ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ ലേലത്തില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന താരമാണ് റിഷഭ് പന്ത്. ഇന്ത്യയുടെ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മെഗാ ലേലത്തിലേക്കെത്തിയതോടെ പുതിയ തട്ടകം ഏതാവുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. റിഷഭ് പന്ത് ലേലത്തിലേക്കെത്തിയപ്പോള്‍ത്തന്നെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. അത് അതുപോലെ തന്നെ സംഭവിച്ചു.
27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് റിഷഭിനെ വാങ്ങിയത്. കെ എല്‍ രാഹുല്‍ ഒഴിഞ്ഞ സീറ്റിലേക്കാണ് ഇനി റിഷഭ് എത്തുന്നത്. എല്ലാവരും പഞ്ചാബ് കിങ്‌സ് റിഷഭിനെ വാങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ റിഷഭിനെ വാങ്ങാന്‍ പഞ്ചാബ് വലിയൊരു താല്‍പര്യം കാട്ടിയില്ല. ശ്രേയസ് അയ്യരെ പഞ്ചാബ് തൂക്കിയതോടെ റിഷഭ് പന്തിനായി അധികം പണം മുടക്കാന്‍ പഞ്ചാബ് തയ്യാറായില്ല.
ഡല്‍ഹിയുടെ നീക്കം പാളി
ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. നായകനായിരുന്ന റിഷഭിനെ ഡല്‍ഹി അപ്രതീക്ഷിതമായാണ് തഴഞ്ഞത്. അതുകൊണ്ടുതന്നെ ലേലത്തില്‍ ഡല്‍ഹി റിഷഭിനെ വാങ്ങാന്‍ ശ്രമിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ റിഷഭിനായി ശക്തമായിത്തന്നെ ഡല്‍ഹി രംഗത്തെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ആര്‍സിബിയും ഹൈദരാബാദും രംഗത്തെത്തി.
ഇരു ടീമും 12 കോടിക്ക് മുകളില്‍ റിഷഭിന് നല്‍കാന്‍ തയ്യാറായി. എന്നാല്‍ റിഷഭിനെ കൂട്ടാന്‍ ലഖ്‌നൗ തുനിഞ്ഞ് ഇറങ്ങിയതിനാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. ഇതോടെ ആര്‍ടിഎം ഡല്‍ഹി ഉപയോഗിക്കുകയും 27 കോടി ഉയര്‍ത്തുകയും ചെയ്തു. ഈ തുകയ്ക്ക് ലഖ്‌നൗ സമ്മതിച്ചതോടെ ലഖ്‌നൗവിലേക്ക് റിഷഭ് എത്തുകയായിരുന്നു. ടീമിന്റെ വിക്കറ്റ് കീപ്പറായും നായകനായും റിഷഭ് പന്തിനെ പ്രതീക്ഷിക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് രാഹുലിനെ കീഴില്‍ പ്ലേ ഓഫ് കളിച്ചെങ്കിലും കപ്പിലേക്കെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

റിഷഭിന് മുന്നില്‍ വെല്ലുവിളി
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് രാഹുല്‍ പടിയിറങ്ങാനുള്ള കാരണം ടീമിന്റെ ഉടമയുമായുള്ള ഉടക്കാണ്. ടീമിന്റെ പ്രകടനം മോശമായപ്പോള്‍ രാഹുലിനെ ഉടമ പരസ്യമായി ശാസിച്ചിരുന്നു. ഇതാണ് രാഹുല്‍ ടീം വിടാന്‍ കാരണം. ഇപ്പോള്‍ ആ സ്ഥാനത്തേക്ക് റിഷഭ് എത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് റിഷഭിന് മുന്നിലുള്ളത്. എന്തായാലും ടീമിന്റെ ഉടമയുമായി ഉടക്കാതെ റിഷഭിന് മുന്നോട്ട് പോകാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. റിഷഭിന്റെ സ്വഭാവം നോക്കുമ്പോള്‍ ലഖ്‌നൗവില്‍ പൊട്ടിത്തെറിക്ക് സാധ്യത കൂടുതലാണ്.
റിഷഭിന്റേത് ലോക റെക്കോഡ് നേട്ടം
ഒരു ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോഡാണ് റിഷഭ് പന്ത് നേടിയെടുത്തത്. 27 കോടി നേടിയ റിഷഭ് തൊട്ട് മുമ്പ് ശ്രേയ് അയ്യര്‍ നേടിയ 26.75കോടിയുടെ റെക്കോഡാണ് തകര്‍ത്തത്. ഐപിഎല്ലില്‍ 111 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റിഷഭ് 3284 റണ്‍സാണ് നേടിയത്. 148.93 സ്‌ട്രൈക്ക് റേറ്റുള്ള റിഷഭ് ഒരു സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.