാണ് ഇപ്പോള്‍ ഐപിഎല്ലില്‍ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.