ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ഇത്തവണ ആരാവും കപ്പ് നേടുകയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം.
ഐപിഎല്ലിന്റെ ചരിത്രം നോക്കുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പല മത്സരങ്ങളും കാണാനാവും. അവസാന ഓവറുകളിലേക്കും അവസാന പന്തിലേക്കും നീണ്ട ത്രില്ലറുകള്‍ക്കൊടുവില്‍ ജയം നേടിയ പല മത്സരങ്ങളും ഐപിഎല്ലിന്റെ ചരിത്രത്തില്‍ കാണാനാവും. ഇതില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത അവസാന പന്തില്‍ ടീം ജയം നേടിയ ചില മത്സരങ്ങളുണ്ട്. ഇത്തരത്തില്‍ അവസാന പന്തില്‍ വിജയം നേടിയ അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
റിങ്കുവിന്റെ കരുത്തില്‍ കെകെആര്‍ ജയിച്ചു
2023ലെ സീസണിലായിരുന്നു ഈ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. പന്തെറിഞ്ഞത് യഷ് ദയാല്‍. ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്‌ട്രൈക്ക് കൈമാറി. നേരിട്ട അഞ്ച് പന്തും സിക്‌സര്‍ പായിച്ച റിങ്കു കെകെആറിന് അത്ഭുത ജയം സമ്മാനിച്ചു. നിര്‍ണ്ണായകമായ അവസാന പന്തില്‍ റിങ്കു സിക്‌സര്‍ പറത്തി കെകെആറിനെ വിജയത്തിലേക്കെത്തിച്ചത് ഇന്നും ആരാധകര്‍ക്ക് മറക്കാനാവില്ല. റിങ്കു സിങ്ങിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്ന പ്രകടനമായിരുന്നു ഇതെന്ന് പറയാം.
മുംബൈ കെകെആറിനെ തോല്‍പ്പിച്ചു
2011ലെ മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റിന് 175 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 155. ലക്ഷ്മിപതി ബാലാജിയെറിഞ്ഞ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്നു. പന്തെറിഞ്ഞത് ജെയിംസ് ഫ്രാങ്ക്‌ലിന്‍ നാല് പന്തുകള്‍ തുടര്‍ച്ചയായി നാല് ബൗണ്ടറി നേടി അഞ്ചാം പന്തില്‍ അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് നല്‍കി. റായിഡു അവസാന പന്തിലെ സിക്‌സറിലൂടെ മുംബൈക്ക് ജയമൊരുക്കി.

ഗുജറാത്ത് പഞ്ചാബിനെ തോല്‍പ്പിച്ചു
2022ലെ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിങ്‌സ് മത്സരത്തിലും ഇത്തരമൊരു സൂപ്പര്‍ പോരാട്ടം കാണാനായി. രാഹുല്‍ തെവാത്തിയയുടെ മികവില്‍ ഗുജറാത്ത് പഞ്ചാബിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 171 റണ്‍സ്. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഒഡീന്‍ സ്മിത്തെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായി. രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടിലൂടെ അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ 12 റണ്‍സ്. രാഹുല്‍ തെവാത്തിയ ക്രീസില്‍. രണ്ട് തുടര്‍ സിക്‌സുകളിലൂടെ തെവാത്തിയ ഗുജറാത്തിന് അത്ഭുത ജയം നേടിക്കൊടുത്തു.
മുംബൈ പൂനെയെ തോല്‍പ്പിച്ചു
2017ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച മത്സരം മറക്കാനാവില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റിന് 129 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പൂനെ അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും എംഎസ് ധോണി, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം പുറത്താക്കി മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന പന്തില്‍ പൂനെക്ക് ജയിക്കാന്‍ വേണ്ടത് നാല് റണ്‍സായിരുന്നു. മൂന്ന് റണ്‍സ് ഓടിയെടുക്കാനുള്ള പൂനെയുടെ ഡാനിയല്‍ ക്രിസ്റ്റ്യാന്റേയും വാഷിങ്ടണ്‍ സുന്ദറിന്റേയും ശ്രമം പാളി. മൂന്നാം റണ്‍സിനായുള്ള ശ്രമത്തില്‍ സുന്ദര്‍ റണ്ണൗട്ടായി. മുംബൈ ഒരു റണ്‍സിന് ജയിച്ചു.
2019ലെ ഐപിഎല്‍ ഫൈനല്‍
2019ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് സിഎസ്‌കെയെ തോല്‍പ്പിച്ചത് ലാസ്റ്റ് ബോള്‍ ത്രില്ലറിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ ഏഴ് വിക്കറ്റിന് 148 റണ്‍സാണ് നേടിയത്. അവസാന പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്തില്‍ ലസിത് മലിംഗ ശാര്‍ദ്ദുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഒരു റണ്‍സ് ജയം മുംബൈക്കൊപ്പം.