ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താതിരുന്നത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. കാരണം ഡിസിയിലൂടെ കരിയര്‍ തുടങ്ങിയ ശേഷം ഇപ്പോള്‍ നായകസ്ഥാനത്തു എത്തി നില്‍ക്കുന്ന അദ്ദേഹം തീര്‍ച്ചയായും ടീല്‍ തുടരുമെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്. എന്നാല്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് റിഷഭിനെ ഡിസി കൈയൊഴിഞ്ഞത്.
റിഷഭിനെ ഡിസി നിലനിര്‍ത്താത്തതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവരികയും ചെയ്തു. താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതായും ഇതേ തുടര്‍ന്നു ഡിസി ടീം മാനേജ്‌മെന്റുമായി ഉടക്കി ടീം വിട്ടതാണെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. ഡിസിയുടെ പരിശീലക സംഘത്തെ അടിമുടി അഴിച്ചുപണിതതു കാരണം റിഷഭിനെ അവര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നായിരുന്നു മറ്റൊരു അഭ്യൂഹം.
റിഷഭ് ഡിസി വിട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വിശകലനം നടത്തവെ ഇതിനോടുള്ള താരത്തിന്റെ പ്രതികരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രൊമോ വീഡിയോയിലാണ് ഗവാസ്‌കര്‍ ഇതേക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. ഈ വീഡിയോക്കു താഴെയായിരുന്നു റിഷഭിന്റെ കമന്റും പ്രത്യക്ഷപ്പെട്ടത്.

ഗവാസ്‌കര്‍ പറഞ്ഞതെന്ത്?
ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു റിഷഭ് പന്ത് തിരികെയെത്താനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചത്. ലേലത്തിന്റെ ഡയനാമിക്‌സ് തീര്‍ത്തും വ്യസ്യസ്തമാണ്. അതു എങ്ങനെയായിരിക്കും സംഭവിക്കുകയെന്നു നമുക്കറിയില്ല. പക്ഷെ എനിക്കു തോന്നുന്നത് റിഷഭിനെ സ്‌ക്വാഡിലേക്കു തിരികെ കൊണ്ടുവരാന്‍ ഡല്‍ഹി ആഗ്രഹിക്കുന്നുണ്ടാവുമെന്നാണ്.
സാധാരണയായി കളിക്കാരെ നിലനിര്‍ത്തുമ്പോള്‍ ഫ്രാഞ്ചൈസിയും ആ താരവും തമ്മില്‍ ഇതേക്കുറിച്ച് സംസാരിക്കും. പുതുക്കിയ ഫീസിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യും. ലേലത്തിനു മുമ്പ് നിലനിര്‍ത്തിയിട്ടുള്ള ചില താരങ്ങളെയെടുത്താല്‍ ഒന്നാമനായി നിലനിര്‍ത്തേണ്ട കളിക്കാരനു അനുവദിക്കപ്പെട്ടതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ ശമ്പളത്തിന്റെ കാര്യത്തില്‍ റിഷഭും ഡല്‍ഹിയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിരിക്കാം. പക്ഷെ എനിക്കു തോന്നുന്നത് ലേലത്തില്‍ അദ്ദേഹത്തെ ഡിസി തിരികെ വാങ്ങുമെന്നാണ് എന്നായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍
പ്രതികരിച്ച് റിഷഭ്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് എക്‌സില്‍ പങ്കുവച്ചിട്ടുള്ള സുനില്‍ ഗവാസ്‌കറുടെ ഈ വീഡിയോക്കു താഴെയാണ് റിഷഭ് പന്ത് പ്രതികരിച്ചിട്ടുള്ളത്. എന്റെ റിട്ടെന്‍ഷനു പണവുമായി ബന്ധമില്ലെന്നു തനിക്കു ഉറപ്പ് പറയാന്‍ സാധിക്കുമെന്നായിരുന്നു റിഷഭിന്റെ പ്രതികരണം.
ഇതോടെ റിഷഭ് ഡിസി വിടാന്‍ കാരണം പ്രതിഫലുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. മറ്റു ചില കാര്യങ്ങള്‍ ഡിസി ടീം മാനേജ്‌മെന്റുമായി താരത്തിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാമെന്നും ഇതാവാം ഒഴിവാക്കിയതിനു പിന്നിലെ യഥാര്‍ഥ കാരണമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

ഡിസി നിലനിര്‍ത്തിയവര്‍
റിഷഭ് പ്ന്തിനെ മെഗാ ലേലത്തിനു മുന്നോടിയായി കൈയൊഴിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നാലു താരങ്ങളെയാണ് നിലനിര്‍ത്തിയിട്ടുള്ളത്. ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനാണ് ഇക്കൂട്ടത്തില്‍ അവര്‍ ഉയര്‍ന്ന പ്രതിഫലം നല്‍കിയത്. 16.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡിസി ഒപ്പം നിര്‍ത്തിയത്.
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ 13.5 കോടി രൂപയ്ക്കും ഡിസി നിലനിര്‍ത്തിയിരുന്നു. സൗത്താഫ്രിക്കന്‍ യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ലിസ്റ്റിലെ മൂന്നാമന്‍. 10 കോടി രൂപയാണ് താരത്തിനായി ഡിസി മുടക്കിയത്. നാലു കോടിക്കു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അഭിഷേക് പൊറെലിനെയും ഡിസി നിലനിര്‍ത്തുകയായിരുന്നു. ലേലത്തിനു മുമ്പ് ഇനി 73 കോടി രൂപയാണ് ഡിസിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്.