മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഓരോ ഐപിഎല്ലിന് ശേഷവും നിരവധി യുവതാരങ്ങളാണ് ഐപിഎല്ലിലൂടെ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഇത്തവണയും അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. പ്രിയന്‍ഷ് ആര്യ മുതല്‍ ദിഗ് വേഷ് റാത്തിവരെ വലിയ ഭാവി പ്രതീക്ഷിക്കാവുന്ന യുവതാരങ്ങളാണ്.
എന്നാല്‍ യുവതാരങ്ങളുടെ വളര്‍ച്ചക്കുള്ള വേദി എന്നതിലുപരിയായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ താരങ്ങള്‍ക്ക് മികവ് കാട്ടി തിരിച്ചുവരവ് അവസരം കൂടി നല്‍കുന്നതാണ് ഐപിഎല്‍. ഇത്തവണയും അത്തരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് ചില താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. മിന്നും പ്രകടനം നടത്തി ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന് കരുതിയ പല താരങ്ങള്‍ക്കും ഇത്തവണ ശോഭിക്കാനായിട്ടില്ല.
മിന്നിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഇവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇവരില്‍ പലരും നിരാശപ്പെടുത്തുകയാണ്. ഇത്തരത്തില്‍ മോശം പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം നഷ്ടപ്പെടുത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
റിഷഭ് പന്ത്
ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്തായിരിക്കുന്ന താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പറായ റിഷഭിനെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ തിരിച്ചുവരവിനുള്ള അവസരമായിരുന്നു. സഞ്ജു സാംസണെ മറികടന്ന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ റിഷഭിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇത്തവണത്തേത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ റിഷഭിന് പക്ഷെ ഈ സീസണ്‍ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. തൊട്ടതെല്ലാം താരത്തിന് പിഴച്ചുവെന്ന് പറയാം.
11 ശരാശരിയിലാണ് റിഷഭ് കളിക്കുന്നത്. സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമിലേക്ക് പെട്ടെന്നൊരു തിരിച്ചുവരവ് റിഷഭ് പന്തിന് എളുപ്പമാവില്ലെന്നുറപ്പാണ്. ഗൗതം ഗംഭീര്‍ ഫോം വിലയിരുത്തി ടീമില്‍ അവസരം നല്‍കുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ റിഷഭ് പന്തിനെ ടെസ്റ്റിലേക്ക് മാത്രമായി ഒതുക്കാനാണ് സാധ്യത.
ഇഷാന്‍ കിഷന്‍
ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ്. പോക്കറ്റ് ഡൈനാമോയെന്ന് വിളിപ്പേരുള്ള ഇഷാന്‍ ഫോമിലേക്കെത്തിയാല്‍ വലിയ അപകടം സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാണ്. മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന് ഈ സീസണില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നില്ല.
എന്നാല്‍ ഇഷാന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. സെഞ്ച്വറിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. മുംബൈക്കെതിരായ അവസാന മത്സരത്തില്‍ ഒരു റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താനും സാധിക്കുമായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയതോടെ കാര്യങ്ങള്‍ കടുപ്പമാണ്. ബിസിസി ഐ കരാറിലേക്ക് തിരിച്ചെത്താന്‍ ഇഷാന് സാധിച്ചിട്ടുണ്ട്.
വെങ്കടേഷ് അയ്യര്‍
ഇന്ത്യന്‍ ടീമിലേക്ക് വലിയ തിരിച്ചുവരവ് സ്വപ്‌നം കാണുന്ന താരങ്ങളിലൊരാളാണ് വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വെങ്കടേഷിനെ 23.75 കോടിക്കാണ് കെകെആര്‍ നിലനിര്‍ത്തിയത്. ഇന്ത്യക്കായി നേരത്തെ കളിച്ചിട്ടുള്ള വെങ്കടേഷ് തിരിച്ചുവരവ് നടത്തി മിന്നിക്കാന്‍ കഴിവുള്ളവനായിരുന്നു. ഗൗതം ഗംഭീറിന്റെ പരിഗണനയിലുള്ള താരമായിരുന്നു വെങ്കടേഷ് അയ്യരെന്ന് പറയാം. എന്നാല്‍ വാങ്ങിയ പ്രതിഫലത്തോട് കൂറുകാട്ടാന്‍ വെങ്കടേഷിന് സാധിച്ചിട്ടില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ സ്ഥിരതയോടെ കളിക്കാനെ വെങ്കടേഷിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വെങ്കടേഷിന് തിരിച്ചുവരവ് നടത്തുകയെന്നത് എളുപ്പമാവില്ലെന്നുറപ്പാണ്.
ശിവം ദുബെ
ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിരയില്‍ സ്ഥാനമുണ്ടായിരുന്ന താരമാണ് ശിവം ദുബെ. സ്പിന്നിനെതിരേ വമ്പനടികള്‍ നടത്തുന്ന താരമാണ് ദുബെ. അതുകൊണ്ടുതന്നെ മധ്യ ഓവറുകളിലും ഡെത്തോവറുകളിലും മികവ് കാട്ടാന്‍ ദുബെക്ക് സാധിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ദുബെക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഇത്തവണത്തെ സീസണില്‍ മിന്നിക്കേണ്ടിയിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 230 റണ്‍സാണ് താരം ആകെ നേടിയത്. സ്ഥിരതയോടെ കളിക്കാന്‍ ദുബെക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഇനി ടീമിലേക്ക് മടങ്ങിയെത്തുക ദുബെക്ക് പ്രയാസമാവും. അടുത്ത ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന ദുബെയുടെ മോഹം നിലവിലെ ഫോമില്‍ നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തന്നെ പറയാം.

റിയാന്‍ പരാഗ്
ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷയോടെ എത്തിയ താരമാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ റിയാന്‍ പരാഗ് സ്പിന്‍ ഓള്‍റൗണ്ടറാണ്. കടന്നാക്രമിച്ച് കളിക്കാനും പാര്‍ട്ട് ടൈം സ്പിന്നുകൊണ്ട് വിക്കറ്റ് നേടാനും കഴിവുള്ള പരാഗിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കും പരാഗ് എത്തിയിരുന്നു. സഞ്ജു സാംസണിന്റെ അഭാവത്തില്‍ പരാഗിന് നിര്‍ണ്ണായക റോളാണ് രാജസ്ഥാന്‍ റോയല്‍സിലുള്ളത്. എന്നാല്‍ നിലവിലെ ഫോമില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക റിയാന്‍ പരാഗിന് പ്രയാസമാവും. സ്ഥിരത കാട്ടാത്ത താരത്തെ ഗംഭീര്‍ പിന്തുണക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.
നിതീഷ് കുമാര്‍ റെഡ്ഡി
ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പ് എന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇതിനോടകം ഇന്ത്യക്കായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടാന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ നിതീഷ് കുമാര്‍ ഇത്തവണയും ഹൈദരാബാദിനൊപ്പമാണുള്ളത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ നിതീഷ് കുമാറിനായിട്ടില്ല. ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന നിതീഷ് എട്ട് മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് ആകെ നേടിയത്. അതുകൊണ്ടുതന്നെ താരത്തിന് തിരിച്ചുവരവ് പ്രയാസമായിരിക്കും.

റുതുരാജ് ഗെയ്ക് വാദ്
ഇന്ത്യ തഴയുന്ന പ്രതിഭാശാലിയായ താരമെന്നാണ് റുതുരാജിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ റുതുരാജ് ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള താരമാണ്. സ്ഥിരതയോടെ സിഎസ്‌കെയ്ക്കായി മിന്നിക്കുന്ന റുതുരാജിന് ഈ സീസണില്‍ മികവ് കാട്ടാനായിട്ടില്ല. അഞ്ച് മത്സരത്തില്‍ നിന്ന് 122 റണ്‍സാണ് റുതുരാജ് നേടിയത്. പരിക്കേറ്റ താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായി. ഇനിയൊരു തിരിച്ചുവരവ് റുതുരാജിനെ സംബന്ധിച്ച് കടുപ്പമാണ്. ഇന്ത്യയുടെ ടി20 ടീമിനൊപ്പം മിന്നിക്കാന്‍ കാത്തിരിക്കുന്ന ഓപ്പണര്‍മാര്‍ നിരവധിയായതിനാല്‍ റുതുരാജിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.
മുഹമ്മദ് ഷമി
ഇന്ത്യയുടെ സീനിയര്‍ പേസറായ മുഹമ്മദ് ഷമി നിലവില്‍ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളാണ്. മികച്ച വേഗവും സ്വിങ്ങും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഷമി. എന്നാല്‍ ഇത്തവണത്തെ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നിരാശപ്പെടുത്തുകയാണ് ഷമി. മാര്‍ക്കസ് സ്‌റ്റോയിണിസ് ഷമിയുടെ ഒരോവറിലെ നാല് പന്തും സിക്‌സര്‍ പറത്തിയിരുന്നു. ഇപ്പോള്‍ പ്ലേയിങ് 11 പുറത്താണ് ഷമി. ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണെന്ന് തന്നെ പറയാം.