മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ ഇതിനോടകം പല കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സീനിയര്‍ താരങ്ങളില്‍ പലരും നിലവിലെ ടീമില്‍ നിന്ന് മാറാനൊരുങ്ങവെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് ഉറപ്പാണ്. എംഎസ് ധോണി സിഎസ്‌കെയ്‌ക്കൊപ്പം ഇനി ഒരു സീസണ്‍ കളിച്ചേക്കില്ല. അവസാന സീസണോടെ ധോണി ഐപിഎല്‍ മതിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്ക് അദ്ദേത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം.
അതുകൊണ്ടുതന്നെ ധോണിക്ക് പകരക്കാരനെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായി ഉടക്കിയ കെ എല്‍ രാഹുലും ടീം വിടും. റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടുമോയെന്നതും ചോദ്യമാണ്. രാജസ്ഥാന്റെ പരിശീലകസ്ഥാനത്ത് നിന്ന് കുമാര്‍ സംഗക്കാരയും പടിയിറങ്ങുകയാണ്. അതുകൊണ്ടുതന്നെ അടിമുടി മാറ്റങ്ങള്‍ എല്ലാ ടീമുകളിലും ഉണ്ടായേക്കും. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണിക്ക് പകരക്കാരനായി സഞ്ജു എത്തുമെന്നതാണ്.
സിഎസ്‌കെ നോട്ടമിട്ടിരുന്നത് റിഷഭ് പന്തിനെയാണ്. എന്നാല്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്ത് തുടരാനാണ് ആഗ്രഹിക്കുന്നത്. റിക്കി പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ റിഷഭ് ഡല്‍ഹി വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയാല്‍ നായകസ്ഥാനം റിഷഭിന് ലഭിക്കില്ല. റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ അദ്ദേഹം കളിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ നായകസ്ഥാനം റിഷഭ് ആഗ്രഹിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ തുടരുമെന്നാണ് വിവരം.
സഞ്ജു സാംസണ്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ കരിയര്‍ പ്രതീക്ഷിച്ച നിലയിലല്ല. ഇക്കാരണത്താല്‍ത്തന്നെ സഞ്ജു സിഎസ്‌കെയിലേക്ക് കൂടുമാറേണ്ടത് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും. അതുകൊണ്ടുതന്നെ സഞ്ജു ഈ കൂടുമാറ്റത്തിന് തയ്യാറായേക്കും. വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സഞ്ജു കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്യാനാണ് സാധ്യത.

രാജസ്ഥാന്‍ റോയല്‍സ് വലിയൊരു അഴിച്ചുപണിക്കാണ് തയ്യാറെടുക്കുന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ രാജസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ്. എന്നാല്‍ അവസാന സീസണില്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ രോഹിത്തിന് അതൃപ്തിയുണ്ടായിരുന്നു. വരുന്ന സീസണിന് മുമ്പ് രോഹിത് മുംബൈ വിടുമെന്നുറപ്പാണ്.
രോഹിത്തിനെ റാഞ്ചാന്‍ രാജസ്ഥാന്‍ ശ്രമിക്കുന്നതായാണ് വിവരം. സംഗക്കാര പടിയിറങ്ങുമ്പോള്‍ രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വരുമെന്നാണ് സൂചന. ദ്രാവിഡ്-രോഹിത് കൂട്ടുകെട്ട് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചതിനാല്‍ ഈ കൂട്ടുകെട്ടിനെ ഒരുമിക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകസ്ഥാനത്തേക്കാവും രാഹുല്‍ എത്തുക.
കര്‍ണാടകക്കാരനായ രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ക്യാപ്റ്റനായി കാഴ്ചവെച്ചത്. എന്നാല്‍ ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കുന്ന ആര്‍സിബിക്ക് രാഹുലിനെ നായകസ്ഥാനത്തേക്കെത്തിക്കാതെ മറ്റ് വഴികളില്ലെന്ന് പറയാം. വിരാട് കോലിയുമായി രാഹുലിന് അടുത്ത ബന്ധമാണുള്ളത്. ഇതും രാഹുലിനെ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിച്ചേക്കും.
മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തും. പഞ്ചാബ് കിങ്‌സ് ശിഖര്‍ ധവാനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുറപ്പാണ്. അടിമുടി മാറ്റത്തിനൊരുങ്ങുന്ന പഞ്ചാബിന്റെ നായകനായി ആര് വരുമെന്നതാണ് കണ്ടറിയേണ്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സീസണില്‍ ഫൈനല്‍ കളിച്ചിരുന്നു. നായകനായി പാറ്റ് കമ്മിന്‍സായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്. അടുത്ത സീസണില്‍ കമ്മിന്‍സ് കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിവരം.
അങ്ങനെ വന്നാല്‍ ഹൈദരാബാദിനും പുതിയ നായകന്‍ വരും. ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനത്ത് ശുബ്മാന്‍ ഗില്‍ തുടരും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യരെ നായകനായി നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.