മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പ് തന്നെ പല നിര്‍ണ്ണായക നീക്കങ്ങളുമായി ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം പല ടീമും പരിശീലകരെയടക്കം മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ എല്ലാവരേയും ഞെട്ടിപ്പിച്ച് നിര്‍ണ്ണായക മാറ്റം വരുത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെയാണ് പഞ്ചാബ് കൊണ്ടുവന്നിരിക്കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായിരുന്ന പോണ്ടിങ് കഴിഞ്ഞിടെയാണ് ഈ സ്ഥാനം ഒഴിഞ്ഞത്. ഇപ്പോള്‍ പഞ്ചാബിലേക്ക് കളി പഠിപ്പിക്കാന്‍ എത്തുകയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ പഞ്ചാബിനായിട്ടില്ല. പോണ്ടിങ് വരുന്നതോടെ പ്ലേ ഓഫിലേക്കുയരുന്ന തരത്തിലെങ്കിലും ടീമിന് മെച്ചപ്പെടാനാവുമെന്നുറപ്പാണ്. വലിയ പൊളിച്ചെഴുത്ത് പോണ്ടിങ്ങിന് കീഴില്‍ പഞ്ചാബ് നടത്തുമെന്നുറപ്പാണ്.
നായകനായി രോഹിത് ശര്‍മയോ?
റിക്കി പോണ്ടിങ് നേരത്തെ മുംബൈ ഇന്ത്യന്‍സിനെ കപ്പടിപ്പിച്ച പരിശീലകനാണ്. രോഹിത് ശര്‍മ മുംബൈയുടെ നായകനായി അന്ന് മുംബൈ ടീമിലുണ്ടായിരുന്നു. പോണ്ടിങ്ങുമായി നല്ല ആത്മബന്ധം ഉള്ള താരമാണ് രോഹിത്. അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റി മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു. ഇതിന്റെ പേരില്‍ ടീം രണ്ട് തട്ടിലായതോടെ മുംബൈ ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. വരുന്ന സീസണില്‍ രോഹിത്തിനെ മുംബൈ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.
ഹാര്‍ദിക്കിനെ നിലനിര്‍ത്താനാണ് മുംബൈയുടെ നീക്കം. അങ്ങനെ വരുമ്പോള്‍ രോഹിത് ലേലത്തിലേക്കെത്തും. പഞ്ചാബ് കിങ്‌സ് രോഹിത്തിനെ നായകനാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. പോണ്ടിങ് ഇതിനായി ഇടപെടുമെന്ന കാര്യം ഉറപ്പാണ്. രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ പ്രീതി സിന്ദ ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റിനും താല്‍പര്യം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. രോഹിത്തിനായി കോടികള്‍ പഞ്ചാബ് മുടക്കാനാണ് സാധ്യത കൂടുതല്‍.

വലിയ പൊളിച്ചെഴുത്ത് ഉറപ്പ്
നിലവിലെ പഞ്ചാബിന്റെ നായകന്‍ ശിഖര്‍ ധവാനാണ്. ധവാനെയടക്കം ടീമിലെ പ്രധാനപ്പെട്ട താരങ്ങളെ ഉള്‍പ്പെടെ പഞ്ചാബ് ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ് എന്നിവരെയെല്ലാം പഞ്ചാബ് ഒഴിവാക്കാനാണ് സാധ്യത. ലിയാം ലിവിങ്‌സ്റ്റന്‍, അര്‍ഷ്ദീപ് സിങ്, അഷുതോഷ് ശര്‍മ, ശശാങ്ക് സിങ്, കഗിസോ റബാഡ എന്നിവരില്‍ നിന്ന് ആരെയൊക്കെയാവും പഞ്ചാബ് നിലനിര്‍ത്തുകയെന്നതാണ് അറിയേണ്ടത്.
കോടികള്‍ നല്‍കി ടീമിലെത്തിച്ച സാം കറെനെ പഞ്ചാബ് ഒഴിവാക്കിയേക്കും. അടുത്ത സീസണില്‍ പഞ്ചാബ് വലിയ അഴിച്ചുപണി നടത്തുമെന്നുറപ്പാണ്. സൂപ്പര്‍ താരങ്ങളെ റാഞ്ചാന്‍ പോണ്ടിങ്ങ് ശക്തമായ ഇടപെടല്‍ നടത്തുമെന്നുറപ്പാണ്. പരിശീലകനെന്ന നിലയില്‍ പോണ്ടിങ്ങിന് വലിയ അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ പോണ്ടിങ് മികച്ച ടീമിനെത്തന്നെ പഞ്ചാബിനായി തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കാം.
പഞ്ചാബ് ആരെയൊക്കെ നോട്ടമിടും
പഞ്ചാബ് കിങ്‌സ് അക്ഷര്‍ പട്ടേലിനെ ഡല്‍ഹിയില്‍ നിന്ന് സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ഡല്‍ഹി അക്ഷറിനെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. ലേലത്തിലേക്കെത്തിയാല്‍ പഞ്ചാബ് അക്ഷറിനായി രംഗത്തെത്തിയേക്കും. നേരത്തെ പഞ്ചാബിനായി കളിച്ചിട്ടുള്ള താരമാണ് അക്ഷര്‍. ഡല്‍ഹിയില്‍ നിന്ന് തന്നെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനേയും പഞ്ചാബ് നോട്ടമിട്ടേക്കും. മികച്ച ഓള്‍റൗണ്ടര്‍മാരെയും ഡല്‍ഹിക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിണിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരിലൊരാളെയാവും പഞ്ചാബ് നോട്ടമിടുക.
ഇതുവരെ കിരീടത്തിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല ടീമിന്റെ പല സീസണിലേയും പ്രകടനങ്ങള്‍ ശരാശരിക്ക് താഴെയാണ്. പോണ്ടിങ് എത്തുന്നതോടെ ടീമിന് തുടര്‍ച്ചയായി പ്ലേ ഓഫിലേക്കെത്താനാവുമെന്ന് പ്രതീക്ഷിക്കാം. രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിക്കാനായാല്‍ പഞ്ചാബിനത് മുതല്‍ക്കൂട്ടായി മാറുമെന്ന് നിസംശയം പറയാം. പോണ്ടിങ്-രോഹിത് കൂട്ടുകെട്ട് മുംബൈയെ കപ്പിലേക്കെത്തിക്കുമെന്ന് തന്നെ വിലയിരുത്താം.