ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. പല സീസണുകളിലും മോശം ടീം കോമ്പിനേഷനാണ് അവര്‍ക്കു തിരിച്ചടിയായി മാറിയിട്ടുളളത്. വളരെ സന്തുലിതമായ ഒരു സ്‌ക്വാഡിനെ അണിനിരത്താന്‍ പഞ്ചാബിനു സാധിക്കാറില്ല. എല്ലാ സീസണുകളിലും അവര്‍ക്കു ദൗര്‍ബല്യങ്ങളുമുണ്ടായിട്ടുണ്ട്.
അടുത്ത സീസണിലെ ഐപിഎല്ലിലെങ്കിലും ഈ കുറവുകളെല്ലാം നികത്തി ഒരു കെട്ടുറപ്പുള്ള ടീമിനെ ഇറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന മെഗാ ലേലം പഞ്ചാബിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്. ഒരു ഫുള്‍ ടീമിനെ തന്നെ ലേലത്തില്‍ അവര്‍ക്കു കണ്ടെത്തുകയും വേണം.
ആറു താരങ്ങളെ വീതം നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുവാദം ലഭിച്ചപ്പോള്‍ പഞ്ചാബ് നിലനിര്‍ത്തിയത് വെറും രണ്ടു പേരെയാണ്. അണ്‍ക്യാപ്ഡ് താരങ്ങളായ ശശാങ്ക് സിങ് (5.5 കോടി), പ്രഭ്‌സിമ്രന്‍ സിങ് (4) എന്നിവര്‍ മാത്രമേ ടീമിനൊപ്പമുള്ളൂ. ശേഷിച്ചവരെയെല്ലാം അവര്‍ കൈവിടുകയായിരുന്നു. ഇതു കാരണം 110.5 എന്ന വലിയ തുകയും പഞ്ചാബിന്റെ പഴ്‌സില്‍ ഇപ്പോള്‍ ബാക്കിയുണ്ട്.
എട്ടു വിദേശികളടക്കം 23 താരങ്ങളെ ഈ തുകയ്ക്കു അവര്‍ക്കു ലേലത്തില്‍ വാങ്ങുകയും വേണം. പുതിയ പരിശീലകനായി എത്തിയ റിക്കി പോണ്ടിങിനു കീഴിലാണ് പഞ്ചാബ് അടുത്ത സീസണില്‍ അങ്കത്തിന് ഇറങ്ങുക. മെഗാ ലേലത്തില്‍ പഞ്ചാബ് നോട്ടമിടാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണന്നു നമുക്കുനോക്കാം.

റിഷഭും ശ്രേയസും
ഇന്ത്യയുടെ മിന്നും താരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും അടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിനായി ഒരുമിച്ച് കളിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. 2018ല്‍ ശ്രേയസ് ആദ്യമായി ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ അന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായിരുന്നു റിക്കി പോണ്ടിങ്. ഇപ്പോള്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനത്തേക്കു വന്നിരിക്കുന്ന അദ്ദേഹം ലേലത്തില്‍ ശ്രേയസിനെ റാഞ്ചാന്‍ ശ്രമിച്ചാല്‍ അദ്ഭുതപ്പെടാനുമില്ല.
റിഷഭിനെയും പഞ്ചാബ് തീര്‍ച്ചയായും നോട്ടമിട്ടേക്കും. ഡിസിക്കൊപ്പം കഴിഞ്ഞ സീസണ്‍ വരെ പോണ്ടിങിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് അദ്ദേഹം. പോണ്ടിങുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നതിനാല്‍ റിഷഭിനു വേണ്ടിയും മോഹവില ലേലത്തില്‍ നല്‍കാന്‍ പഞ്ചാബ് തയ്യാറായേക്കും.
ലേലത്തില്‍ മാര്‍ക്വി താരങ്ങളുടെ രണ്ടു സെറ്റുകളാണുണ്ടാവുക. രണ്ടിലും വളരെ സജീവമായി തന്നെ പഞ്ചാബിനെ നമുക്കു പ്രതീക്ഷിക്കാം. 12 താരങ്ങളുള്‍പ്പെട്ട മാര്‍ക്വി സെറ്റില്‍ നിന്നും മൂന്ന്- നാല് പേരെയെങ്കിലും പഞ്ചാബ് വാങ്ങിയേക്കും. ഇക്കൂട്ടത്തില്‍ നിന്നും പുതിയ സീസണിലേക്കുള്ള ക്യാപ്റ്റനെയും അവര്‍ക്കു കണ്ടെത്തണം. റിഷഭ്, ശ്രേയസ് എന്നിവരെക്കൂടാതെ മാര്‍ക്വി താരങ്ങളുടെ സെറ്റില്‍ പഞ്ചാബ് നോട്ടമിടാന്‍ പോവുന്ന മറ്റു കളിക്കാര്‍ ജോസ് ബട്‌ലറും മിച്ചെല്‍ സ്റ്റാര്‍ക്കുമായിരിക്കും.

ആര്‍ടിഎം ഓപ്ഷന്‍
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന നാലു ക്യാപ്ഡ് താരങ്ങളെ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷനിലൂടെ തിരികെ വാങ്ങാന്‍ പഞ്ചാബ് കിങ്‌സിനു സാധിക്കും. ഇതു തീര്‍ച്ചയായും അവര്‍ ഉപയോഗിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജോണി ബെയര്‍സ്‌റ്റോ, കാഗിസോ റബാഡ, സാം കറെന്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, നതാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരെല്ലാം ആര്‍ടിഎം ഓപ്ഷനുകളായി അവര്‍ക്കു മുന്നിലുണ്ട്. ഇവരില്‍ നിന്നും റബാഡ, ലിവിങ്സ്റ്റണ്‍, ബെയര്‍സ്റ്റോ /കറെന്‍, അര്‍ഷ്ദീപ് എന്നിവരെ ആര്‍ടിഎം ഓപ്ഷനിലൂടെ പഞ്ചാബ് തിരികെ കൊണ്ടുവന്നേക്കും.
ലേലത്തില്‍ പഞ്ചാബ് വാങ്ങാനിടയുള്ള മറ്റൊരാള്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ്. അമേരിക്കയില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ (MLC) സ്മിത്ത് നയിച്ച വാഷിങ്ടണ്‍ ഫ്രീഡം ചാംപ്യന്‍മാരായപ്പോള്‍ അവരുടെ പരിശീലകന്‍ പോണ്ടിങായിരുന്നു. ഈ കാരണത്താല്‍ തന്നെ സ്മിത്തിനെ പഞ്ചാബിലെത്തിക്കാന്‍ പോണ്ടിങ് നീക്കവും നടത്തിയേക്കും. അണ്‍ ക്യാപ്ഡ് താരങ്ങളില്‍ നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഹര്‍പ്രീത് ബ്രാര്‍, അശുതോഷ് ശര്‍മ എന്നിവരെയും പഞ്ചാബ് നോട്ടമിടാന്‍ സാധ്യതയുണ്ട്.