Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി ഉണ്ടാകില്ല, 16 കോടിക്ക് റിഷഭ് സിഎസ്‌കെയിലേക്ക്? സഞ്ജു ഡല്‍ഹി നായകന്‍?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാണ്. പല വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കുമുള്ള ചരടുവലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം പല ടീമുകളും പരിശീലകരേയും ക്യാപ്റ്റന്മാരേയും മാറ്റിയിട്ടുണ്ട്. അടുത്ത സീസണില്‍ പല ടീമുകള്‍ക്കും പുതിയ നായകന്മാരെ പ്രതീക്ഷിക്കാം. അടുത്ത സീസണിലെ എംഎസ് ധോണി കളിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിലേക്കെത്താന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

സിഎസ്‌കെ ധോണിയെ നിലനിര്‍ത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധോണിയെ അണ്‍ക്യാപ്പ്ഡ് താരമായി നിലനിര്‍ത്താനാണ് സിഎസ്‌കെയുടെ പദ്ധതിയെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയേക്കില്ല. നാല് കോടി രൂപ പ്രതിഫലത്തില്‍ ധോണിയെ കളിപ്പിക്കുകയെന്നത് ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ ധോണിയെ ഉപദേഷ്ടാവിന്റെ റോളിലേക്ക് മാറ്റാനാണ് സിഎസ്‌കെയുടെ പദ്ധതി.

ഇതോടെ ധോണിക്ക് പകരം ആരെന്ന ചോദ്യം വീണ്ടും ശക്തമായി ഉയരുകയാണ്. റിഷഭ് പന്തുമായി സിഎസ്‌കെ ധാരണയിലെത്തിയെന്നാണ് വിവരം. 16 കോടിക്ക് ഡല്‍ഹി വിട്ട് സിഎസ്‌കെയിലെത്താന്‍ റിഷഭ് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തെ തന്നെ റിഷഭുമായി സിഎസ്‌കെ ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളെത്തിയതോടെ റിഷഭ് ഡല്‍ഹിയില്‍ തുടരുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ റിഷഭ് പന്തിന് ഡല്‍ഹിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. റിക്കി പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ റിഷഭ് പന്തിനും ഡല്‍ഹിയില്‍ തുടരാന്‍ താല്‍പര്യമില്ലാതായിരിക്കുകയാണ്. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്താണ് ഡല്‍ഹി പദ്ധതിയിടുന്നത്. പുതിയ പരിശീലകനൊപ്പം പുതിയ നായകനേയും കൊണ്ടുവരാനാണ് ഡല്‍ഹി ആലോചിക്കുന്നത്. റിഷഭിന് കീഴില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഡല്‍ഹിക്കായിട്ടില്ല.

sanju samson ipl 2025

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡ് റിഷഭിന് പറയാനാവില്ല. സിഎസ്‌കെയിലേക്ക് പോയാല്‍ റിഷഭിന്റെ കരിയറിനത് വലിയ ഗുണം ചെയ്യും. എന്നാല്‍ ധോണിയുമായി എപ്പോഴും താരതമ്യപ്പെടുത്തല്‍ റിഷഭിന് നേരിടേണ്ടി വരുമെന്നതിനാല്‍ സിഎസ്‌കെയില്‍ കളിക്കുക താരത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്. റിഷഭ് ഡല്‍ഹി വിട്ടാല്‍ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെയാണ് അവര്‍ പരിഗണിക്കുന്നതെന്നാണ് വിവരം.

സഞ്ജു സാംസണ്‍ നേരത്തെ ഡല്‍ഹിക്കായി കളിച്ചിട്ടുള്ള താരമാണ്. സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകസ്ഥാനത്തേക്കെത്തിച്ചാല്‍ വലിയ ആരാധക പിന്തുണയും ഡല്‍ഹിക്കുണ്ടാവും. ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമെന്ന് സഞ്ജുവിനെ വിളിക്കാനാവില്ലെങ്കിലും ആരാധക മനസില്‍ നിര്‍ണ്ണായക സ്ഥാനം അദ്ദേഹത്തിനുണ്ട്. കേരളത്തിലെ ആരാധകരുടെ വലിയ പിന്തുണ സഞ്ജു സാംസണിന് ലഭിക്കുന്നുണ്ട്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. എന്നാല്‍ അടുത്ത സീസണില്‍ പുതിയൊരു നായകനെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ആലോചിക്കുന്നതായാണ് സൂചന. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ജോസ് ബട്‌ലര്‍. രാജസ്ഥാനൊപ്പം മികച്ച പ്രകടനവും ബട്‌ലര്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ബട്‌ലറെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്‍ നീങ്ങുന്നതെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിട്ടേക്കും.

നേരത്തെ വമ്പന്‍ ഓഫറുകള്‍ വന്നിട്ടും രാജസ്ഥാന്‍ റോയല്‍സ് വിടില്ലെന്ന നിലപാടിലായിരുന്നു സഞ്ജു. കപ്പടിക്കുകയാണെങ്കില്‍ വളര്‍ന്നുവന്ന രാജസ്ഥാനൊപ്പമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം സഞ്ജുവിന് എതിരായാല്‍ അദ്ദേഹം ടീം വിടാനാണ് സാധ്യത കുടുതല്‍.

ഡല്‍ഹി ടീം മാനേജ്‌മെന്റ് സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നവരാണ്. അതുകൊണ്ടുതന്നെ സഞ്ജു ഡല്‍ഹിയിലേക്ക് പോയാലും വലിയ സ്വീകാര്യത ലഭിച്ചേക്കും. എന്തായാലും ഇക്കാര്യത്തിലൊക്കെ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതായുണ്ട്. അതുവരെ കാത്തിരിക്കാം.

Story first published: Friday, August 23, 2024, 12:48 [IST]
Other articles published on Aug 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+