For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പ്രതീക്ഷിച്ചത് വാനോളം, പക്ഷെ ഇവരുടെ തുടക്കം പാളി! നിരാശപ്പെടുത്തിയവരിതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. രണ്ടാം റൗണ്ട് പുരോഗമിക്കവെ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 10 ടീമുകളും ഉജ്ജ്വല പോരാട്ടങ്ങളാണ് പുറത്തെടുക്കുന്നത്. ആരാധകര്‍ വലിയ പ്രതീക്ഷവെച്ച മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇത്തവണ ആരാവും കപ്പിലേക്കെത്തുകയെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണെന്ന് പറയാം. ആര്‍സിബി കന്നി കിരീട പ്രതീക്ഷയോടെ ഇത്തവണ ആദ്യത്തെ രണ്ട് മത്സരവും ജയിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ പല ടീമുകള്‍ക്കും ടീമെന്ന നിലയില്‍ താളം കണ്ടെത്താനായിട്ടില്ല. എന്തായാലും ഇനിയുള്ള മത്സരങ്ങളില്‍ തീപാറും പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഐപിഎല്ലിലെ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി പല താരങ്ങളും മികവ് കാട്ടി.

എന്നാല്‍ വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും കാര്യമായ പ്രകടനം നടത്താനും സാധിച്ചിട്ടുമില്ല. ഇത്തരത്തില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ നിരാശപ്പെടുത്തിയ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷ വെച്ച താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ വലിയ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന താരമാണ്. ഐപിഎല്ലില്‍ രാജസ്ഥാനൊപ്പം കളിച്ച് മികവ് തെളിയിച്ചാണ് ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിലേക്കടക്കം വളര്‍ന്നത്. ഇത്തവണ ജോസ് ബട്‌ലറെയടക്കം വിട്ടുകളഞ്ഞ രാജസ്ഥാന്‍ റോയല്‍സ് യശ്വസി ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷവെച്ചെങ്കിലും ആദ്യ മത്സരങ്ങളില്‍ താരത്തിന് ശോഭിക്കാനായിട്ടില്ല.

മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 34 റണ്‍സ് മാത്രമാണ്. 11.33 ആണ് ശരാശരി. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ജയ്‌സ്വാള്‍ ആകെ നേടിയത്. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാനൊപ്പം ജയ്‌സ്വാളിന് തിളങ്ങാനാവുമെന്നാണ് ആരാധക പ്രതീക്ഷ. അതിന് സാധിക്കാതെ പോയാല്‍ ഇത്തവണത്തെ രാജസ്ഥാന്റെ മുന്നേറ്റത്തെയത് കാര്യമായിത്തന്നെ ബാധിച്ചേക്കും.

ശിവം ദുബെ

ഇത്തവണ സിഎസ്‌കെ വലിയ പ്രതീക്ഷയോടെയാണ് ശിവം ദുബെയെ നിലനിര്‍ത്തിയത്. ഇടം കൈയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടറെ ഇംപാക്ട് പ്ലെയറായാണ് സിഎസ്‌കെ കൂടുതലും ഉപയോഗിക്കുന്നത്. വലിയ സ്‌കോറിലേക്ക് ഉയരാന്‍ ശേഷിയുള്ള താരമാണെന്ന് സിഎസ്‌കെ പ്രതീക്ഷിച്ച ദുബെക്ക് ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് ദുബെ നേടിയത്. 15.33 മാത്രമാണ് ദുബെയുടെ ശരാശരി. മൂന്ന് ഫോറും നാല് സിക്‌സുമാണ് ദുബെ നേടിയത്. വരുന്ന മത്സരങ്ങളില്‍ ദുബെ ഫോമിലേക്കെത്തേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടികള്‍ സിഎസ്‌കെയ്ക്ക് നേരിടേണ്ടതായി വരും.

rohit sharma ipl 2025

അഭിഷേക് ശര്‍മ

ഇന്ത്യയുടെ ടി20 ഓപ്പണര്‍മാരിലൊരാളായ അഭിഷേക് ശര്‍മ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറാണ്. അവസാന സീസണില്‍ ട്രാവിസ് ഹെഡിനൊപ്പം വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരമാണ് അഭിഷേക്. അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഇടം കൈയന്‍ ഓപ്പണറാണ് അഭിഷേക്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അഭിഷേകിന് ആദ്യ മത്സരങ്ങളില്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 31 റണ്‍സാണ് ആകെ നേടിയത്. 10.33 മാത്രമാണ് താരത്തിന്റെ ശരാശരി. അഭിഷേകിന്റെ മോശം പ്രകടനം ഇത്തവണ ഹൈദരാബാദിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവസാന രണ്ട് മത്സരത്തിലും ഹൈദരാബാദ് തോറ്റിരിക്കുകയാണ്.

റിഷഭ് പന്ത്

ഇത്തവണ റെക്കോഡ് പ്രതിഫലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയ താരമാണ് റിഷഭ് പന്ത്. 27 കോടിക്കാണ് റിഷഭ് പന്തിനെ ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗ റാഞ്ചിയത്. എന്നാല്‍ കൊടുത്ത പൈസ നഷ്ടമായെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് റിഷഭ് ആദ്യത്തെ രണ്ട് മത്സരത്തിലും കാഴ്ചവെച്ചിരിക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് വെറും 15 റണ്‍സാണ്. 71.42 എന്ന നാണംകെട്ട സ്‌ട്രൈക്ക് റേറ്റുള്ള താരം ഒരു സിക്‌സര്‍ മാത്രമാണ് ആകെ നേടിയത്. 7.50 ശരാശരിയില്‍ കളിക്കുന്ന റിഷഭ് പന്തിന് വരുന്ന മത്സരങ്ങളിലെങ്കിലും ഫോമിലേക്കെത്താനാവാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാകുമോയെന്ന് പോലും സംശയമാണ്.

rohit sharma ipl 2025

റിങ്കു സിങ്

കെകെആറിന്റെ മധ്യനിരയിലെ വമ്പനടിക്കാരനാണ് റിങ്കു സിങ്. തല്ലിത്തകര്‍ക്കുന്ന റിങ്കു ഫിനിഷറെന്ന നിലയിലും മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ഇത്തവണ മികച്ച പ്രകടനം നടത്താന്‍ ആദ്യ മത്സരങ്ങളില്‍ റിങ്കുവിന് സാധിച്ചിട്ടില്ല. രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് 12 റണ്‍സ് മാത്രമാണ്. ഒരു ബൗണ്ടറിയാണ് ആകെ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ റിങ്കു സിങ്ങിന്റെ ബാറ്റിങ്ങില്‍ വളരെയധികം പ്രതീക്ഷവെക്കുന്നുണ്ട്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ റിങ്കു സിങ്ങിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

രോഹിത് ശര്‍മ

ഐപിഎല്ലിലെ ചാമ്പ്യന്മാരുടെ നിരയായ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനായ രോഹിത് ശര്‍മ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുമെന്ന് പ്രതീക്ഷിച്ച രോഹിത്തിന് പക്ഷെ മികവ് കാട്ടാന്‍ സാധിക്കാതെ പോയിരിക്കുകയാണ്. രണ്ട് മത്സരത്തില്‍ നിന്ന് എട്ട് റണ്‍സാണ് രോഹിത് നേടിയത്. സിഎസ്‌കെയ്‌ക്കെതിരേ ഡെക്കായി പുറത്താവുകയും ചെയ്തു. രോഹിത്തില്‍ നിന്ന് മുംബൈ മാച്ച് വിന്നിങ് പ്രകടനം പ്രതീക്ഷിക്കുമ്പോഴും നിലവാരം കാട്ടാന്‍ രോഹിത്തിനാവുന്നില്ല. രോഹിത് ഇതേ പ്രകടനം തുടര്‍ന്നാല്‍ മുംബൈയുടെ പ്ലേയിങ് 11 നിന്ന് പുറത്താവാനാണ് സാധ്യത കൂടുതല്‍.

വെങ്കടേഷ് അയ്യര്‍

ഇത്തവണ കെകെആര്‍ ലേലത്തില്‍ 23.75 കോടി മുടക്കി ടീമിലെത്തിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഇത്തവണ കെകെആര്‍ കൊടുത്ത പൈസ നഷ്ടമായെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്ന് താരം നേടിയത് ആറ് റണ്‍സാണ്. ഇത്തവണ കെകെആറിന്റെ വലിയ നഷ്ട കച്ചവടമായി വെങ്കടേഷ് അയ്യര്‍ മാറാനാണ് സാധ്യത. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ എയ്ഡന്‍ മാര്‍ക്രവും ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയവനാണ്. പല താരങ്ങള്‍ക്കും പ്രതീക്ഷിച്ച പ്രകടനം കാട്ടാനായിട്ടില്ലെന്ന് തന്നെ പറയാം.

Story first published: Monday, March 31, 2025, 14:05 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+