ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. അവസാന സീസണിലെ പ്രകടനം വിലയിരുത്തി വലിയ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ പല ടീമുകളും ഇതിനോടകം വരുത്തിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയത് വലിയ മാറ്റം തന്നെയാണ്.
രോഹിത്തിനെ നോട്ടമിട്ടേക്കും
ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ദ്രാവിഡ് വലിയ ഇടവേളക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാവുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. മെഗാ ലേലത്തിന് മുമ്പ് പല താരങ്ങളുമായി രാജസ്ഥാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ചില നീക്കങ്ങള്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് വരുത്തിയേക്കും. മുംബൈ ഇന്ത്യന്‍സ് വിടാനൊരുങ്ങുന്ന രോഹിത് ശര്‍മയെ രാജസ്ഥാന്‍ ടീമിലെത്തിച്ചേക്കും.
ദ്രാവിഡ്, രോഹിത് കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഫലംകണ്ടതാണ്. ഈ കൂട്ടുകെട്ടിലാണ് ഇന്ത്യ ടി20 ലോകകപ്പും നേടിയത്. അതുകൊണ്ടുതന്നെ മുംബൈ വിട്ടാല്‍ രോഹിത്തിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. രോഹിത്തിനേയും യശ്വസി ജയ്‌സ്വാളിനേയും ഓപ്പണിങ്ങിലേക്ക് രാജസ്ഥാന്‍ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്. സൂപ്പര്‍ ഓപ്പണറായ ജോസ് ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. രോഹിത് എത്തിയാല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ബട്‌ലര്‍ക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കിയേക്കും.
സഞ്ജു നാലാം നമ്പറിലേക്ക്
അങ്ങനെ വരുമ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ നാലാം നമ്പറില്‍ കളിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ ഭേദപ്പെട്ട റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാം. രോഹിത് ടീമിലേക്കെത്തിയാലും സഞ്ജു തന്നെയാവും രാജസ്ഥാനെ നയിക്കുക. ഇക്കാര്യം രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട വീഡിയോയില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. റിയാന്‍ പരാഗിനെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. സ്പിന്‍ ഓള്‍റൗണ്ടറായ താരം സമീപകാലത്തായി മികച്ച ഫോമിലാണ്.

ഇപ്പോള്‍ ഉത്തരവാദിത്തമേറ്റെടുത്ത് മികച്ച പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡുമായി അടുത്ത ബന്ധമില്ലെങ്കിലും പരാഗിനോട് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ദ്രാവിഡ് പരിശീലകനായാലും പരാഗ് ടീമില്‍ തുടരാനുള്ള സാധ്യതയാണ് കൂടുതല്‍. ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. രാജസ്ഥാനെ സമീപകാലത്തായി അലട്ടിയ പ്രധാന പ്രശ്‌നം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്.
ഓള്‍റൗണ്ടറായി ഇവരിലൊരാള്‍
ആ റോളിലേക്ക് പുതിയൊരു താരത്തെ രാജസ്ഥാന് കൊണ്ടുവരേണ്ടതായുണ്ട്. രാജസ്ഥാന്‍ നോട്ടമിടുന്നത് ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ മാര്‍ഷിനേയും മാര്‍ക്കസ് സ്‌റ്റോയിണിസിനേയുമാണെന്നാണ് സൂചനകള്‍. മാര്‍ഷിനെ ഡല്‍ഹി ഒഴിവാക്കാനാണ് സാധ്യത. സ്‌റ്റോയിണിസിനെ ലഖ്‌നൗ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം. ഇവരിലൊരാളെ ഒപ്പം കൂട്ടിയാല്‍ ഓള്‍റൗണ്ടറായി ടീമിലേക്ക് പരിഗണിക്കാം. ഇത് രാജസ്ഥാന് ഗുണം ചെയ്യാനാണ് സാധ്യത.
ആര്‍ അശ്വിന്‍ രാജസ്ഥാന്‍ വിടുമെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യുസ് വേന്ദ്ര ചഹാലിനെ നിലനിര്‍ത്തിയേക്കില്ല. പേസ് നിരയില്‍ അടിമുടി മാറ്റമുണ്ടാവും. ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കി ലേലത്തിലൂടെ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. പേസ് നിരയിലേക്ക് മറ്റ് ചില താരങ്ങളെക്കൂടി രാജസ്ഥാന്‍ ഒപ്പം കൂട്ടിയേക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടി നടരാജനെ ഒഴിവാക്കിയാല്‍ രാജസ്ഥാന്‍ ടീമിലേക്കെത്തിക്കാന്‍ ശ്രമിച്ചേക്കും.
ഷമിയെ ഒപ്പം കൂട്ടിയേക്കും
ഗുജറാത്ത് ടൈറ്റന്‍സ് മുഹമ്മദ് ഷമിയെ നിലനിര്‍ത്തിയേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സീനിയര്‍ പേസറായ ഷമിയെ രാജസ്ഥാന്‍ ഒപ്പം കൂട്ടാന്‍ ശ്രമിച്ചേക്കും. ബാറ്റിങ് നിരയിലേക്ക് കൂടുതല്‍ കരുത്തരായ താരങ്ങളെ എത്തിക്കേണ്ടതായുണ്ട്.
ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്രയെ സിഎസ്‌കെ ഒഴിവാക്കും. അങ്ങനെ വന്നാല്‍ രചിനെ രാജസ്ഥാന്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി മാറ്റം രാജസ്ഥാനില്‍ പ്രതീക്ഷിക്കാം. ദ്രാവിഡ്, സഞ്ജു കൂട്ടുകെട്ട് രാജസ്ഥാന് കപ്പ് നേടിക്കൊടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.