ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ഐപിഎല്‍ 18ാം സീസണിലെ മല്‍സരങ്ങള്‍ 17ന് ശനിയാഴ്ച പുനരാരംഭിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌ലും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിനു വീണ്ടും തുടക്കമാവുന്നത്. ഏഴു ടീമുകളാണ് നിലവില്‍ പ്ലേഓഫ് ബെര്‍ത്തിനായി പോരടിക്കുന്നത്. അതുകൊണ്ടു അവസാന റൗണ്ട്് മല്‍സരങ്ങള്‍ കൂടുതല്‍ ആവേശരമായി മാറുമെന്നതില്‍ സംശയമില്ല.
ഫ്രാഞ്ചൈസികള്‍ക്കു മാത്രമല്ല, ചില മുന്‍നിര താരങ്ങള്‍ക്കും ഇനിയുള്ള മല്‍സരങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയവരാണ് ഭയക്കണ്ടത്. സീസണിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെടാതിരിക്കണമെങ്കില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളിലെങ്കിലും ഇവര്‍ക്കു ഏറ്റവും മികച്ച പ്രകടനം നടത്തിയേ തീരൂ. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

റിഷഭ് പന്ത്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ഈ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റലും വിലപിടിപ്പുള്ള താരം കൂടിയാണ് അദ്ദേഹം. കഴഞ്ഞ മെഗാ ലേലത്തില്‍ 27 കോടിയെന്ന ഞെട്ടിക്കുന്ന തുക മുടക്കിയാണ് റിഷഭിനെ എല്‍എസ്ജി വാങ്ങിയത്. പക്ഷെ തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ സാധിക്കാതെ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് അദ്ദേഹം.
ബാറ്റിങില്‍ മാത്രമല്ല, ക്യാപ്റ്റന്‍സിയിലും റിഷഭ് വലിയ പരാജയമായി തീര്‍ന്നു. പ്ലേഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് എല്‍എസ്ജി ടീം. സീസണിലെ ആദ്യ മല്‍സരം മുതല്‍ ബാറ്റിങില്‍ ഒട്ടും താളത്തിലല്ല റിഷഭ് കാണപ്പെടുന്നത്. ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ പല പൊസിഷനിലും ബാറ്റ് ചെയ്തിട്ടും അദ്ദേഹം എവിടെയും ക്ലച്ച് പിടിച്ചില്ല.
10 ഇന്നിങ്‌സുകളില്‍ നിന്നും 12.80 എന്ന ദയനീയ ശരാശരിയില്‍ 99.22 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും 128 റണ്‍സ് മാത്രമേ റിഷഭ് നേടിയട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും താരം കളിച്ചിട്ടില്ല. സീസണിലെ ഇനിയുള്ള മൂന്നു കളിയില്‍ കൂടി ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ സീസണിനു ശേഷം റിഷഭിനെ എല്‍എസ്ജി കൈവിട്ടേക്കും.
ലിയാം ലിവിങ്സ്റ്റണ്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ലിയാം ലിവിങ്‌സ്റ്ററാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹത്തെ കഴിഞ്ഞ ലേലത്തിലാണ് 8.75 കോടി രൂപയ്ക്കു ആര്‍സിബി സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനു പകരമാണ് ലിവിങ്‌സ്്റ്റണിനെ ആര്‍സിബി റാഞ്ചിയത്.
തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കും. ഈ കാരണത്താല്‍ തന്നെയാണ് ലിവിങ്‌സറ്റണിനെ ആര്‍സിബി സ്വന്തമാക്കിയത്. പക്ഷെ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം. ആറിന്നിങ്‌സുകളില്‍ മാത്രമാണ് ലിവിങ്‌സറ്റണ്‍ ഇത്തവണ കളിച്ചത്.
17.40 ശരാശരിയില്‍ അദ്ദേഹം നേടിയത് വെറും 87 റണ്‍സാണ്. തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ ലിവിങ്‌സ്റ്റിനെ പ്ലെയിങ് ഇലവനില്‍ നിന്നും ആര്‍സിബി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ശേഷിച്ച മൂന്നു കളിയില്‍ കഴിവ് തെളിയിക്കാന്‍ ഒരവസരം കൂടി താരത്തിനു ലഭിച്ചേക്കും. അതും മുതലാക്കിയില്ലെങ്കില്‍ സീസണിനു ശേഷം ലിവിങ്സ്റ്റണിനെ ആര്‍സിബി ഒഴിവാക്കാനിടയുണ്ട്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍
രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഫിനിഷര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് അടുത്തയാള്‍. കഴിഞ്ഞ സീസണിനു ശേഷം 11 കോടി രൂപയ്ക്കു റോയല്‍സ് നിലനിര്‍ത്തിയ താരമാണ് അദ്ദേഹം. പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനം നടത്താന്‍ ഹെറ്റിക്കായിട്ടില്ല. ഫിനിഷറുടെ റോളില്‍ ഒരു മാച്ച് വിന്നിങ് പ്രകടനം പോലുമില്ലാതെ വലയുകയാണ് അദ്ദേഹം.
സീസണില്‍ റോയല്‍സിനായി 11 ഇന്നിങ്‌സുകളിലാണ് ഹെറ്റ്‌മെയര്‍ ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 21.60 എന്ന മോശം ശരാശരിയില്‍ 216 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. സീസണിനു ശേഷം ഹെറ്റ്‌മെയറെ ഒഴിവാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടീമിലെ സ്ഥാനം കാക്കാന്‍ ശേഷിച്ച രണ്ടു കളിയിലും അദ്ദേഹം തിളങ്ങേണ്ടതുണ്ട്.