ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ പാതി വഴിയിലേക്കു കടക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനത്തുമാണുള്ളത്. നിലവില്‍ ടോപ്പ് ഫോറിലുള്ള മൂന്നു ടീമുകളും സര്‍പ്രൈസ് കുതിപ്പാണ് ടൂര്‍ണമെന്റില്‍ നടത്തുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണിത്.
ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു വൈകാതെ ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തിയേക്കും. അതുപോലെ തന്നെ നിലവില്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള ചിലര്‍ക്കു ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമായേക്കും. ഐപിഎല്ലിനു ശേഷം ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാവാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണന്നു നോക്കാം.

പുറത്താവുക ആരെല്ലാം?
ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഏഴു താരങ്ങളായിരിക്കും ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്തു പോയേക്കുകയെന്നാണ് വിവരം. യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഫിനിഷര്‍ റിങ്കു സിങ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, രമണ്‍ദീപ് സിങ്, വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കാവും ടി20 ടീമില്‍ നിന്നും ചീട്ട് കീറിയേക്കുക.
ഇന്ത്യന്‍ ടി20 ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് റോളിലേക്കു ഫേവറിറ്റായിരുന്ന ജയ്‌സ്വാള്‍ ഈ ഐപിഎല്ലില്‍ ശരിക്കും പതറുകയാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ആറിന്നിങ്‌സുകളില്‍ നിന്നും 30.33 ശരാശരിയില്‍ 182 റണ്‍സ മാത്രമേ ജയ്‌സ്വാള്‍ നേടിയിട്ടുള്ളൂ. ആറു കളിയില്‍ രണ്ടു ഫിഫ്റ്റികളാണ് കുറിക്കാനായത്.
സമീപകാലത്തെ ഫോം പരിഗണിക്കുമ്പോള്‍ ജയ്സ്വാളിന്റെ ഈ പ്രകടനത്തെ ശരാശരിയെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ. സീസണിലെ ഇനിയുള്ള മല്‍സരങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ജയ്‌സ്വാളിനെ ശ്രേയസ് മാറ്റി നിര്‍ത്തിയേക്കും.
ടി20യില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തപ്പിത്തടയുകയാണ്. എുത്തു പറയേണ്ട പ്രകടനങ്ങളൊന്നും തന്നെ അദ്ദേഹത്തിനു ഈ സീസണില്‍ കാഴ്ചവയ്ക്കാനായില്ല. ഏഴു മല്‍സരങ്ങില്‍ കെകെആര്‍ കളിച്ചു കഴിഞ്ഞെങ്കിലും ആറിന്നിങ്‌സുകളിലാണ റിങ്കു ബാറ്റ് വീശിയത്. ഇവയില്‍ 38.66 ശരാശരിയില്‍ നേടിയത് 116 റണ്‍സ് മാത്രം. പുറത്താവാതെ നേടിയ 38 റണ്‍സാണ് ഏറ്റും മികച്ച പ്രകടനം.

പഞ്ചാബ് കിങ്‌സിനെതിര കഴിഞ്ഞ ദിവസം രാത്രി നടന്ന മല്‍സരം റിങ്കുവിനു ഹീറോയാവാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ താരം അതു കളഞ്ഞു കുളിക്കുകയായിരുന്നു. 112 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നു കെകെആര്‍ വെറും 95 റണ്‍സിനു ഓള്‍ഔട്ടായപ്പോള്‍ റിങ്കുവിനു നേടാനാത് വെറും രണ്ടു റണ്‍സാണ്. യുസ്വേന്ദ്ര ചഹലിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ഐപിഎല്ലിനു മുമ്പ് തകര്‍പ്പന്‍ പ്രകനടങ്ങള്‍ നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് നിതീഷ്. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ അദ്ദേഹം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. ബാറ്റിങിലോ, ബൗളിങിലോ നിതീഷിനു യാതൊരു ചലനവുമുണ്ടാക്കാനായിട്ടില്ല.
ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് നിതീഷ് ബാറ്റ് ചെയ്തത്. ഇവയില്‍ 22.40 എന്ന മോശം ശരാശരിയില്‍ 119.14 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 112 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും നിതീഷിന്റെ പേരിലില്ല. ഉയര്‍ന്ന സ്‌കോറാവട്ടെ 32 റണ്‍സുമാണ്. ഐപിഎല്ലില്‍ തുടര്‍ന്നും ഫ്‌ളോപ്പ് ഷോ ആവര്‍ത്തിച്ചാല്‍ അടുത്ത ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനിടയില്ല.
ടി20 സ്‌പെഷ്യലിസ്റ്റും സ്പിന്നര്‍മാരുടെ അന്തകനുമായ ദുബെയും ഐപിഎല്ലില്‍ പ്രതീക്ഷിച്ചതു പോലെ വിജയമായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ബാറ്റിങില്‍ മാത്രമാണ് അദ്ദേഹം ഇംപാക്ട് പ്ലെയറായി കളിച്ചുകൊണ്ടിരിക്കന്നത്. ഏഴിന്നിങ്‌സുകളിലും ബാറ്റ് ചെയ്ത ദുബെ 36 ശരാശരിയില്‍ 128.57 എന്ന മോശം സ്‌ട്രൈക്ക്‌റേറ്റില്‍ ഇതിനകം നേടിയത് 180 റണ്‍സാണ്. 43 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല അദ്ദേഹം കാണപ്പെടുന്നത്. ബാറ്റിങിലെ പഴയ ഒഴിക്ക് നഷ്ടമായ ദുബെയ്ക്കു പ്രതീക്ഷിച്ചതു പോലെ ഷോട്ടുകള്‍ കളിക്കാനുമാവുന്നില്ല. റണ്‍ചേസില്‍ ചെന്നൈ കഷ്ടിച്ചു രക്ഷപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയിലും അദ്ദേഹം ബാറ്റിങില്‍ തപ്പിത്തടഞ്ഞു. മുന്‍ സീസണുകളിലേതു പോലെ വളരെ അനായാസം ഗ്യാപ്പുകള്‍ കണ്ടെത്തു റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ദുബെയ്ക്കാവുന്നില്ല. സ്പിന്നര്‍മാര്‍ക്കെതിരേയും ഇടംകൈയന്‍ ബാറ്റര്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള വാഷിങ്ടണിന്റെയും ഈ സീസണിലെ പ്രകടനം നിരാശാജനകമാണ്. ടീമിലെ സ്ഥിരം സാന്നിധ്യം പോലുമാവാന്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ക്കായിട്ടില്ല. രണ്ടു മല്‍സരങ്ങളിലാണ് വാഷിങ്ടണിനെ ജിടി ഈ സീസണില്‍ പരീക്ഷിച്ചത്. 25.5 ശരാശരിയില്‍ അദ്ദേഹം നേടിയത് 51 റണ്‍സുമാണ്. 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങിലാവട്ടെ ഒരിന്നിങ്‌സില്‍ മാത്രമാണ് വാഷിങ്ടണ്‍ പന്തെറിഞ്ഞത്. ഒരു വിക്കറ്ററ്റെടുക്കുകയും ചെയ്തു.

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഷമിക്കും ഈ ഐപിഎല്‍ സീസണ്‍ അത്ര മികച്ചതല്ല. പുതിയ തട്ടകമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ അദ്ദേഹത്തിനു ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. എസ്ആര്‍എച്ചിനു വേണ്ടി സീസണിലെ ആറു കളിയിലും പന്തെറിഞ്ഞെങ്കിലും വെറും അഞ്ചു വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. 11.09 എന്ന വളരെ മോശം ഇക്കോണമി റേറ്റിലാണിത്. ഈ ഫോം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹത്തെ ഗൗതം ഗംഭീര്‍ പരിഗണിക്കില്ലെന്നുറപ്പാണ്.
ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ രമണ്‍ദീപും ഇനി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് ഈ സീസണില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ഏഴു മല്‍സരങ്ങളിലായി നാലിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത രമണ്‍ദീപിനു 9.66 എന്ന ദയനീയ ശരാശരിയില്‍ 29 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 22 റണ്‍സുമാണ്. ഇത്രയും മോശം ഫോമില്‍ നില്‍ക്കവെ അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിലും അവസരം പ്രതീക്ഷിക്കേണ്ടതില്ല.