ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഫ്‌ളോപ്പായതോടെ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ. ചെപ്പോക്കില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ നേരിട്ട നാലാമത്തെ ബോളില്‍ തന്നെ ഹിറ്റ്മാന്‍ അക്കൗണ്ട് തുറക്കാനാവാതെ നിരാശനായി ക്രീസ് വിടുകയായിരുന്നു.
ഇന്ത്യക്കൊപ്പം ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയ ശേഷം രോഹിത് കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. മികച്ചൊരു ഇന്നിങ്‌സുമായി അദ്ദേഹം സീസണ്‍ തുടങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് തിരിച്ചാണ്. ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് രോഹിത്തിനെ മടക്കിയത്.

നാണക്കേടിനൊപ്പം രോഹിത്
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ഡെക്കായ താരങ്ങളുടെ ലിസ്റ്റില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പൂജ്യത്തിനു മടങ്ങിയതോടെ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഡെക്കുകളുടെ സമ്പാദ്യം 18 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഇതോടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ് 18 ഡെക്കുകളുമായു നേരത്തേ നാംണക്കേടിന്റെ ലിസ്റ്റില്‍ തലപ്പത്തുണ്ടായിരുന്നത്.
ഇപ്പോള്‍ രോഹിത്തും ഇവര്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. ഡിക്കെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ ഇനി ഡെക്കിലെ പുതിയ കിങ് ആരെന്ന കാര്യത്തില്‍ രോഹിത്തും മാക്‌സിയും തമ്മിലായിരിക്കും പ്രധാന മല്‍സരം.
രോഹിത്തിന്റെ പുറത്താവല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ രോഹിത് ശര്‍മയ്ക്കുണ്ടായുള്ളൂ ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ കരിയറില്‍ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുള്ള രോഹിത് ഈ കളിയിലും ഇതാവര്‍ത്തിക്കുകയായിരുന്നു, ഖലീല്‍ അഹമ്മദിന്റെ ബോളിലാണ് ഹിറ്റ്മാന്‍ വീണത്.
ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് രോഹിത്തായിരുന്നു. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ അടുത്ത പന്തില്‍ അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടു. മൂന്നാമത്തെ ബോളിലും രോഹിത്തിന് റണ്ണെടുക്കാനായില്ല. അടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു.
സ്റ്റംപുകള്‍ ലക്ഷ്യമിട്ട് ഒരു സ്വിങ്ങറാണ് ഖലീല്‍ എറിഞ്ഞത്. ഒരു ഫ്‌ളിക്ക് ഷോട്ടിലൂടെ ബൗണ്ടറി നേടാനാണ് രോഹിത് ശ്രമിച്ചത്. പക്ഷെ ടൈമിങ് പാടെ പിഴയ്ക്കുകയായിരുന്നു. മിഡ് വിക്കറ്റ് ഏരിയയില്‍ നേരെ ശിവം ദുബെയുടെ കൈകളില്‍ അദ്ദേഹം കുരുങ്ങി. ഇതോടെ തലതാഴ്ത്തി ഹിറ്റ്മാന്‍ മടങ്ങുകയും ചെയ്തു.

പ്ലെയിങ് 11
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറെന്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, റോബിന്‍ മിന്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, സത്യനാരായണ രാജു.