ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നാളയും മറ്റന്നാളുമായി ജിദ്ദയില്‍ നടക്കുകയാണ്. 10 ടീമുകളും തങ്ങളുടെ അവസാന സീസണുകളിലെ പിഴവുകള്‍ മനസിലാക്കി മെഗാ ലേലത്തിലൂടെ പരിഹാരം നേടിയെത്തുകയാണ്. രണ്ട് ദിവസങ്ങളായി നടക്കുന്ന മെഗാ ലേലത്തില്‍ 10 ടീമുകള്‍ക്കായി 577 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 367 പേര്‍ ഇന്ത്യന്‍ താരങ്ങളും 210 പേര്‍ വിദേശ താരങ്ങളുമാണ്.
204 പേരെയാണ് ആകെ ലേലത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 70 വിദേശ താരങ്ങളാണുള്ളത്. മാര്‍ക്യു താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളിലൂടെയാണ് ലേലം ആരംഭിക്കുന്നത്. ആദ്യം ക്യാപ്പ്ഡ് താരങ്ങളുടേയും പിന്നീട് അണ്‍ക്യാപ്പ്ഡ് താരങ്ങളുടേയും ലേലം നടക്കും. ഇതിന് ശേഷം ടീമുകള്‍ ആവശ്യപ്പെടുന്ന താരങ്ങളേയും ലേലത്തിലേക്ക് വിളിക്കും. ഇത്തവണത്തെ മെഗാ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കാവും?. ആരൊക്കെയാവും റെക്കോഡിടുക? പരിശോധിക്കാം.
തലപ്പത്തെത്തുക റിഷഭോ?
ഐപിഎല്ലിലെ എല്ലാ റെക്കോഡുകളും റിഷഭ് പന്ത് ഭേദിക്കുമെന്ന് തന്നെ പറയാം. തികച്ചും അപ്രതീക്ഷിതമായാണ് റിഷഭ് ഡല്‍ഹി വിട്ടത്. മെഗാ ലേലത്തില്‍ എല്ലാ ടീമുകളും റിഷഭിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. 30 കോടിക്ക് മുകളിലേക്ക് റിഷഭിന്റെ പ്രതിഫലം ഉയരാന്‍ സാധ്യതയുണ്ട്. പ്രധാനമായും പഞ്ചാബ് കിങ്‌സ് റിഷഭിനായി രംഗത്തെത്താനാണ് സാധ്യത. മുന്‍ ഡല്‍ഹി കോച്ചായ റിക്കി പോണ്ടിങ് ഇത്തവണ പഞ്ചാബിലേക്കെത്തിയിട്ടുണ്ട്.
റിഷഭുമായി അടുത്ത ബന്ധമാണ് പോണ്ടിങ്ങിനുള്ളത്. അതുകൊണ്ടുതന്നെ പോണ്ടിങ് റിഷഭിനായി വലിയ തുക മുടക്കിയേക്കും. 110.5 കോടി പേഴ്‌സില്‍ ബാക്കിയുള്ള പഞ്ചാബിന് മറ്റുള്ളവരുടെ വെല്ലുവിളി മറികടന്ന് ലേലത്തില്‍ റിഷഭിനെ സ്വന്തമാക്കുക പ്രയാസമായിരിക്കില്ലെന്ന് തന്നെ പറയാം. എന്തായാലും ഏറ്റവും വാശിയേറിയ പോരാട്ടം റിഷഭിനായി പ്രതീക്ഷിക്കാം.

ഈ വിദേശ താരങ്ങള്‍ ഞെട്ടിക്കും
വിദേശ താരങ്ങളില്‍ ചിലര്‍ വമ്പന്‍ പ്രതിഫലത്തോടെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ്. രാജസ്ഥാന്‍ ഒഴിവാക്കിയ ജോസ് ബട്‌ലര്‍ക്ക് വലിയ പ്രതിഫലം ഉറപ്പാണ്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവും. ഇംഗ്ലണ്ട് വെടിക്കെട്ട് താരം ലിയാം ലിവിങ്സ്റ്റനും ഞെട്ടിക്കും. മോശം ഫോമിലാണെങ്കിലും ടി20യില്‍ എഴുതിത്തള്ളാനാവാത്ത താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍.
യുവ ഓപ്പണര്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ എല്ലാവരും നോട്ടമിടുന്നതാണ്. ഓള്‍റൗണ്ട് ഷോ കാട്ടുന്ന മാര്‍ക്യു യാന്‍സനും വലിയ പ്രതിഫലം വാങ്ങാന്‍ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഫില്‍ സാള്‍ട്ടിനേയും കരുതിയിരിക്കണം. ഇന്ത്യയുടെ ചില ബൗളര്‍മാര്‍ക്കും വലിയ പ്രതിഫലം ലഭിച്ചേക്കും. ഖലീല്‍ അഹമ്മദ്,അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരേയും ലേലത്തില്‍ കരുതിയിരിക്കണം.
ഈ മാര്‍ക്വി താരങ്ങളെ നോക്കിവെച്ചോ
മാര്‍ക്വി താരങ്ങളുടെ ഒന്നാം സെറ്റില്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജോസ് ബട്ലര്‍, അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും രണ്ടാം സെറ്റില്‍ കെ എല്‍ രാഹുല്‍, യുസ് വേന്ദ്ര ചഹാല്‍, ലിയാം ലിവിങ്സ്റ്റന്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുമാണുള്ളത്. ഇതില്‍ മില്ലറുടെ അടിസ്ഥാന വില 1.5 കോടിയും മറ്റുള്ളവരുടെയെല്ലാം 2 കോടിയുമാണ്.
ഏറ്റവും കൂടുതല്‍ തുക പേഴ്സില്‍ ബാക്കിയുള്ള ടീം പഞ്ചാബ് കിങ്സാണ്. 110.5 കോടിയാണ് അവരുടെ പേഴ്സില്‍. രാജസ്ഥാന്‍ റോയല്‍സിനാണ് ഏറ്റവും കുറവ്. 41 കോടി മാത്രമാണുള്ളത്. സിഎസ്‌കെ 55 കോടി, ഡല്‍ഹി 73 കോടി, കെകെആര്‍ 51 കോടി, ആര്‍സിബി 83 കോടി, ലഖ്നൗ 69 കോടി, മുംബൈ 45 കോടി, ഹൈദരാബാദ് 45 കോടി, ഗുജറാത്ത് 69 കോടി എന്നിങ്ങനെയാണ് ശേഷിക്കുന്ന തുക.