ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഇത്തവണത്തെ ലേല നിയമങ്ങളെല്ലാം ബിസിസി ഐ പുറത്തുവിട്ടിട്ടുമുണ്ട്. ആറ് പേരെ ഇത്തവണ നിലനിര്‍ത്താമെന്നിരിക്കെ നിലനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതിനോടകം പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പല ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് അടുത്ത സീസണിലും റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നാണ് വിവരം. നായകനായിത്തന്നെ റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നാണ് ഡല്‍ഹി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റിഷഭുമായി ഇപ്പോള്‍ ഡല്‍ഹി മാനേജ്‌മെന്റ് ഉടക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം റിഷഭ് പന്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് അഭിപ്രായ ഭിന്നതക്ക് കാരണമെന്നാണ് വിവരം. റിഷഭിനെ ഒഴിവാക്കുന്നതിനെക്കുറിച്ചും ഡല്‍ഹി ആലോചിക്കുന്നുവെന്നാണ് സൂചനകള്‍ വരുന്നത്.
റിഷഭും ടീം ഉടമയും കൂടിക്കാഴ്ച നടത്തി
റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തുമെന്ന വ്യക്തമായ സൂചന ഡല്‍ഹി ടീം മാനേജ്‌മെന്റ് നല്‍കിയെങ്കിലും റിഷഭ് പന്ത് എക്‌സില്‍ പോസ്റ്റ് ചെയ്തത് ദുരൂഹത നിറഞ്ഞതായിരുന്നു. 'ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ ഞാന്‍ വിറ്റുപോവുമോ ഇല്ലയോ, എത്ര പണം കിട്ടും' എന്നായിരുന്നു റിഷഭ് ആരാധകരോട് ചോദിച്ചത്. റിഷഭിന്റെ ഈ പോസ്റ്റില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്. റിഷഭിനെ നിലനിര്‍ത്തുമെന്ന് അറിയിച്ച ശേഷവും എന്തിനായിരുന്നു ഈ പോസ്റ്റ് എന്നാണ് ഡല്‍ഹി വൃത്തങ്ങളിലൊരാള്‍ ക്രിക്ക് ബസിനോട് പ്രതികരിച്ചത്.
ടീമിന്റെ സഹ ഉടമയായ കിരണ്‍ കുമാര്‍ ഗ്രാന്ധിയുമായി പന്ത് ദുബായില്‍വെച്ച് കുടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് ശേഷമായിരുന്നു ഇത്. റിഷഭിന്റെ പോസ്റ്റിനെക്കുറിച്ച് ചര്‍ച്ചയായെന്നും രണ്ട് പേരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നുമാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിഷഭും ടീം ഉടമയും തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്ന് റിഷഭ് ടീം വിടാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതായുണ്ട്.

റിഷഭ് പന്ത് സിഎസ്‌കെയിലേക്കെന്ന് സൂചന
ഡല്‍ഹി റിഷഭിനെ ഒഴിവാക്കിയാല്‍ താരം സിഎസ്‌കെയിലേക്ക് കൂടുമാറുമെന്നുറപ്പാണ്. നേരത്തെ തന്നെ സിഎസ്‌കെ റിഷഭിന് പിന്നാലെയുണ്ട്. എംഎസ് ധോണിക്ക് പകരക്കാരനായി ദീര്‍ഘ നാളത്തേക്ക് പരിഗണിക്കാവുന്ന വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. ഈ റോളില്‍ റിഷഭ് പന്തിനെയാണ് സിഎസ്‌കെ നോട്ടമിട്ടിരുന്നത്. എന്നാല്‍ ഡല്‍ഹി റിഷഭിനെ നിലനിര്‍ത്തുമെന്ന് പറഞ്ഞതോടെ സിഎസ്‌കെ മറ്റൊരു വിക്കറ്റ് കീപ്പറെ നോട്ടമിടുകയായിരുന്നു.
ഇപ്പോള്‍ റിഷഭിനെ ഡല്‍ഹി ഒഴിവാക്കിയാല്‍ സിഎസ്‌കെ താരത്തെ ഒപ്പം കൂട്ടുമെന്നുറപ്പാണ്. റിഷഭിനായി 18 കോടി മുടക്കാനും സിഎസ്‌കെ തയ്യാറായേക്കും. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് ഇതിനോടകം സൂപ്പര്‍ താരമായിക്കഴിഞ്ഞ താരമാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് ഒപ്പം കൂട്ടിയാലും അത് നഷ്ടമായിരിക്കില്ല. മാച്ച് വിന്നറായ റിഷഭ് മാച്ച് വിന്നറാണ്. ലേലത്തിലേക്ക് വിടാതെ റിഷഭിനെ ഒപ്പം കൂട്ടാനാവും സിഎസ്‌കെ ശ്രമിക്കുകയെന്നുറപ്പാണ്.
ഡല്‍ഹിയുടെ അന്തിമ തീരുമാനം എന്താവും
റിഷഭിന്റെ പോസ്റ്റില്‍ ഡല്‍ഹി ടീം മാനേജ്‌മെന്റിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ താരത്തെ ഒഴിവാക്കുക പെട്ടെന്ന് എടുക്കാവുന്ന തീരുമാനമല്ല. ടീമിന്റെ മുഖമായിരിക്കുന്ന താരമാണ് റിഷഭ്. അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കിയാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. റിഷഭിനെപ്പോലൊരു സൂപ്പര്‍ താരത്തെ ഒഴിവാക്കി പകരം മികച്ചൊരാളെ ടീമിലേക്കെത്തിക്കുക എളുപ്പമാവില്ല.
ടീമിന്റെ ഭാവി മുന്നില്‍ കാണുമ്പോള്‍ റിഷഭിനെ ഒഴിവാക്കുക ഡല്‍ഹിക്ക് പ്രയാസമാണെന്ന് തന്നെ പറയാം. റിഷഭ് സിഎസ്‌കെയിലേക്ക് കൂടുമാറാനുള്ള താല്‍പര്യം ഡല്‍ഹി മാനേജ്‌മെന്റിനെ അറിയിച്ചതായും വിവരമുണ്ട്. സിഎസ്‌കെയുടെ നായകസ്ഥാനവും റിഷഭിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.