ഗുവാഹത്തി: രണ്ടാം ഐപിഎല്‍ ട്രോഫിയെന്ന മോഹവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു ഇത്തവണ അടിമുടി പാളിയിരിക്കുയാണ്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയം നേരിട്ടതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനം അവര്‍ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഹോം മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനാണ് റോയല്‍സ് തകര്‍ന്നടിഞ്ഞത്.
ഇതോടെ റോയല്‍സ് ക്യാപ്റ്റന്നെ നിലയില്‍ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡു പരാഗിനെ തേടിയെത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു റോയല്‍സ് ക്യാപ്റ്റന് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് പ്രശ്‌നം കാരണം ആദ്യ കളിയില്‍ നിന്നും പിന്‍മാറിയതോടെയാണ് പരാഗിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി ലഭിച്ചത്.

പരാഗിന്റെ റെക്കോര്‍ഡ്
ഐപിഎല്ലിന്റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ രണ്ടു കളിയിലും തോറ്റ ആദ്യത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മുതല്‍ മലയാളി താരം സഞ്ജു സാംസണ്‍ വരെ നിരവധി ക്യാപ്റ്റന്‍മാര്‍ റോയല്‍സ് ചരിത്രത്തിലുണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും നായകനായ ശേഷം രണ്ടു കളിയിലും പരാജയം രുചിക്കേണ്ടി വന്നിട്ടില്ല.
ഇത്തവണ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അസമില്‍ നിന്നുള്ള ഓള്‍റൗണ്ടറായ പരാഗിനു റോയല്‍സിന്റെ താല്‍ക്കാലിക നായകനായി നറുക്കുവീണത്. തനിക്കു ആദ്യത്തെ മൂന്നു കളിയിലും ടീമിനെ നയിക്കാന്‍ സാധിക്കില്ലെന്നും പകരം പരാഗിനാണ് ക്യാപ്റ്റന്റെ ചുമതലയെന്നും സഞ്ജുവാണ് ടീമംങ്ങളുടെ യോഗം വിൡച്ച് അറിയിച്ചത്. മുഴുവന്‍ താരങ്ങളുടെയും പിന്തുണ അദ്ദേഹത്തിനു ആവശ്യമാണെന്നും മലയാളി താരം വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ അസ്സം ടീമിന്റെ ക്യാപ്റ്റനാണ് പരാഗ്. ഇതാണ് സഞ്ജുവിനു പകരം അദ്ദേഹത്തിനു നായകസ്ഥാനത്തേക്കു മുന്‍തൂക്കവും നല്‍കിയത്. ക്യാപ്റ്റന്റെ റോളില്‍ താരം തിളങ്ങുമെന്നു ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചെങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്.
തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്കു റോയല്‍സ് ടീം കൂപ്പുകുത്തുകയാണ്. ഇതോടെ എത്രയും വേഗം നായകസ്ഥാനത്തേക്കു സഞ്ജുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്റും ആരാധകരും.
മുന്‍ നായകര്‍
രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിക്കുന്ന ഏഴാമത്തെ ക്യാപ്റ്റനാണ് റിയാന്‍ പരാഗ്. ഷെയ്ന്‍ വോണായിരുന്നു 2008ലെ പ്രഥമ സീസണില്‍ ടീമിനെ നയിച്ചത്. ആദ്യ കളിയില്‍ ജയിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിയെങ്കിലും രണ്ടാമങ്കത്തില്‍ തോല്‍വി നേരിട്ടു. ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് അതിനു ശേഷം നായകസ്ഥാനത്തേക്കു വന്നത്.
വോണിനെപ്പോലെ ആദ്യ കളി ജയിച്ചു തുടങ്ങി വാട്‌സനു അടുത്ത മല്‍സരത്തില്‍ പരാജയവും നേരിടുകയായിരുന്നു. നിലവിലെ മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡായിരുന്നു മൂന്നാമത്തെ ക്യാപ്റ്റന്‍. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഗംഭീരമായി തന്നെ അദ്ദേഹം തുടങ്ങുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ് റോയല്‍സിന്റെ അഞ്ചാമത്തെ ക്യാപ്റ്റനായത്. അദ്ദേഹവും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിജയിച്ചിരുന്നു. അജിങ്ക്യ രഹാനെയാണ് റോയല്‍സിന്റെ മറ്റൊരു നായകന്‍. ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ രണ്ടാമത്തെ കളിയില്‍ തോല്‍വി രുചിക്കുകയും ചെയ്തു.
2021ലെ സീസണിനു മുന്നോടിയായാണ് സഞ്ജു സാംസണിനു ക്യാപ്റ്റന്റെ റോള്‍ ലഭിക്കുന്നത്. അദ്ദേഹവും തുടക്കം മോശമാക്കിയില്ല. ആദ്യ കളിയില്‍ തന്നെ ടീമിനു വിജയം സമ്മാനിക്കാന്‍ സഞ്ജുവിനായിരുന്നു. പക്ഷെ അടുത്ത മല്‍സരത്തില്‍ പരാജയവുമേറ്റുവാങ്ങി.