ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഇനി കളി മാറുകയാണ്. ലീഗ് ഘട്ടത്തിനു ശേഷം ഇനി പ്ലേഓഫിലെ തീപാറും പോരാട്ടങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. സെമി ഫൈനലിനു തുല്യമായ ആദ്യ ക്വാളിഫയര്‍ ഇന്നു രാത്രി 7.30 മുതല്‍ പഞ്ചാബിലെ മുള്ളന്‍പൂരില്‍ നടക്കാനിരിക്കുകയാണ്. കന്നിക്കിരീടമെന്ന ലക്ഷ്യത്തിലേക്കു അടുക്കുന്ന പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് പോരാട്ടം.
ഇതില്‍ ജയിക്കുന്നവര്‍ക്കു ജൂണ്‍ മൂന്നിനു നടക്കാനിരിക്കുന്ന കലാശപ്പോരിനു യോഗ്യത നേടാം. എന്നാല്‍ തോല്‍ക്കുന്നവര്‍ക്കു ഒരവസരം കൂടിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയര്‍ അവര്‍ക്കു കളിക്കാം. അതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.
ഇതിനിടെ ആര്‍സിബി- പഞ്ചാബ് ആദ്യ ക്വാളിഫയറിലെ വിജയിയെക്കുറിച്ചുള്ള ഒരു പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ പോരാട്ടത്തിലെ വിജയിയെ മാത്രമല്ല പ്രധാന സ്‌കോറര്‍മാരെക്കുറിച്ചും ഇതില്‍ നല്‍കിയിച്ചുണ്ട്. ഈ പ്രവചനത്തെക്കുറിച്ചറിയാം.

വിജയമാര്‍ക്ക്?
ഐപിഎല്ലിന്റെ ആദ്യ ക്വാളിഫയറില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ നാണംകെടുത്തി രജത് പാട്ടിധാറിന്റെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിലേക്കു കുതിക്കുമെന്നാണ് വൈറലായിരിക്കുന്ന പ്രവചനം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിട്ടുള്ള ക്രിക്കറ്റുമായി ബന്ധപ്പെട്ട് സ്ഥിരമായി ട്വീറ്റ് ചെയ്യാറുള്ള രാജീവെന്ന (Rajiv) എന്ന യൂസറണാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
പഞ്ചാബിനെതിരേ 187 റണ്‍സിന്റെ കൂറ്റന്‍ വിജയം ആര്‍സിബി സ്വന്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ആര്‍സിബി ടീമിലെ നാലു താരങ്ങള്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുമെന്നും രാജീവ് പ്രവചിക്കുന്നു.
ഫില്‍ സാള്‍ട്ട് 26 ബോളില്‍ 74, വിരാട് കോലി 31 ബോളില്‍ 67, മായങ്ക് അഗര്‍വാള്‍ 13 ബോളില്‍ 20, രജത് പാട്ടിധാര്‍ 20 ബോളില്‍ 50, ജിതേഷ് ശര്‍മ 15 ബോളില്‍ 48, ടിം ഡേവിഡ് 15 ബോളില്‍ 53. ജോഷ് ഹേസല്‍വുഡ് 17 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുക്കും. ആര്‍സിബി 187 റണ്‍സിനു വിജയിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം എക്‌സിലൂടെ പ്രവചിച്ചത്.
മൂന്നാംതവണ നേര്‍ക്കുനേര്‍
ഈ സീസണിലെ ഐപിഎല്ലില്‍ ഇതു മൂന്നാം തവണയാണ് പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും അങ്കം കുറിക്കുന്നത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ഹോം- എവേ രീതികളിലായി ഓരോ തവണ രണ്ടു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയം വീതം പങ്കിടുകയായിരുന്നു.

ആര്‍സിബിയുടെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആദ്യ മല്‍സരം. മഴ ഹരം കെടുത്തിയ ഈ മല്‍സരം 14 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചപ്പോള്‍ പഞ്ചാബ് അഞ്ചു വിക്കറ്റിന്റെ അനായാസ ജയം പിടിച്ചെടുത്തു.
എന്നാല്‍ രണ്ടു ദിവസത്തിനകം പഞ്ചാബില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബി കണക്കുതീര്‍ത്തു. മുള്ളന്‍പൂരിലെ പോരാട്ടത്തില്‍ പഞ്ചാബിനെ ആര്‍സിബി അക്ഷരാര്‍ഥത്തില്‍ വാരിക്കളഞ്ഞു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് രജത് പാട്ടിധാറും സംഘവും ആഘോഷിച്ചത്.
അതേസമയം, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ രണ്ടു ടീമിനും വ്യക്തമായ ആധിപത്യം അവകാശപ്പെടാനില്ല. നേരിയ മുന്‍തൂക്കം പഞ്ചാബിനാണെന്നു പറയാം. 18 മല്‍സരങ്ങളിലാണ് അവര്‍ വെന്നിക്കൊടി പാറിച്ചത്. 17 മല്‍സരങ്ങളില്‍ ആര്‍സിബിയും ജയിച്ചുകയറി.