ഐപിഎല്ലിന്റെ പുതിയൊരു സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. രണ്ടു ദിവസങ്ങളിലായി നടന്ന മെഗാ താരലേലം ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഹരം കൊള്ളിക്കുന്നതായിരുന്നു. യുവതാരങ്ങള്‍ക്കു മാത്രമല്ല, ഏറെ അനുഭവസമ്പത്തുള്ള ചില സീനിയര്‍ കളിക്കാര്‍ക്കും ലേലത്തില്‍ വലിയ ഡിമാന്റാണ് കണ്ടത്.
മല്‍സരപരിചയമുള്ള താരങ്ങള്‍ തീര്‍ച്ചയായും ഈ ഫോര്‍മാറ്റില്‍ ടീമുകള്‍ക്കു മുതല്‍ക്കൂട്ടായി മാറും. കാരണം സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കണമെങ്കില്‍ മുതിര്‍ന്ന താരങ്ങളുടെ സാന്നിധ്യം ഏതൊരു ടീമിനും പ്രധാനമാണ്. 34 വയസ്സിനു മുകളില്‍ പ്രായമുള്ള, ഐപിഎല്ലിന്റെ അടുത്ത സീസണില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുള്ള സീനിയര്‍ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.
മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ 'വല്ല്യേട്ടന്‍മാരുടെ' ഈ സൂപ്പര്‍ ഇലവനില്‍ നമുക്കു കാണാന്‍ സാധിക്കും. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി നയിക്കുന്ന ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നു നമുക്കു നോക്കാം.

ഓപ്പണിങില്‍ ആരെല്ലാം
34 പ്ലസ് താരങ്ങളുള്‍പ്പെടുന്ന ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുമായിരുക്കും. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ രോഹിത് ഐപിഎല്ലില്‍ ഇതിനകം 257 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 131.10 സ്‌ട്രൈക്ക് റേറ്റില്‍ 6628 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഡുപ്ലെസിയാവട്ടെ ഐപിഎല്ലിലെ ഏറെ അനുഭവസമ്പത്തുള്ള വിദേശ താരങ്ങളിലൊരാള്‍ കൂടിയാണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം കളിച്ചത് 145 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 136.37 സ്‌ട്രൈക്ക് റേറ്റില്‍ 4571 റണ്‍സും ഡുപ്ലെസി സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായിരുന്ന അദ്ദേഹം ലേലത്തിലാണ് ഡിസിയിലേക്കു കൂടുമാറിയത്.
ശക്തമായ മധ്യനിര
സീനിയര്‍ കളിക്കാരുടെ ഐപിഎല്‍ ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണി എന്നിവരാണുള്ളത്.
പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള കോലി ഇതിനകം കളിച്ചത് 252 മല്‍സരങ്ങളാണ്. 131.97 സ്‌ട്രൈക്ക് റേറ്റില്‍ 8004 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കോലി തന്നെയാണ്. സൂര്യയാവട്ടെ മുംബൈക്കൊപ്പമാണ് സൂപ്പര്‍ താര പദവിയിലേക്കുയരുന്നത്. 145.33 സ്‌ട്രൈക്ക് റേറ്റില്‍ 3594 റണ്‍സാണ് സൂര്യ ഇതിനകം നേടിയത്.
ധോണിയാവട്ടെ 43ാം വയസ്സിലും പ്രായത്തെ തോല്‍പ്പിച്ച് ഐപിഎല്ലില്‍ കളി തുടരുകയാണ്. അഞ്ചു ഐപിഎല്‍ കിരീടം ചൂടിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമാണ്. ടൂര്‍ണമെന്റില്‍ 137.5 സ്‌ട്രൈക്ക് റേറ്റില്‍ ധോണി നേടിയത് 5243 റണ്‍സാണ്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര
ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയുമാണ് ഇലവനിലുള്ളത്. ബാറ്റും ബോളും കൊണ്ട് തങ്ങളുടേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ഇരുവരും.
ബൗളിങ് നിരയില്‍ പഞ്ചാബ് കിങ്‌സിന്റെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഹമ്മദ് ഷമിയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭുവനേശ്വര്‍ കുമാറുമാണുള്ളത്.
160 മല്‍സരങ്ങളില്‍ നിന്നും 205 വിക്കറ്റുകളെടുത്ത ചഹല്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. നരെയ്ന്‍ 177 മല്‍സരങ്ങളില്‍ നിന്നും 180ഉം ഷമി 77 മല്‍സരങ്ങളില്‍ നിന്നും 79ഉം ഭുവി 176 മല്‍സരങ്ങളില്‍ നിന്നും 181ഉം വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.
34 പ്ലസ് താരങ്ങളുടെ ഐപിഎല്‍ 11
ഫാഫ് ഡുപ്ലെസി, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, സുനില്‍ നരെയ്ന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.