മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള ശക്തമായ പടയൊരുക്കത്തിലാണ് ടീമുകള്‍. ആരെയൊക്കെ നിലനിര്‍ത്തണം, ആരെയൊക്കെ വാങ്ങണം തുടങ്ങി അവസാന സീസണിലെ പിഴവുകള്‍ നികത്തി തിരിച്ചുവരാനുള്ള തന്ത്രപ്പാടിലാണ് ടീമുകളെല്ലാം. മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ്. എന്നാല്‍ അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിന് ശേഷമാണ് മുംബൈയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ഇതോടെ ടീം രണ്ട് തട്ടിലാവുകയും ടീമിന്റെ പ്രകടനം താഴോട്ട് പോവുകയും ചെയ്തു. അടുത്ത സീസണിന് മുമ്പ് മുംബൈയില്‍ വലിയൊരു അഴിച്ചുപണി ഉണ്ടാവുമെന്നുറപ്പാണ്. ചില സൂപ്പര്‍ താരങ്ങളടക്കം ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രോഹിത് ശര്‍മ മുംബൈ വിടാനുള്ള നീക്കത്തിലാണ്. മുന്‍ നായകനും ഓപ്പണറുമായ രോഹിത്തിന്റെ കൂടുമാറ്റത്തോട് അനുകൂലമായാണ് മുംബൈ പ്രതികരിക്കുന്നത്. രോഹിത് പോയാല്‍ പകരമാരാവും ഓപ്പണറെന്നാണ് ചോദ്യം. മുംബൈ നോട്ടമിടുന്ന താരങ്ങള്‍ ആരൊക്കെയെന്ന് അറിയാം.
അഭിഷേക് ശര്‍മ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറാണ് അഭിഷേക് ശര്‍മ. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള അഭിഷേക് അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 204 സ്‌ട്രൈക്ക് റേറ്റില്‍ 484 റണ്‍സാണ് അദ്ദേഹം നേടിയത്.
ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അഭിഷേക് രണ്ടാം മത്സരത്തില്‍ത്തന്നെ സെഞ്ച്വറി പ്രകടനവും നടത്തി. എല്ലാവരും നോട്ടമിടുന്ന ഓപ്പണര്‍മാരിലൊരാളാണ് അഭിഷേക്. പാര്‍ട്ട്‌ടൈം സ്പിന്നറായും താരത്തെ ഉപയോഗിക്കാനാവും. ഈ സാഹചര്യത്തില്‍ അഭിഷേകിനെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിക്കുമെന്നാണ് വിവരം.

കെ എല്‍ രാഹുല്‍
മുംബൈ ഇന്ത്യന്‍സ് കെ എല്‍ രാഹുലിനെ നോട്ടമിടുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ് കെ എല്‍ രാഹുല്‍. എന്നാല്‍ അവസാന സീസണില്‍ ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാഹുല്‍ ലഖ്‌നൗ വിടാനുള്ള ഒരുക്കത്തിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായി രാഹുല്‍ എത്തിയേക്കുമെന്നാണ് വിവരം. നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരം കൂടിയാണ് രാഹുല്‍.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് രാഹുലിനെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഓപ്പണര്‍ റോളിലെ രാഹുലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഇന്ത്യന്‍ ടീമിലെ രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ മധ്യനിരയിലേക്ക് മാറിയിട്ടുമുണ്ട്. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിനെ ടീമിലെത്തിക്കുന്നത് മുതല്‍ക്കൂട്ടായേക്കും. പക്ഷെ പരിക്കും താരത്തിന് വലിയ വെല്ലുവിളിയാവുന്നു.
ഫില്‍ സാള്‍ട്ടാണ് മറ്റൊരു താരം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറായ ഫില്‍ സാള്‍ട്ടിനേയും മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നു. അവസാന സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സാള്‍ട്ട് കാഴ്ചവെച്ചത്. 39.55 ശരാശരിയിലും 182.1 സ്‌ട്രൈക്ക് റേറ്റിലും 435 റണ്‍സാണ് ഫില്‍ സാള്‍ട്ട് നേടിയത്. കടന്നാക്രമിച്ച് കളിക്കുന്ന താരത്തെ കെകെആര്‍ നിലനിര്‍ത്തിയേക്കില്ല. ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ മുടക്കി ഫില്‍ സാള്‍ട്ടിനെ ഒപ്പം കൂട്ടാന്‍ മുംബൈ ശ്രമിച്ചേക്കും.
രചിന്‍ രവീന്ദ്ര
ന്യൂസീലന്‍ഡ് ഓപ്പണറായ രചിന്‍ രവീന്ദ്രയെ സ്വന്തമാക്കാന്‍ മുംബൈ ആലോചിക്കുന്നുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയിലായിരുന്നു രചിന്‍. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഓള്‍റൗണ്ട് ഷോ കാട്ടാന്‍ കഴിവുള്ള താരമാണ് രചിന്‍. സ്പിന്നറെന്ന നിലയിലും മുതല്‍ക്കൂട്ടാവാന്‍ രചിന് സാധിക്കും. അതുകൊണ്ടുതന്നെ രചിനെ സ്വന്തമാക്കാന്‍ മുംബൈ ശ്രമിക്കാനാണ് സാധ്യത കൂടുതല്‍.
ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കിയേക്കില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇഷാന്‍ തന്നെയാവും ഉണ്ടാവുക. സൂര്യകുമാര്‍ യാദവ് മുംബൈ വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്തേക്കാവും പോവുകയെന്നാണ് വിവരം. എന്തായാലും മുംബൈ ടീമില്‍ വലിയ അഴിച്ചുപണി ഉറപ്പാണ്.