വിശാഖപട്ടണം: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ റിഷഭ് പന്ത് ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. തന്റെ പഴയ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ നാലാം നമ്പറിലാണ് റിഷഭ് ബാറ്റിങിനെത്തിയത്. പക്ഷെ റണ്‍ കണ്ടെത്താനാവാതെ വലഞ്ഞ അദ്ദേഹം ആറു ബോളില്‍ ഡെക്കായി മടങ്ങുകയായിരുന്നു. കുല്‍ദീപ് യാദവാണ് തന്റെ മുന്‍ ക്യാപ്റ്റനെ മടക്കിയത്.
കഴിഞ്ഞ മെഗാ താരലേലത്തില്‍ ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭിനെ എല്‍എസ്ജി സ്വന്തമാക്കിയത്. 27 കോടി രൂപയാണ് അദ്ദേഹത്തിനായി ലഖ്‌നൗ മുടക്കിയത്. പക്ഷെ ബാറ്റിങില്‍ തന്റെ മൂല്യത്തോടു നീതി പുലര്‍ത്താനാവാതെയാണ് റിഷഭ് ക്രീസ് വിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അദ്ദേഹം നേരിടുന്നത്.

തപ്പിത്തടഞ്ഞ് റിഷഭ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അനായാസം റണ്‍സ് വാരിക്കൂട്ടി കൂറ്റന്‍ ടോട്ടലിലേക്കു മുന്നേറവെയാണ് 12ാമത്തെ ഓവറില്‍ നാലാമനായി റിഷഭ് പന്ത് ക്രീസിലെത്തിയത്. സെഞ്ച്വറിയിലക്കു കുതിച്ച ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് (36 ബോളില്‍ 72) 12ാമത്തെ ഓവറിലെ നാലാമത്തെ ബോളിലാണ് വീണത്. മുകേഷ് കുമാറിന്റെ ബൗളിങില്‍ അദ്ദേഹത്തെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പിടികൂടുകയായിരുന്നു.
ലഖ്‌നൗ ടീം ഈ സമയത്തു ഒരു വിക്കറ്റിനു 133 റണ്‍സെന്ന നിലയിലായിരുന്നു. 33 ബോളില്‍ 63 റണ്‍സുമായി നിക്കോളാസ് പൂരനായിരുന്നു ഇഅപ്പോള്‍ ക്രീസില്‍. അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കി എല്‍എസ്ജിയുടെ സ്‌കോറിങ് വേഗത താഴേക്കു പോവാതെ നോക്കുകയായിരുന്നു റിഷഭിന്റെ പ്രധാന റോള്‍.
പക്ഷെ ആദ്യ ബോള്‍ മുതല്‍ തപ്പിത്തടയുന്ന റിഷഭിനെയാണ് കണ്ടത്. വലിയ ഷോട്ടുകളൊന്നും കളിക്കാനായില്ലെന്നു മാത്രമല്ല, സിംഗിള്‍ പോലും നേടാന്‍ സാധിക്കാതെ എല്‍എസ്ജി നായകന്‍ ശരിക്കും മുട്ടിടിച്ചു. ക്രീസിന്റെ മറുഭാഗത്തു പൂരന്‍ അടുത്ത ഓവറില്‍ നാലു സിക്‌സറും ഒരു ഫോറുമടക്കം പായിച്ച് 28 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ റിഷഭ് കാഴ്ചക്കാരനായി അവിടെയുണ്ടായിരുന്നു.
അടുത്ത ഓവറില്‍ അദ്ദേഹവും ആഘോഷത്തില്‍ പങ്കുചേരുമെന്നു പ്രതീക്ഷിങ്കെിലും സംഭവിച്ചത് നേരെ തിരിച്ചാണ്. കുല്‍ദീപ് യാദവെറിഞ്ഞ 14ാം ഓവറിലെ ആദ്യ മൂന്നു ബോളിലും റിഷഭിനു റണ്ണൊന്നുമില്ല. നാലാമത്തെ ബോളില്‍ രണ്ടും കല്‍പ്പിച്ച് താരം വമ്പന്‍ ഷോട്ട് കളിച്ചു. പക്ഷെ ലോങ്ഓഫില്‍ ഇതു നേരെ ഫാഫ് ഡുപ്ലെസിയുടെ കൈകളിലെത്തുകയായിരുന്നു.

വിമര്‍ശനം, പരിഹാസം
സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിഷഭ് പന്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. റിഷഭ് പന്തിനു ടി20 ഫോര്‍മാറ്റ് പറ്റില്ലെന്നതു നേരത്തേ തന്നെ വ്യക്തമായിക്കഴിഞ്ഞ താരമാണ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ മോശമാണ്. എന്നിട്ടും റിഷഭിനെ 27 കോടി രൂപ നല്‍കി എന്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയതെന്നു മനസ്സിലാവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി താന്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു റിഷഭ് പന്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇനിയൊരിക്കലും അദ്ദേഹത്തെ ടി20 ടീമിലേക്കു പരിഗണിക്കാനും പാടില്ല. പിആര്‍ ടീമാണ് റിഷഭിനെ പൊക്കിയടിച്ച് വലിയ താരമെന്നു വരുത്തി തീര്‍ക്കുന്നത്. യഥാര്‍ഥത്തില്‍ വെറുമൊരു ശരാശരി താരം മാത്രമാണ് റിഷഭെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.