മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ബാറ്റിങില്‍ മാത്രമല്ല, റിവ്യു എടുക്കുന്നതിലും താന്‍ വന്‍ ദുരന്തമാണെന്നു വീണ്ടും തെളിയിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമെന്ന റെക്കോര്‍ഡുമായി ഈ സീസണില്‍ ഇറങ്ങിയ അദ്ദേഹത്തിനു ക്യാപ്റ്റന്‍സിയിലൊഴികെ മറ്റൊന്നിലും ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ വീണ്ടുമൊരു റിവ്യു കൂടി റിഷഭ് നഷ്ടപ്പെടുത്തി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് താരം നേരിടുന്നത്. കഴിഞ്ഞ മെഗാസലേലത്തില്‍ ലഭിച്ച റെക്കോര്‍ഡ് തുക അദ്ദേഹം തിരികെ നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

റിവ്യു എടുക്കാനുമറിയില്ല
ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ ക്യാപ്റ്റനായതിനു ശേഷം റിവ്യു എടുക്കുന്നതില്‍ റിഷഭ് പന്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. സീസണില്‍ ഇതിനകം എട്ടു റിവ്യുകളാണ് അദ്ദേഹം വിളിച്ചിട്ടുള്ളത്. പക്ഷെ ഇവയില്‍ ജയിക്കാനായത് ഒന്നില്‍ മാത്രമാണ്. അഞ്ചു റിവ്യുകള്‍ ഫലം കാണാതെ പോയപ്പോള്‍ രണ്ടെണ്ണം നോട്ടൗട്ടെന്ന അംപയേര്‍ഡ് കോളായി മാറുകയും ചെയ്തു. റിവ്യുവില്‍ റിഷഭിന്റെ വിജയശതമാനം വെറും 12.5 മാത്രം.
മുംബൈ ഇന്ത്യന്‍സുമായുള്ള പോരാടട്ടത്തില്‍ അഞ്ചാമത്തെ ഓവറില്‍ തന്നെ റിഷഭ് റിവ്യു എടുത്തു. സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ഓവറിലായിരുന്നു ഇത്. വില്‍ ജാക്‌സാണ് ബിഷ്‌നോയിയുടെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല.
അടുത്ത ബോള്‍ ലെഗ് സൈഡിലേക്കു സ്ലോഗ് സ്വീപ്പ് കളിക്കാന്‍ ജാക്ക്‌സ് ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ പാഡിലും പതിച്ചു. പിന്നാലെ ബിഷ്‌നോയിയുടെയും റിഷഭിന്റെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി.
റിവ്യു എടുക്കാന്‍ റിഷഭിനെ ബിഷ്‌നോയ് പ്രേരിപ്പിക്കുകയായിരുന്നു. റിഷഭും ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്. എന്നാല്‍ റീപ്ലേയില്‍ ഇതു ഔട്ടല്ലെന്നു വ്യക്തമായി. ഫോര്‍ത്ത് സ്റ്റംപ് ലൈനിലാണ് ബോള്‍ പിച്ച് ചെയ്തതെന്നു തെളിഞ്ഞതോടെ എല്‍എസ്ജിയുടെ റിവ്യു തേര്‍ഡ് അംപയര്‍ തള്ളുകയായിരുന്നു.
റിഷഭിന്റെ ബാറ്റിങ് പ്രകടനം
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഈ ഐപിഎല്ലില്‍ ഓപ്പണിങ് മുതല്‍ ലോവര്‍ ഓര്‍ഡറില്‍ വരെ വ്യത്യസ്ത പൊസിഷനുകളില്‍ റിഷഭ് പന്ത് കളിച്ചു കളിഞ്ഞു. എന്നാല്‍ എവിടെയും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. ഒമ്പത മല്‍സരങ്ങളിലായി എട്ടിന്നിങ്‌സുകളിലാണ് റിഷഭ് ബാറ്റ് ചെയ്തത്. ഇവയില്‍ 13.25 എന്ന ദയനീയ ശരാശരിയില്‍ 96.36 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടാനാത് വെറും 106 റണ്‍സാണ്.

ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഏഴിന്നിങ്‌സുകളിലും ബാറ്റിങില്‍ റിഷഭ് നനഞ്ഞ പടക്കമായി മാറുകയും ചെയ്തു. 63 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതു പരിഗണിച്ചില്ലെങ്കില്‍ ഏഴിന്നിങ്‌സുകളില്‍ വെറും 43 റണ്‍സ് മാത്രമേ എല്‍എസ്ജി നായകന്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
രൂക്ഷവിമര്‍ശനം
കഴിഞ്ഞ മെഗാ ലേലത്തില്‍ 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. പക്ഷെ ബാറ്റിങിനൊപ്പം റിവ്യു എടുക്കുന്നതിലും അദ്ദേഹം ദുരന്തമായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.
റിഷഭ് പന്തിനെക്കൊണ്ട് ബാറ്റിങില്‍ ഒരു പ്രയോജനവുമില്ല. റിവ്യു എടുക്കുന്നതിലും എന്തൊരു ദുരന്തമാണ് അദ്ദേഹം. തനിക്കു വേണ്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുടക്കിയ 27 കോടി തിരികെ നല്‍കാന്‍ അദ്ദേഹം തയ്യാറാവണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.