ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ അണിയറയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കഴിഞ്ഞ സീസണില ക്യാപ്റ്റനുമായ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിടുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസിയുമായി ഉടക്കിയ താരം ടീം വിടാന്‍ തീരുമാനിച്ചു കഴിഞ്ഞതായും സൂചനകളുണ്ട്. റിഷഭിന്റെ ഒരു ഡിമാന്റ് ഡിസി തള്ളിയതാണ് ഇവര്‍ക്കിടയില്‍ വിള്ളലുണ്ടാവാന്‍ കാരണമെന്നാണ് വിവരം.
റിഷഭിനു പകരം അടുത്ത സീസണിലേക്കു നായകനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍ വന്നേക്കുമെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ശ്രേയസിനെ കെകെആര്‍ നിലനിര്‍ത്തിയേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ഡിസി കരുക്കള്‍ നീക്കുന്നത്. ഇതു സംഭവിക്കുകയാണെങ്കില്‍ ഡിസിയുടെ തലവര തന്നെ മാറിയേക്കുകയും ചെയ്യും.

റിഷഭും ഡിസിയും തമ്മിലുള്ള പ്രശ്‌നമെന്ത്?
2016 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ് റിഷഭ് പന്ത്. വെറുമൊരു വിക്കറ്റ് കീപ്പറായി തുടങ്ങിയ അദ്ദേഹം പിന്നീട് നായകസ്ഥാനത്തേക്കും വരികയായിരുന്നു. ഡിസിയുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന താരം കൂടിയാണ് റിഷഭ്.
പക്ഷെ ഇപ്പോള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു കഴിഞ്ഞുവെന്നാണ് വ്യക്തമായിരിക്കുന്നത്. റിഷഭിന്റെ ഒരു ആവശ്യം ഡിസി തള്ളിയതാണ് ഇതിനു പിന്നിലുള്ള കാരണം. നിലവില്‍ ജിഎംആര്‍ (GMR) ഗ്രൂപ്പാണ് ഡിസിയുടെ ഉടമകള്‍. റിഷഭിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ തന്നെയാണ് അവര്‍ക്കു താല്‍പ്പര്യം. പക്ഷെ നായകസ്ഥാനം അദ്ദേഹത്തിനു നല്‍കാന്‍ തയ്യാറല്ല.
പക്ഷെ അടുത്ത സീസണിലും ഡിസിയുടെ നായകസ്ഥാനം തനിക്കു തന്നെ നല്‍കണമെന്നാണ് റിഷഭിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജിഎംആര്‍ ഗ്രൂപ്പ് താരവുമമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതു തീരുമാനാവാതെ പിരിയുകയായിരുന്നു. ഇതോടെയാണ് ഡിസിയോടു ഗുഡ്‌ബൈ പറയാന്‍ റിഷഭ് തീരുമാനിച്ചതെന്നാണ് വ്യക്തമാവുന്നത്.
റിഷഭിനെ റാഞ്ചാന്‍ സിഎസ്‌കെ
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അടിച്ചുപിരിഞ്ഞ റിഷഭ് പന്തിനെ റാഞ്ചാന്‍ അഞ്ചു തവണ ചാാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം തുടങ്ങിയതായാണ് വിവരം. ഇതിനു വേണ്ടി റിഷഭിന്റെ വഴികാട്ടി കൂടിയായ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ സഹായം സിഎസ്‌കെ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത സീസണിലും സിഎസ്‌കെയ്ക്കായി ധോണി കളിച്ചേക്കുമെന്നാണ് വിവരം. പക്ഷെ കരിയറിന്റെ അവസാനത്തോടു എത്തിയിരിക്കുന്ന അദ്ദേഹത്തിനു പകരം പുതിയൊരാളെ സിഎസ്‌കെയ്ക്കു ആവശ്യമാണ്. ധോണിയുടെ പിന്‍ഗാമിയായി റിഷഭിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ചെന്നൈയ്ക്കു ലഭിക്കാനുമില്ല. നേരത്തേ ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയായി എത്തിയ താരമാണ് അദ്ദേഹം.
ഇനി സിഎസ്‌കെയിലും ധോണിയുടെ കസേരയിലേക്കു വരാനുള്ള അവസരമാണ് റിഷഭിനു ലഭിക്കാന്‍ പോവുന്നത്. സിഎസ്‌കെയില്‍ ധോണിയുടെ സാന്നിധ്യം റിഷഭിനെയും തീര്‍ച്ചയായും കൂടുമാറ്റത്തിനു പ്രേരിപ്പിക്കും. അങ്ങനെ വന്നാല്‍ റുതുരാജ് ഗെയ്ക്വാദിനെ മാറ്റി കുറേക്കൂടി താരമൂല്യമുള്ള റിഷഭിനെ സിഎസ്‌കെ പുതിയ നായകനുമാക്കിയേക്കും.

ഡിസിക്കു ശ്രേയസിനെ വേണം
റിഷഭ് പന്ത് ടീമില്‍ തുടരില്ലെന്നു വ്യക്തമായതോടെ മുന്‍ ക്യാപ്റ്റനായ ശ്രേയസ് അയ്യരെ പകരക്കാരനായി കൊണ്ടുവരാനുള്ള നീക്കമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ശ്രേയസിനെ കെകെആര്‍ നിലനിര്‍ത്തിയേക്കില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഡിസിക്കു പ്രതീക്ഷ നല്‍കുന്നതും ഇതു തന്നെയാണ്. നേരത്തേ ഡിസിയെ 2020ലെ ഐപിഎല്ലില്‍ റണ്ണറപ്പാക്കിയ ക്യാപ്റ്റനാണ് ശ്രേയസ്.
ഐപിഎല്‍ ചരിത്രത്തില്‍ അവരുടെ ഏക ഫൈനലും ഇതു തന്നെയാണ്. പിന്നീട് ശ്രേയസ് പരിക്കേറ്റ് പുറത്തായതോടെയാണ് റിഷഭിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി ലഭിച്ചത്. പിന്നീട് അദ്ദേഹത്തെ സ്ഥിരം നായകനുമാക്കിയതോടെ ശ്രേയസ് ടീം വിടുകയായിരുന്നു.