വിശാഖപട്ടണം: ഐപിഎല്ലില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് 18ാം സീസണ്‍ വളരെ പോസിറ്റീവായി തന്നെ തുടങ്ങിയിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ഒരു വിക്കറ്റിനു ഡിസി മറികടന്നത്. പുതിയ നായകന്‍ അക്ഷര്‍ പട്ടേലിനു ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയം കൂടിയാണിത്.
റിഷഭ് പന്ത് നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പരാജയത്തിന്റെ വക്കില്‍ നിന്നാണ് കിടിലന്‍ തിരിച്ചുവരവ് നടത്തിയ ഡിസി ത്രില്ലിങ് വിജയം പിടിച്ചെടുത്തത്. ഇതിനു പ്രധാനമായും അവര്‍ കടപ്പെട്ടിരിക്കുന്നത് അശുതോഷ് ശര്‍മയോടാണ്. താരത്തിന്റെ തകര്‍പ്പന്‍ ഫിനിഷിങാണ് തോറ്റെന്നു ഉറപ്പിച്ച ഇടത്തു നിന്നും ഡിസിയെ രക്ഷിച്ചത്.
അതിനിടെ ഈ മല്‍സരത്തില്‍ ഡിസിയുടെ ഇന്നിങ്‌സിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുന്‍ ഡിസി ക്യാപ്റ്റന്‍ കൂടിയായ റിഷഭിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തിക്കെതിരേ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. അദ്ദേഹം ചെയ്തതു ശരിയായില്ലെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.

റിഷഭ് ചെയ്തതെന്ത്?
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റണ്‍ചേസിനിടെ 18ാം ഓവറിലായിരുന്നു കാണികളെ മുഴുവന്‍ ചിരിപ്പിച്ച രസകരമായ സംഭവം. സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഈ ഓവര്‍ പന്തെറിഞ്ഞത്. ആദ്യ ബോളില്‍ തന്നെ മിച്ചെല്‍ സ്റ്റാര്‍ക്കിനെ (2) അദ്ദേഹം പുറത്താക്കി. തുടര്‍ന്ന് ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ് ക്രീസിലെത്തിയത്.
ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെതിരേ ഷോട്ട് കളിക്കാനായിരുന്നു കുല്‍ദീപിന്റെ ശ്രമം. പക്ഷെ അതു വിജയിച്ചില്ല. ബോള്‍ പിച്ചില്‍ തട്ടിയുയര്‍ന്ന ശേഷം നെരെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന റിഷഭ് പന്തിന്റെ കൈകളിലേക്കാണ് വന്നത്. ഷോട്ടിനു പിന്നാലെ ബാലന്‍സ് അല്‍പ്പം തെറ്റിയ കുല്‍ദീപ് മുന്നോട്ടാഞ്ഞ് പിച്ചില്‍ കൈകുത്തുകയും ചെയ്തു. കുല്‍ദീപിന്റെ കാല്‍ അപ്പോഴും ക്രീസിനകത്തായിരുന്നു.
ബാറ്റിങിനിടെ കുല്‍ദീപിനെ തള്ളി താഴെയിടുന്ന റിഷഭ് പന്ത്. വീഡിയോ കാണാം
ഇതുകണ്ട റിഷഭ് കുല്‍ദീപിനെ പിറകില്‍ നിന്നും കൈകൊണ്ട് തള്ളി നിലത്തിടുകയായിരുന്നു. താരം ക്രീസിനു പുറത്തേക്കു വീണതിനു പിന്നാലെ റിഷഭ് സ്റ്റംപിങ് നടത്തുകയും ചെയ്തു. പക്ഷെ വിക്കറ്റിനായി റിഷഭിന്റെ ഭാഗത്തു നിന്നും അപ്പീലൊന്നുമുണ്ടായില്ല. നേരത്തേ ഡിസി ടീമിന്റെ ഭാഗമായതിനാല്‍ കുല്‍ദീപുമായി വളര നല്ല സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്.
ഇതിന്റെ ഭാഗമായി ഒരു തമാശയായിട്ടാണ് കുല്‍ദീപിനെ ക്രീസിനു പുറത്തേക്കു റിഷഭ് ഉന്തിയിട്ടത്. റിഷഭ് ഇതു വെറുമൊരു തമാശയായി തന്നെയാണ് ചെയ്തതെന്നു ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ക്കും അറിമായിരുന്നു. അതുകൊണ്ടു തന്നെ എല്‍എസ്ജി നായകന്റെ ഈ കുസൃതി അവരും അത്ര കാര്യമായി എടുത്തതുമില്ല.
റിഷഭിനു മോശം തുടക്കം
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്ത് പ്രതീക്ഷിച്ചതു പോലെയല്ല ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ ലഭിച്ചിരിക്കുന്നത്. 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് അദ്ദേഹം കഴിഞ്ഞ സീസണില്‍ എല്‍എസ്ജിയിലെത്തിയത്. പക്ഷെ ഡിസിക്കെതിരേ ബാറ്റിങില്‍ റിഷഭ് വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ആറു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ റിഷഭ് പൂജ്യത്തിനു മടങ്ങുകയായിരുന്നു.

അതിനു ശേഷം ക്യാപ്റ്റന്‍സിയിലും അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. റിഷഭിന്റെ ചില ബൗളിങ് മാറ്റങ്ങള്‍ പരാജയമായി മാറി കൂടാതെ വിക്കറ്റിനു പിന്നിലും അദ്ദേഹം ചില അബദ്ധങ്ങള്‍ വരുത്തി. അവസാന ഓവറിലെ ആദ്യബോളില്‍ മോഹിത് ശര്‍മയുടെ ഒരു സിംപിള്‍ സ്റ്റംപിങ് അവസരമാണ് റിഷഭ് പാഴാക്കിക്കളഞ്ഞത്. അദ്ദേഹത്തിനു ഈ പിഴവ് സംഭവിച്ചില്ലായിരുന്നെങ്കില്‍ ലഖ്‌നൗ കളി ജയിക്കുമായിരുന്നു.